രാജസ്ഥാനും ഗോവയും 12 ദിവസം കൊണ്ട് കറങ്ങി വരാം, അതും കുറഞ്ഞ ചെലവിൽ;ഐആർസിടിസി പാക്കേജ് ഇതാ
കൊച്ചി: ഗോവയിലേയും രാജസ്ഥാനിലേയും 28 സ്ഥലങ്ങൾ, അതും 12 ദിവസത്തെ യാത്ര, പോയാലോ? അധികം മെനക്കെടാതെ തന്നെ സഞ്ചാരികൾക്ക് മിക്ക സ്ഥലങ്ങളും കണ്ട് ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള പാക്കേജ് ഐ ആർ സി ടി സിയാണ് അവതരിപ്പിച്ചിരിക്കുന്നത്.റോയൽ രാജസ്ഥാൻ വിത്ത് ഗോവ എന്നാണ് പാക്കേജിന്‌റെ പേര്. കേരളത്തിൽ നിന്നും കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്നതാണ് പാക്കേജ്.യാത്ര, താമസം, സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായി അറിയാം.
ഫെബ്രുവരി 21 നാണ് യാത്ര ആരംഭിക്കുന്നത്. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ,ഷൊർണൂർ,തിരൂർ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിൻ കയറാൻ സാധിക്കും. രണ്ടാം ദിവസത്തെ യാത്ര പൂർണമായും ട്രെയിനിലാണ്. മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് യാത്ര രാജസ്ഥാനിലെ ജയ്പൂരിൽ എത്തും. അന്ന് ഫ്രഷ് ആയി യാത്ര ക്ഷീണം തീർത്ത് നാലാം ദിവസം മുതലാണ് സ്ഥലം കണ്ട് തുടങ്ങുക.

സിറ്റി പാലസ്, ആമെര് ഫോർട്ട്, ഹവാ മഹൽ എന്നിവിടങ്ങളാണ് ഈ ദിവസങ്ങളിൽ കാണുക. 25 ന് പ്രഭാത ഭക്ഷണത്തിന് ശേഷം നേരെ അജ്മീറിലേക്ക്. രാവിലെ അജ്മീറിലെ കാഴ്ച കഴിഞ്ഞാൽ, ഉച്ചയോടെ പുഷ്കറിൽ. രാത്രി ബിക്കാനീരിലേക്ക് പോകും. പിറ്റേന്ന് കർണി മാതാ ക്ഷേത്രം, ജുനാഗഡ് കോട്ട എന്നിവിടങ്ങൾ കണ്ട് രാത്രിയോടെ ജയ്സാൽമീറിലേക്ക് തിരിക്കും.
27 ന് ജയ്സാൽമീറിൽ കോട്ട, പട്വോൺ കി ഹവേലി, സാം ഡ്യൂൺസ്, കുൽദാര ഗ്രാമം, എന്നിവ സന്ദർശിക്കും. രാത്രിയോട് ജോധ്പൂരിലേക്ക്. അന്ന് താമസവും ജോധ്പൂരിലാണ്. രാവിലെ ഭക്ഷണം കഴിച്ച് മെഹ്റാൻഗഡ് കോട്ട, ഉമൈദ്ഭവൻ എന്നിവിടങ്ങൾ കണ്ട് രാത്രിയോടെ ഉദയ്പൂരിന് പോകും. 29 ന് മഹാറാണ പ്രതാപ് മെമ്മോറിയൽ, ഫത്തേ സാഗർ തടാകം എന്നിവ സന്ദർശിക്കും. രാത്രിയോടെ ഹോട്ടലിലേക്ക്. പിറ്റേന്ന് രാവിലെ സിറ്റി പാലസ്, പിച്ചോള തടാകം, സുഖാദിയ സർക്കിൾ, സഹോലിയോം കി ബാരി എന്നീ സ്ഥലങ്ങൾ കണ്ട് രാത്രിയോടെ റെയിൽവേസ്റ്റേഷനിലേക്ക്. നേരെ മഡ്ഗോവയിലേക്കാണ് യാത്ര.
മൂന്നിന് രാവിലെയോടെ ഗോവയിൽ എത്തും. ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ, മംഗുഷി ക്ഷേത്രം , വൈകീട്ടോടെ കോൾവ ബീച്ച് എന്നിവ സന്ദർശിക്കും.രാത്രി മഡ്ഗോവൻ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങും. നാലാം തിയതി വൈകിട്ടോടെ കൊച്ചുവേളിയിൽ എത്തും.
സ്റ്റാൻഡേർഡ് കാറ്റഗറിയിൽ സ്ലീപ്പർ ക്ലാസിൽ മുതിർന്നവർക്ക് 25,500 രൂപയും കുട്ടികൾക്ക് 23,790 രൂപയുമാണ് ചാർജ്. കംഫോർട്ട് ക്ലാസിൽ എസി ത്രീ ടയറിൽ മുതിർന്നവർക്ക് 37,310 രൂപയും കുട്ടികൾക്ക് 35,600 രൂപയും. കൂടുതൽ വിവരങ്ങൾക്ക്-https://www.irctctourism.com/pacakage_description?packageCode=SZBG14












Click it and Unblock the Notifications