സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റെയില്‍വേയുടെ കിടിലന്‍ ടൂര്‍ പാക്കേജ്; 10 ദിവസ യാത്ര: നിരക്കുകള്‍
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച പാക്കേജുകള്‍ ആണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇത്തരം ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ഈ യാത്രകള്‍.
ഇപ്പോഴിതാ, സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി റെയില്‍വേ സ്വര്‍ണിം ഭാരത് യാത്ര എന്ന പേരില്‍ 10 ദിവസത്തെ ടൂര്‍ പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാണ് സ്വര്‍ണിം ഭാരത് യാത്ര നടത്തുന്നത്. ഓഗസ്റ്റ് 14 ന് ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഈ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാധാന്യവും മഹത്വവും അടുത്തറിയാനുള്ള ഒരു സുവര്‍ണാവസരമാണ് ഈ ട്രെയിന്‍ സര്‍വീസ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായും പൈതൃകവുമായും ബന്ധപ്പെട്ട ചരിത്രപരമായ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്ര. ഒന്‍പത് രാത്രികളും 10 ദിവസവും നീണ്ടുനില്‍ക്കുന്നതാണ് യാത്ര. 150 വിനോദസഞ്ചാരികള്‍ക്ക് യാത്രയ്ക്ക് അവസരമുണ്ടാകും.
മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ അഹമ്മദാബാദിലെ സബര്‍മതി ആശ്രമമാണ് സ്വര്‍ണിം ഭാരതയാത്രയുടെ ആദ്യ ലക്ഷ്യ സ്ഥാനം. തുടര്‍ന്ന് ട്രെയിന്‍ 15-ാം നൂറ്റാണ്ടിലെ സങ്കീര്‍ണമായ നിര്‍മിതിയായ അദലാജ് സ്റ്റെപ്പ്വെല്‍ സന്ദര്‍ശിക്കും. അഹമ്മദാബാദ് നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും ചരിത്ര സ്മാരകവുമായ അദാലജ് സ്റ്റെപ്പ്‌വെല്‍ (പടവ് കിണര്‍) ആണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണം.
തുടര്‍ന്ന് പുരാതനമായ സൂര്യക്ഷേത്രത്തിന് പേരുകേട്ട മൊധേരയിലേക്കും യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റാണി കി വാവിന്റെ ആസ്ഥാനമായ പടാനിലേക്കും യാത്ര തുടരും.
ഗുജറാത്തിലെ കെവാഡിയയില്‍ നിര്‍മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയും സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് യാത്ര പൂനെയിലേക്ക് പോകുന്നു, അവിടെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ നാഴികക്കല്ലായ ആഗാ ഖാന്‍ കൊട്ടാരവും ഭീമശങ്കര്‍ ജ്യോതിര്‍ലിംഗം പോലുള്ള പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കും.
ഛത്രപതി സംഭാജിനഗറില്‍ (പഴയ ഔറംഗബാദ്) യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള അജന്ത, എല്ലോറ ഗുഹകള്‍, ഘൃഷ്ണേശ്വര്‍ ജ്യോതിര്‍ലിംഗം എന്നിവ സന്ദര്‍ശിക്കും. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഝാന്‍സി കോട്ട, ഓര്‍ച്ചയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവ സന്ദര്‍ശിച്ചാണ് ടൂര്‍ അവസാനിക്കുന്നത്.
ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനില്‍ ഫസ്റ്റ് എസി, സെക്കന്‍ഡ് എസി, തേര്‍ഡ് എസി ക്ലാസുകള്‍ ഉള്‍പ്പെടുന്നു. ഡൈനിംഗ് കാറുകള്‍, ഷവര്‍ ക്യൂബിക്കിളുകള്‍, സെന്‍സര്‍ അധിഷ്ഠിത വാഷ്റൂമുകള്‍, ഫൂട് മസാജറുകള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഈ ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നു. 24 മണിക്കൂര്‍ സിസിടിവി നിരീക്ഷണവുമുണ്ട്.
ഡല്‍ഹി സഫ്ദര്‍ജംഗ്, ഗുഡ്ഗാവ്, റെവാരി, റിങ്കാസ്, ഫുലേര, അജ്മീര്‍ എന്നിവിടങ്ങളില്‍ ബോര്‍ഡിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്.
ഐആര്‍സിടിസി ടൂര്‍ നിരക്കുകള്‍ -
71,585 രൂപ (3എസി)
81,675 രൂപ (2എസി),
94,845 രൂപ (1എസി ക്യാബിന്‍)
1,01,430 രൂപ (1എസി കൂപ്പെ) എന്നിങ്ങനെയാണ് നിരക്കുകളെന്ന് റെയില്‍വേ അറിയിച്ചു. ഇതില്‍ ട്രെയിന്‍ യാത്ര, ത്രീ സ്റ്റാര്‍ ഹോട്ടല്‍ താമസം, വെജിറ്റേറിയന്‍ ഭക്ഷണം, എസി വാഹനങ്ങളിലെ സൈറ്റ് സീയിങ് ഇന്‍ഷുറന്‍സ്, ഐആര്‍സിടിസി ടൂര്‍ മാനേജര്‍ എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications