യാത്ര മാറ്റിവച്ചോ? പണം നഷ്ടപ്പെടാതെ കണ്‍ഫേം ടിക്കറ്റ് മാറ്റിയെടുക്കാം: റെയില്‍വേയുടെ വമ്പന്‍ പ്രഖ്യാപനം
മുന്‍കൂട്ടി നിശ്ചയിക്കുന്ന യാത്രകള്‍ അവസാനം നിമിഷം മാറിപ്പോകുന്നത് പതിവാണ്. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ അവധിക്കാല യാത്രകള്‍ ഉള്‍പ്പെടെ മാറ്റിവയ്‌ക്കേണ്ടി വരും. ഇന്ത്യയില്‍ ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ഇത് പലപ്പോഴും വലിയ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
അപ്രതീക്ഷിതമായി യാത്ര മാറ്റിവയ്ക്കുമ്പോള്‍ നിലവില്‍ കണ്‍ഫേം ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുകയും പുതിയ തീയതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും വേണം. റദ്ദാക്കുന്ന ടിക്കറ്റിന് റെയില്‍വേ പിഴ ചുമത്തുകയും ചെയ്യും. ഇങ്ങനെ യാത്രക്കാരുടെ കയ്യില്‍ നിന്ന് നല്ലൊരു തുകയാണ് നഷ്ടപ്പെടുന്നത്.
ഉദാഹരണത്തിന്, ട്രെയിന്‍ പുറപ്പെടുന്നതിന് 48 മുതല്‍ 12 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍, കണ്‍ഫേം ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം നഷ്ടപ്പെടും. പുറപ്പെടുന്നതിന് 12 മുതല്‍ നാലു മണിക്കൂര്‍ മുമ്പ് റദ്ദാക്കിയാല്‍, പിഴ വളരെ കൂടുതലാണ്. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞാല്‍, യാത്രക്കാര്‍ക്ക് പലപ്പോഴും ടിക്കറ്റിന് റീഫണ്ട് ലഭിക്കില്ല.

അടുത്ത വര്‍ഷം ജനുവരി മുതല്‍ യാത്രക്കാരുടെ കണ്‍ഫേം ട്രെയിന്‍ ടിക്കറ്റ് യാതൊരു പിഴയും ഇല്ലാതെ ഓണ്‍ലൈനായി മാറ്റാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പുതിയ തീരുമാനം യാത്രകള്‍ പുനക്രമീകരിക്കേണ്ടി വരുന്ന ദശലക്ഷക്കണക്കിന് ട്രെയിന്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും.
നിലവിലുള്ള സംവിധാനം അന്യായമാണെന്നും യാത്രക്കാര്‍ക്കും വേണ്ടിയുള്ളത് അല്ലെന്നും റെയില്‍വേ മന്ത്രി പ്രതികരിച്ചു. യാത്രക്കാര്‍ക്ക് അനുകൂലമായ പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതേസമയം പുതിയ തീയതിക്ക് കണ്‍ഫോം ടിക്കറ്റ് ലഭിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. അത് സീറ്റിന്റെ ലഭ്യത ആശ്രയിച്ചാണ് ഇരിക്കുന്നത്. പുതിയ ടിക്കറ്റിന്റെ വില കൂടുതലാണെങ്കില്‍ യാത്രക്കാര്‍ ആ നിരക്ക് വ്യത്യാസം നല്‍കേണ്ടിവരും. ട്രെയിന്‍ യാത്രകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദം ആക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യന്‍ റെയിവേയുടെ സുപ്രധാന ചുവടുവയ്പ്പാണിത്.












Click it and Unblock the Notifications