മൂന്നാറിനോട് കട്ടക്ക് നിൽക്കുന്ന റോസ്മല, പാലരുവി കണ്ട് തെൻമലയിലേക്ക് പോകാം; പാക്കേജ്
തിരുവനന്തപുരം: ഈ മഴക്കാലത്ത് കാടും മലയും വെള്ളച്ചാട്ടവുമൊക്കെ കണ്ടില്ലെങ്കിൽ പിന്നെ എപ്പോൾ കാണാനാണ് അല്ലേ? അപ്പോൾ വേഗം തന്നെ ബാഗ് തയ്യാറാക്കിക്കോളൂ, അത്തരത്തിലൊരു കിടിലൻ യാത്രയൊരുക്കുകയാണ് കെഎസ്ആർടിസിയുടെ പത്തനംതിട്ട ബജറ്റ് ടൂറിസം സെൽ. ഒക്ടോബർ 2 നാണ് യാത്ര. റോസ്മലയിലേക്കാണ് യാത്ര. കൂടാതെ പാലരുവിയും തെന്മലയും കണ്ട് മടങ്ങാം. കുറഞ്ഞ ചിലവിൽ ആനവണ്ടിയിലൂടെയുള്ള യാത്രയെ കുറിച്ച് കൂടുതലറിയാം
റോസ്മല
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തിലാണ് റോസ്മല. ആര്യങ്കാവിൽ നിന്ന് 12 കിലോമീറ്റർ ഓഫ് റോഡ് യാത്ര ചെയ്താലാണ് റോസ്മലയിൽ എത്തുക.ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെയാണ് യാത്ര. വനത്തിനുള്ളിലൂടെയുള്ള ഈ വഴികളിലെല്ലാം ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളുമൊക്കെ കാണാം കേട്ടോ. മുകളിലെത്തിയാൽ റോസ്മല വ്യൂ പോയിന്റിൽ നിന്നും പരപ്പാർ ഡാമിനുള്ളിലെ പച്ചത്തുരുത്തുകൾ കാണാനാകും.

പാലരുവി
കൊല്ലം ജില്ലയിൽ ആര്യങ്കാവിന് അടുത്താണ് പാലരുവി വെള്ളച്ചാട്ടം . ഇന്ത്യയിലെ തന്നെ നാലാമത്തെ വലിയ വെള്ളച്ചാട്ട പാലരുവി 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു പതിക്കുന്നത്. പാറക്കെട്ടുകൾക്കിടയിലൂടെയാണ് വെള്ളച്ചാട്ടത്തിന് അടുത്തെത്തേണ്ടത്. എന്നാൽ പാല് പോലെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാണുമ്പോൾ മനസും ശരീരവുമെല്ലാം ഒരു പോലെ സന്തോഷിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പലപ്പോഴും വെള്ളച്ചാട്ടത്തിലേക്ക് ആളുകൾ എടുത്ത് ചാടാറുണ്ടെങ്കിലും ഇവിടെ ഇറങ്ങുമ്പോൾ അതീവ ശ്രദ്ധപുലർത്തണം. പ്രത്യേകിച്ച മഴക്കാലത്ത്. കാരണം പുഴയിൽ നീരൊഴുക്ക് കൂടുന്നത് അപകടം സൃഷ്ടിക്കും. അതിനാൽ അനുമതിയോട് കൂടി മാത്രമേ ഇവിടെ ഇറങ്ങാനാകു.
തെന്മല
പാലരുവി കാഴ്ച കണ്ട് കഴിഞ്ഞാൽ അടുത്ത യാത്ര നേരെ തെൻമലയിലേക്കാണ്. കൊല്ലം ജില്ലയിലെ പുനലൂർ -ചെങ്കോട്ട റൂട്ടിലാണ് തെൻമല അണക്കെട്ട് ഉള്ളത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്.
ഇത്രയൊക്കെ കാണാൻ ഉണ്ടെങ്കിൽ പിന്നെ എന്തിന് യാത്ര പോകാൻ മടിക്കണം അല്ലേ? കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കെ എസ് ആർ ടി സി പത്തനംതിട്ട നമ്പറിൽ ബന്ധപ്പെടാം. ഫോൺ: 0468 2222366. മൊബൈൽ - 9495752710, 9995332599, 6238309941, 9605057444












Click it and Unblock the Notifications