ഒറ്റ പാക്കേജില്‍ രാമേശ്വരം, തിരുപ്പതി, മധുര, കന്യാകുമാരി യാത്രയുമായി റെയില്‍വേ; കേരളത്തിലും സ്‌റ്റോപ്പ്
ചരിത്രം കഥ പറയാന്‍ വെമ്പുന്ന ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര. ഭക്തിയും ശാന്തിയും അതുല്യമായ വാസ്തുവിദ്യയും സമ്മേളിക്കുന്ന ഇടങ്ങള്‍. ക്ഷേത്ര ദര്‍ശനം മനസ് തണുപ്പിക്കുന്നതിനൊപ്പം വിനോദ യാത്രയുടെ ആവേശവും പകരുന്ന 10 ദിന യാത്ര. തിരമാലകള്‍ ചൊല്ലുന്ന കഥ കേട്ട് തീരങ്ങളില്‍ കാല്‍ പതിപ്പിച്ച് മടങ്ങാം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനില്‍ ഒരുക്കുന്ന തീര്‍ത്ഥാടന ടൂറിസം പാക്കേജ് ഭക്തര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു പോലെ ആകര്‍ഷകമായ പാക്കേജാണ്.
രാമേശ്വരം-തിരുപ്പതി ദക്ഷിണ ദര്‍ശന യാത്ര എന്നു പേരിട്ടിരിക്കുന്ന യാത്ര ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നാണ് ആരംഭിക്കുന്നത്. ലോകപ്രശസ്തമായ വെങ്കിടേശ്വര സ്വാമി ക്ഷേത്രം കണ്ട് യാത്ര തുടങ്ങുമ്പോള്‍ തന്നെ ഊര്‍ജം ശരീരത്തിലേക്കു നിറയും. അതിന് ശേഷം വാസ്തുവിദ്യാ സൗന്ദര്യത്തിന് പേരുകേട്ട ദേവി പത്മാവതി ക്ഷേത്രവും സന്ദര്‍ശിക്കാന്‍ അവസരമുണ്ട്.

ഒന്‍പത് രാത്രികളും 10 ദിവസവും നീണ്ടുനില്‍ക്കുന്ന ഈ യാത്ര നവംബര്‍ ഏഴിന് ആരംഭിച്ച് നവംബര്‍ 16 ന് അവസാനിക്കും. ഇത് ദക്ഷിണേന്ത്യയുടെ ആത്മീയ പാരമ്പര്യവും പ്രൗഡിയും പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഭക്തനും വിനോദ സഞ്ചാരിക്കും ലഭിക്കുന്ന സുവര്‍ണാവസരമാണ്.
തിരുപ്പതി കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലെ രാമേശ്വരമാണ് അടുത്ത ലക്ഷ്യസ്ഥാനം. ഇവിടെ ശിവന് സമര്‍പ്പിച്ചിരിക്കുന്ന രാമനാഥസ്വാമി ക്ഷേത്രം ആദ്യം സന്ദര്‍ശിക്കും. തുടര്‍ന്ന് ദുരന്തങ്ങള്‍ വേട്ടയാടിയ പ്രേതനഗരമായ ധനുഷ്‌കോടി പര്യവേക്ഷണം ചെയ്യാനും കഴിയും. ഒരു കാലത്ത് മനുഷ്യര്‍ സന്തോഷത്തോടെ ജീവിച്ചുവന്ന ധനുഷ്‌കോടിയുടെ ഇന്നത്തെ കാഴ്ച്ചകള്‍ സഞ്ചാരികളുടെ ഹൃദയം തകര്‍ക്കും.
അവിടെ നിന്ന് തമിഴ്നാടിന്റെ സാംസ്‌കാരിക ഹൃദയമായ മധുരയിലേക്കാണ് ട്രെയിന്‍ യാത്ര. അത്യന്ത്യം സങ്കീര്‍ണമായ വാസ്തുവിദ്യയും അത്ഭുതപ്പെടുത്തുന്ന ശില്‍പങ്ങളും ഉയരമുള്ള ഗോപുരങ്ങളുമുള്ള മീനാക്ഷി അമ്മന്‍ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. ദ്രാവിഡ വാസ്തുവിദ്യയുടെ മാസ്റ്റര്‍പീസാണ് ഈ ക്ഷേത്രം.
തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നീ മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനത്തുള്ള വിവേകാനന്ദ പാറ സ്മാരകവും ഗാന്ധി മണ്ഡപവും തലയുയര്‍ത്തി നില്‍ക്കുന്ന കന്യാകുമാരിയിലേക്ക് യാത്ര തുടരുന്നു. കന്യാകുമാരി ക്ഷേത്രവും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം.
തിരുവനന്തപുരമാണ് അവസാന സ്റ്റോപ്പ്. ഇവിടെ പത്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനം സാധ്യമാണ്. തുടര്‍ന്ന് ശാന്തമായ തീരങ്ങള്‍ക്കും മനോഹരമായ സൂര്യാസ്തമയ കാഴ്ചകള്‍ക്കും പേരുകേട്ട കോവളം ബീച്ചില്‍ വിശ്രമിക്കാം.
നവംബര്‍ ഏഴിനാണ് യാത്ര ആരംഭിക്കുന്നത്. അവസാനിക്കുന്നത് നവംബര്‍ 16-നും. യാത്രയും വിശ്രമവും സന്തുലിതമാക്കിയാണ് യാത്രാ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് സ്ലീപ്പര്‍ ക്ലാസിന് 18,040 രൂപയാണ്. 3എസി - 30,370 രൂപ, 2എസി - 40,240 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. 5-11 വയസുള്ള കുട്ടികള്‍ക്ക് സ്ലീപ്പര്‍ ക്ലാസിന് 16,890 രൂപ, 3എസി 29,010 രൂപ, 2എസി - 38,610 എന്നിങ്ങനെയാണ് നിരക്ക്. ട്രെയിന്‍ യാത്ര, ഭക്ഷണം, താമസം, പ്രാദേശിക ട്രാന്‍സ്ഫറുകള്‍, സൈറ്റ്‌സീയിങ് എന്നിവ അടങ്ങുന്നതാണ് പാക്കേജ്. യാത്രക്കാര്‍ക്ക് എസി, നോണ്‍-എസി ഓപ്ഷനുകള്‍ ലഭ്യമായ ബജറ്റ് ഹോട്ടലുകളില്‍ താമസസൗകര്യവും നല്‍കുന്നുണ്ട്. സസ്യാഹാരം മാത്രമാണ് യാത്രയിലുടനീളം ലഭിക്കുന്നത്.












Click it and Unblock the Notifications