കോട മൂടിയ ഹിൽസ്റ്റേഷൻ, ഒപ്പം വെള്ളച്ചാട്ടവും ഡാമും; സഞ്ചാരികളെ ഇനി എന്ത് വേണം, ബാഗെടുത്ത് വിട്ടോളൂ
യാത്രയ്ക്കിറങ്ങുമ്പോൾ ഒരിടം മാത്രം കണ്ടുവരുന്നതിൽ ത്രില്ലുണ്ടോ? ഒറ്റപോക്കിൽ ഒരുപാട് സ്ഥാലങ്ങൾ കണ്ടുമടങ്ങാൻ സാധിക്കുമെങ്കിലോ? നിങ്ങൾ ഏതായിരിക്കുംതിരഞ്ഞെടുക്കുക. വേറിട്ട ഭൂപകൃതികൾ ഒരേ സമയം ആസ്വദിക്കാൻ പറ്റുന്ന ഒരു യാത്രയാണെങ്കിലോ, പോകാൻ തയ്യാറാണോ? അങ്ങനെയെങ്കിൽ പുനലൂർ കെഎസ്ആർടിസിയുടെ ഒരു കിടിലൻ പാക്കേജ് ഉണ്ട്. ഒറ്റയാത്രയിൽ ഹിൽസ്റ്റഷനും വെള്ളച്ചാട്ടവും ഡാമും ഒക്കെ കണ്ട് വരാൻ കഴിയുന്ന മനോഹരമായ ഒരു പാക്കേജ്.
ഒക്ടോബർ 27 നാണ് പാക്കേജ്, ഒറ്റദിവസം കൊണ്ട് പൊൻമുടിയും പേപ്പാറ ഡാമും മീൻമുട്ടി വെള്ളച്ചാട്ടവും നെയ്യാർ ഡാമും ഒക്കെ കണ്ടുവരാൻ കഴിയുന്ന തരത്തിലാണ് പാക്കേജ്. ഓരോ സ്ഥലത്തേയും കുറിച്ച് കുറിച്ച് അറിയാം

പൊൻമുടി ഹിൽസ്റ്റേഷൻ
തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് പൊൻമുടി. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ മുകളിലാണ് ഈ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കോടമൂടിയ ഹെയർപിൻ വളവുകൾ താണ്ടി മുകളിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അതിലും മനോഹരമായ കാഴ്ചകളാണ്. ഇവിടുത്തെ മലനിരകളും ചെറുകുന്നുകളും താഴ്വരകളുമെല്ലാം ഏതൊരു സഞ്ചാരിയുടേയും മനസ് നിറയ്ക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
മീൻമുട്ടി വെള്ളച്ചാട്ടം
പൊൻമുടിയിലേക്ക് പോകുന്ന വഴിയിലാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നെയ്യാർ റിസർവോയറിന് മുകളിലാണ് ഈ വെളളച്ചാട്ടം. തിരുവനന്തപുരത്ത് നിന്നും ഏകദേശം 45 കിമി ദൂരമുണ്ടെങ്കിലും പോകുന്നത് ഒരിക്കലുമൊരു നഷ്ടമാകില്ല. ഇനി ട്രെക്കിങ് പ്രേമികളാണ് നിങ്ങളെങ്കിൽ വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് ഒരു ട്രെക്കിങ്ങ് റൂട്ടുമുണ്ട്.
നെയ്യാർ ഡാം
ഡാമിലെ കാഴ്ചകൾ ചിലർക്ക് താത്പര്യം ഉണ്ടാകില്ല. എന്നാൽ പശ്ചിമഘട്ടത്തിൻറെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഡാമുകളിൽ ഒന്നായ നെയ്യാർ നിങ്ങളുടെ ഈ ചിന്ത മാറ്റിയെടുക്കും. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 30 കിമി ദൂരത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ കാഴ്ചകൾക്കൊപ്പം തന്നെ ഇവിടെ എത്തുന്നവർക്ക് ഡാമിൽ ബോട്ടിങ്ങിനുള്ള സൗകര്യം കൂടിയുണ്ട് കേട്ടോ.
പേപ്പാറ ഡാം
തിരുവനന്തപുരത്ത് കരമന നദിയിലാണ് പേപ്പാറ ഡാം നിർമ്മിച്ചിരിക്കുന്നത്. പേപ്പാറ വന്യജീവി സങ്കേതത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. അതിനാൽ കാടും വന്യജീവികളേയുമെല്ലാം കാണാൻ ഇഷ്ടപ്പെടുന്നവർക്ക് പേപ്പറയിലേക്കുള്ള യാത്ര ഒരു നഷ്ടമായിരിക്കില്ല. വേഴാമ്പൽ അടക്കമള്ള പക്ഷികളെ സഞ്ചാരികൾക്ക് ഇവിടെ കാണാൻ സാധിക്കും. ചെലവ് എത്ര
ഈ ഏകദിന യാത്രയ്ക്ക് 740 രൂപയാണ് ചെലവ്. കൂടുതൽ വിവരങ്ങൾക്ക് - 9495430020, 9946761145, 6238044211


Click it and Unblock the Notifications