കടലും കായലും മാത്രമല്ല, കേരളത്തിലെ ട്രെക്കിങും പൊളിയാണ്, റാണിപുരം മുതൽ അഗസ്ത്യാര്‍കൂടം വരെ
യാത്രകൾ എന്നും രസം പകരുന്നവയാണ്. പുതിയ ഇടങ്ങൾ തേടി, പുതിയ കാഴ്ചകള്‍ കണ്ടുള്ള പോക്ക് നമ്മെ വീണ്ടും വീണ്ടും യാത്ര ചെയ്യാൻ പ്രേരിപ്പിക്കും. അതേസമയം ട്രെക്കിങ് ആണെങ്കിൽ അത് നമ്മളെ ശാരീരികമായും മാനസീകമായും പുനരുജ്ജീവിപ്പിക്കുന്നു. കാടും മലകളും കടന്ന്, പുതിയ ഇടങ്ങളിലേക്ക് കയറിച്ചെല്ലുന്ന ട്രെക്കിങ് നല്കുന്ന ഊർജം മറ്റൊരു യാത്രകൾക്കും നല്കാനാവില്ല.
നമ്മുടെ കേരളത്തിൽ തന്നെ സഞ്ചാരികൾ തേടിയെത്തുന്ന നിരവധി ട്രെക്കിങ് ലക്ഷ്യസ്ഥാനങ്ങൾ ഉണ്ട്. ഏറ്റവും കടുപ്പമേറിയ അഗസ്ത്യാർകൂടം ട്രെക്കിങ് മുതൽ മേഘങ്ങളെ അവയുടെ അടുത്ത് ചെന്ന് കാണാൻ സാധിക്കുന്ന മീശപ്പുലിമല ട്രെക്കിങ് വരെ നിരവധി ട്രെക്കിങ് സ്പോട്ടുകൾ ഉണ്ട്. ഇതാ ഒരിക്കലെങ്കിലും പോയിരിക്കേണ്ട കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിങ് സ്ഥലങ്ങൾ നോക്കാം.

റാണിപുരം
കാസർകോഡുകാരുടെ ഊട്ടിയാണ് റാണിപുരം. പച്ചപ്പും കോടമഞ്ഞും നിറഞ്ഞു നിൽക്കുന്ന വഴികളിലൂടെ പുല്‍മേടും ചോലവനങ്ങളും കണ്ട് നടന്നെത്തുന്ന വഴികളാണ് റാണിപുരത്തിന്‍റെ പ്രത്യേകത. സമുദ്രനിരപ്പിൽ നിന്നും 780 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരം കണ്ണൂര്, കാസർകോഡ് ജില്ലകളിൽ നിന്ന് ഒറ്റ ദിവസത്തെ ട്രെക്കിങ്ങിന് പറ്റിയ ഇടമാണ്. പാണത്തൂർ റൂട്ടിൽ പനത്തടി എന്ന സ്ഥലത്തു നിന്നാണ് ഇവിടേക്ക് പോകേണ്ടത്. ഇവിടുന്ന് ഒൻപത് കിലോമീറ്ററാണ് റാണിപുരത്തേയ്ക്ക് ദൂരം. ഈ റൂട്ടിലൂടെയുള്ള ബൈക്ക് റൈഡും സഞ്ചാരികൾക്ക് പ്രിയമാണ്.
മീശപ്പുലിമല
കേരളത്തിൽ ഏറ്റവും പേരുകേട്ട ട്രെക്കിങാണ് ഇടുക്കിയിലെ മീശപ്പുലിമലയിലേക്കുള്ളത്. ഓഫ് റോഡ് യാത്രയും രാത്രിയിലെ ക്യാംപിങ്ങും പിന്നെ പുലർച്ചെയുള്ള ട്രെക്കിങ്ങും ആണ് ഇവിടെ ആസ്വദിക്കാനുള്ളത്. കേരളത്തിലെ ഉയരമേറിയ രണ്ടാമത്തെ കൊടുമുടിയിലേക്കുള്ള യാത്ര ഒട്ടും മോശമല്ല. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി വഴി 24 കിലോമീറ്റർ വന്നാൽ മീശപ്പുലിമല ബേസ് ക്യാംപിൽ എത്തും. ഇവിടുന്ന് ട്രെക്കിങ് സ്റ്റാര്‍ട്ടിങ് പോയിന്‍റ് ആയ റോഡോ വാലിയിലേക്ക് ഓഫ്റോഡ് യാത്രയുണ്ട്. റോഡോ വാലിയിൽ രാത്രി താമസിച്ച് പുലർച്ചെ ട്രെക്കിങ് പോകുന്ന രീതിയാണുള്ളത്.
വെള്ളരിമല
രാവും പകലും വനത്തിലൂടെ സഞ്ചരിച്ചുള്ള വെള്ളരിമല ട്രെക്കിങ് കേരളത്തിലെ ഏറ്റവും സാഹസിക യാത്രകളിലൊന്നാണ്. സമുദ്രനിരപ്പിൽ നിന്നും 2339 മീറ്റർ ഉയരത്തിലുള്ല വാവുൽമലയിലേക്കുള്ള യാത്രയാണ് വെള്ളരിമല ട്രെക്കിങ്ങിന്‍റെ ആകർഷണം. കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന വെള്ളരിമല യാത്രയിൽ വെളിച്ചം പോലും കടന്നുവരാത്ത വനത്തിലൂടെ വേണം പോകുവാന്, കാടിനുള്ളിലെ ഒത്തിരി കാഴ്ചകൾ ഈ യാത്രയിൽ ആസ്വദിക്കാം.
അഗസ്ത്യാർകൂടം ട്രെക്കിങ്
ട്രെക്കിങ് പ്രേമികളുടെ സ്വപ്ന യാത്രകളിലൊന്നാണ് അഗസ്ത്യാർകൂടത്തിന്‍റെ നിറുകയിലേക്കുള്ള യാത്ര. ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിങ് എന്നു മാത്രമല്ല, പ്രകൃതിയുടെ കഠിനമായ പരീക്ഷണങ്ങൾ താണ്ടി ഒരു രാത്രി വനത്തിനുള്ളില് കഴിഞ്ഞൊക്കെയ മാത്രമേ ഈ യാത്ര പൂർത്തിയാക്കാനാവൂ. ആകെ 40 കിലോമീറ്റർ ദൂരമാണ് ഇതിൽ സഞ്ചരിക്കേണ്ടത്. വർഷത്തിൽ നിശ്ചിത ദിവസങ്ങളിൽ മാത്രമേ ഈ ട്രെക്കിങ് ഉള്ളൂ. അല്ലാത്തപ്പോൾ വനംവകുപ്പിൻ നിന്നള്ള പ്രത്യേത അനുമതി നേടി പോകാം.
ഇത്കൂടാതെ ചെമ്പ്ര ട്രെക്കിങ്, പൈതല് മല, തുശാരഗിരി വെള്ളച്ചാട്ടം ട്രെക്കിങ്, ചൊക്രമുടി ട്രെക്കിങ്, പാലക്കാട് ധോണി ഹിൽസ് ട്രെക്കിങ്, തുടങ്ങിയവയും കേരളത്തിലെ പ്രസിദ്ധമായ ട്രെക്കിങ്ങുകളാണ്.












Click it and Unblock the Notifications