പൂജാ അവധി ഗോവയിൽ; ചെലവ് കുറഞ്ഞ പാക്കേജുമായി ഐആർസിടിസി, ബീച്ചുകൾ, ഷോപ്പിങ്, പൊളിക്കാം
ദസറയുടെ അവധി ഇങ്ങെത്തിക്കഴിഞ്ഞു. കുറഞ്ഞ ചിലവിൽ നാട് വിട്ടൊരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഐ ആർ സി ടി സിയുടെ ഗോവ പാക്കേജ് തിരഞ്ഞെടുക്കാം. എല്ലാ വെള്ളിയാഴ്ചകളിലും ബാംഗ്ലൂരിൽ നിന്നാണ് ഐ ആർ സി ടിയുടെ പാക്കേജ് ഉള്ളത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പാക്കേജിൽ നോർത്ത് ഗോവയിലേയും സൗത്ത് ഗോവയിലേയും പ്രശസ്തമായ ബീച്ച് കാഴ്ചകളെല്ലാം ആസ്വദിക്കാം. പാക്കേജിനെ കുറിച്ച് അറിയാം.
യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വൈകീട്ട് മൂന്ന് മണിയോടെയാണ് യാത്ര പുറപ്പെടുന്നത്. രണ്ടാം ദിവസം രാവിലെ 5 ഓടെ വാസ്കോഡാ ഗാമ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങും. നോർത്ത് ഗോവയിലായിരിക്കും താമസ സൗകര്യങ്ങൾ ഒരുക്കുക. പ്രഭാതഭക്ഷണം പൂർത്തിയാക്കിയ ശേഷം ആദ്യം സന്ദർശിക്കുക ഗോവയിലെ പ്രശസ്തമായ അഗ്വാഡ കോട്ടയിലാണ്. സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട ഇടമാണ് അഗ്വാഡ കോട്ട. പാരാസെയിലിംഗ്, ജെറ്റ് സ്കീയിംഗ്, വിൻഡ്‌സർഫിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾ സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം. കോട്ടയ്ക്കുള്ളിലെ ലൈറ്റ് ഹൗസിൽ നിന്നും നോക്കിയാൽ കടൽതീരത്തിന്റെ വിശാലമായ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.

അഗ്വാഡയിൽ നിന്നും നേരെ പോകുന്നത് ബീച്ച് കാഴ്ചകളിലേക്കാണ്. കാലൻഗുട്ട ,അഞ്ജുന, വാഗറ്റർ ബീച്ചുകളാണ് സന്ദർശിക്കുക. ഇതിന് ശേഷം തിരികെ ഹോട്ടലിലേക്ക് തിരിക്കും. മൂന്നാം ദിനം പ്രഭാത ഭക്ഷണത്തിന് ശേഷം സൗത്ത് ഗോവയിലേക്കാണ് പോകുക. പുരാതനമായ പള്ളികൾ, പ്രസിദ്ധമായ മാംഗേഷി ക്ഷേത്രം, മിരാമർ ബീച്ച് എന്നിവയാണ് മൂന്നാം ദിവസം സന്ദർശിക്കുക. മൂന്നാം ദിവസത്തെ പ്രധാന ആകർഷണം മണ്ഡോവി നദിയിലൂടെയുള്ള ബോട്ട് ക്രൂയിസ് യാത്രയാണ്. കാലാവസ്ഥ അനുകൂലമായാൽ മാത്രമായിരിക്കും യാത്ര ഉണ്ടാകുക.
നാലാം ദിനം പ്രഭാത ഭക്ഷണത്തിന് ശേഷം ചെക്കൗട്ട് ചെയ്യും. പിന്നീടുള്ള മണിക്കൂറുകൾ നിങ്ങൾക്ക് ആഘോഷമാക്കാം. രാത്രി എട്ടോടെ ഹോട്ടലിൽ നിന്നും പിക്ക് ചെയ്ത് റെയിൽവേസ്റ്റഷനിൽ ഇറക്കും. 10.55 നാണ് നാട്ടിലേക്കുള്ള ട്രെയിൻ. അടുത്ത ദിവസം ഉച്ചയ്ക്ക് 12.35 ഓടെ ബാംഗ്ലൂരിൽ തിരിച്ചെത്താം.
സിംഗിൾ ഷെയറിംഗിന് 37,600 രൂപയാണ് പാക്കേജ് തുക. ഡബിൾ ഷെയറിങ്ങിന് 20,550 രൂപയും ട്രിപ്പിൾ ഷെയറിങ്ങിന് 16,310 രൂപയും നൽകണം. 15 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് (വിത്ത് ബെഡ്) 11,330 രൂപയാണ് പാകേജ് തുക. കൂടുതൽ വിവരങ്ങൾക്ക് -https://www.irctctourism.com/












Click it and Unblock the Notifications