വിദേശ യാത്ര ചെയ്യുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന; ഇഷ്ട രാജ്യങ്ങളുടെ പട്ടിക
വിനോദ യാത്രകള്‍ ഇഷ്ടപ്പെടുന്ന രാജ്യക്കാരില്‍ മുന്‍പന്തിയിലാണ് ഇന്ത്യക്കാര്‍. വിദേശത്തേക്ക് വിനോദ യാത്രകള്‍ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും സമീപകാലത്തായി കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. മോസ്‌കോ, വിയറ്റ്‌നാം, ജപ്പാന്‍, ദക്ഷിണ കൊറിയ, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ഒഴുകുന്നത്.
അവധിക്കാലത്ത് ആഭ്യന്തര യാത്രകള്‍ പോലെ തന്നെ വിദേശത്തേക്ക് വിനോദ യാത്രകള്‍ നടത്തുന്ന ഇന്ത്യക്കാര്‍ നിരവധിയാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് അസര്‍ബൈജാനിലേക്കും തുര്‍ക്കിയിലേക്കും പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. പക്ഷേ ഈ നേട്ടം മുതലാക്കിയത് റഷ്യയാണ്. ഈ വര്‍ഷം മോസ്‌കോയാണ് വിനോദസഞ്ചാര മേഖലയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ നഗരം.

2025ന്റെ ആദ്യ പകുതിയില്‍ റഷ്യന്‍ തലസ്ഥാനത്തേക്ക് പോയ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം 40800 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനത്തിന്റെ വര്‍ധനയാണിത്. ഇവിടെത്തന്നെ പ്രീമിയം ഹോട്ടലുകളില്‍ ബുക്ക് ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം ആറു ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനാണ് റഷ്യ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം ആദ്യത്തെ എട്ടു മാസങ്ങളില്‍ വിയറ്റ്‌നാമിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 443000 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 42.2 ശതമാനം കൂടുതലാണിത്. സമാനമായ രീതിയില്‍ തായ്‌ലന്റിലേക്കും വലിയ ഒഴുക്കുണ്ട്. ജപ്പാനും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി ഉയര്‍ന്നു വരികയാണ്. ജപ്പാന്‍ നാഷണല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്റെ പ്രാഥമിക ഡാറ്റ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ രാജ്യത്തേക്ക് 233,400 ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36.6% വര്‍ധന. ജോര്‍ജിയയില്‍ 103,968 ഇന്ത്യന്‍ സഞ്ചാരികളെത്തി.












Click it and Unblock the Notifications