എങ്ങ് നോക്കിയാലും മഴയും കാടും കോടയും , കേരളത്തിലെ ഈ ഹിൽ സ്റ്റേഷനുകളിലേക്ക് ഇപ്പോൾ തന്നെ വിടാം
മഴ, കോടമഞ്ഞ്, പച്ചപ്പ്, പ്രകൃതി ഭംഗി ഇത് തന്നെയാണ് ഈ സമയത്ത് ട്രെക്കിങ് പ്രേമികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. കണ്ടാലും കണ്ടാലും മതിവരാത്തത്രയും നിരവധി ഹിൽസ്റ്റേഷനുകൾ ഈ സമയത്ത് സന്ദർശിക്കാൻ ഉണ്ട്. ഇവയിൽ തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട ചില ഹിൽ സ്റ്റേഷനുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ഗവി
പത്തനംതിട്ട ജില്ലയിലെ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ഗവി ഈ മഴക്കാലത്ത് അതിന്റ പൂർണഭംഗിയിൽ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്താണ് ഗവി. കോടയും പച്ചപ്പുമെല്ലാം ഒരുപോലെ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. 90 കിമിയോളം കാട്ടിലൂടെയുള്ള യാത്രയാണ് ഗവിയിലേക്കുള്ള പ്രധാന ആകർഷണം. പോകുന്ന വഴിയിൽ വന്യമൃഗങ്ങളേയും കാണാം. പെരിയാർ തടാകത്തിലെ ബോട്ട് യാത്രയും ആസ്വദിച്ച് മടങ്ങാം.

പൊൻമുടി
തിരുവനന്തപുരം ജില്ലയിൽ നിന്നും ഏകദേശം 60 കിമി സഞ്ചരിച്ചാൽ പൊൻമുടിയിലെത്താം. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ 'ഗോൾഡൻ പീക്ക്' എന്നറിയപ്പെടുന്ന ഈ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 12 ഓളം ഹെയർപിൻ വളവുകൾ താണ്ടിയാണ് ഇവിടെ എത്തേണ്ടത്. ഓഗസ്റ്റിൽ കോടമഞ്ഞും മഴയും പൊൻമുടിയെ സ്വപ്നതുല്യമായ ഇടമാക്കി മാറ്റുന്നു.
നെല്ലിയാമ്പതി
പാലക്കാട് ജില്ലയിലെ നെൻമാറയിൽ നിന്നും 25 കിമി സഞ്ചരിച്ചാൽ നെല്ലിയാമ്പതിയിൽ എത്താം. സമുദ്രനിരപ്പിൽ നിന്നും 1572 മീറ്റർ ഉയരത്തിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. യാത്ര തന്നെയാണ് ലക്ഷ്യസ്ഥാനം എന്നത് അന്വർത്ഥമാക്കുന്ന ഇടമാണ് നെല്ലിയാമ്പതി. അവിടെ എത്തിയാൽ അല്ല, അവിടേക്കുള്ള യാത്ര തന്നെയാണ് നെല്ലിയാമ്പതിയുടെ ഏറ്റവും വലിയ ആകർഷണം. ഓഗസ്റ്റിൽ കോടമഞ്ഞിന്റെ പശ്ചാത്തലത്തിൽ അതീവ സുന്ദരമാണ് ഈ ഹിൽസ്റ്റേഷൻ.
ഇല്ലിക്കൽ കല്ല്
കോട്ടയം ജില്ലയിലെ ആനക്കല്ലിൽ നിന്നും ഏഴ് കിമി അകലെയാണ് ഇല്ലിക്കൽ കല്ല്. സമുദ്രനിരപ്പിൽ നിന്നും 3400 അടി ഉയരത്തിലാണ് ഈ സ്ഥലം. മൂന്ന് കുന്നുകളാൽ ചുറ്റപ്പെട്ട ഇല്ലിക്കൽ കല്ല്, ട്രെക്കിങ് പ്രേമികളുടെ ഇഷ്ട സ്ഥലമാണ്. മഞ്ഞിന്റെ പശ്ചാത്തലത്തിൽ മനോഹരമായ കാഴ്ചയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇല്ലിക്കൽകല്ല് ഒരുക്കുന്നത്.ഇലവീഴാപൂഞ്ചിറയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ ഒരേ യാത്രയിൽ രണ്ട് സ്ഥലങ്ങളും സന്ദർശിക്കാം.
ഇലവീഴാപൂഞ്ചിറ
കോട്ടയം ജില്ലയിലെ മേലുകാവിൽ നിന്ന് 20 കിമീ അകലെയാണ് ഇലവീഴാപൂഞ്ചിറ. 'ഇലകൾ വീഴാത്ത താഴ്‌വര' എന്നർത്ഥം വരുന്ന ഇലവീഴാപൂഞ്ചിറ സമുദ്രനിരപ്പിൽ നിന്നും 3200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റിൽ ഇവിടെ സൂര്യോദയവും സൂര്യാസ്തമയവും കോടമഞ്ഞിന്റെ പശ്ചാത്തലത്തിൽ അവിസ്മരണീയമാണ്.
റാണിപുരം
കാസർഗോഡ് ജില്ലയിലാണ് ഈ ട്രെക്കിങ് സ്പോട്ട് സ്ഥിതി ചെയ്യുന്നത്. പനത്തടിയിൽ നിന്ന് 45 കിമി അകലം സമുദ്രനിരപ്പിൽ നിന്നും 750 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിന്റെ വടക്കേ അറ്റത്താണ് റാണിപുരത്തിന്റെ സ്ഥലം. ഷോല വനങ്ങളും പുൽമേടുകളും നിറഞ്ഞ ഒരു ഹിൽ സ്റ്റേഷൻ, ഓഗസ്റ്റിൽ പ്രകൃതിയെ അതിന്റെ ഏറ്റവും സുന്ദര ഭാവത്തിൽ സഞ്ചാരികൾക്ക് ആസ്വദിക്കാം. തനിച്ച് മലകയറുന്നതിനേക്കാൾ രസം കൂട്ടമായുള്ള മലകയറ്റമാണ്. അത്ര കഠിനമായ ട്രെക്കിങ് അല്ല. എങ്കിലും അട്ടകടി ഏൽക്കാതിരിക്കാനുള്ള കാര്യങ്ങളെല്ലാം മുൻകൂട്ടി കൈയ്യിൽ കരുതാം. മുകളിലേക്കുള്ള യാത്രയിൽ ഇടയ്ക്കിടെ കോടയും മഴയും മാറിമാറി വരും. മുകളിലെത്തുമ്പോഴുള്ള കാഴ്ച യാത്രയോളം തന്നെ മനോഹരമായിരിക്കും.
പൈതൽമല
സമുദ്രനിരപ്പിൽ നിന്നും 1372 മീറ്റർ (4500 അടി) ഉയരത്തിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ സാഹസിക സഞ്ചാരികളുടേയും ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടേയും പ്രിയ ഇടമാണ്. ഷോല വനങ്ങളും പുൽമേടുകളും കോടമഞ്ഞും നിറഞ്ഞ പ്രകൃതിയാണ് ഈ സമയത്ത് സഞ്ചാരികൾക്ക് ആസ്വദിക്കാനാകുക.












Click it and Unblock the Notifications