ഒരു ദിവസത്തേക്ക് 400 രൂപ; റെയില്‍വേ സ്‌റ്റേഷനില്‍ താമസിക്കാം; യാത്രക്കാര്‍ക്കായി ക്യാപ്‌സ്യൂള്‍ ഹോട്ടല്‍
ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷന് സമീപം തന്നെ കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കി വിശാഖപട്ടണം റെയില്‍വേ സ്റ്റേഷന്‍. കിടക്കാന്‍ സൗകര്യമുള്ള സ്ലീപ്പിങ് പോഡുകള്‍ ഉള്‍ക്കൊള്ളുന്ന ക്യാപ്‌സ്യൂള്‍ ഹോട്ടലാണ് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സ്റ്റേഷനിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
യാത്രക്കാര്‍ക്ക് താങ്ങാനാകുന്നതും സുഖപ്രദവുമായ താമസ സൗകര്യം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. നിലവിലുള്ള ഹോട്ടലുകളില്‍ മുറികള്‍ ലഭ്യമല്ലാത്തതിനാലും അമിതമായ നിരക്ക് ഈടാക്കുന്നുവെന്ന പരാതി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ക്യാപ്‌സ്യൂള്‍ ഹോട്ടല്‍ ആരംഭിച്ചത്.

റെയില്‍വേ സ്റ്റേഷനിലെ ഗേറ്റ് നമ്പര്‍ മൂന്നിലെ പ്ലാറ്റ്‌ഫോം നമ്പര്‍ വണ്ണിലാണ് ഈ സൗകര്യം ഉള്ളത്. യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെതന്നെ സ്ലീപ്പിങ് പോഡ് സൗകര്യം ലഭിക്കും. യാത്രക്കാര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
88 കിടക്കകളാണ് ഈ ക്യാപ്‌സ്യൂള്‍ ഹോട്ടലില്‍ ഉള്ളത്. 73 സിംഗിള്‍, 15 ഡബിള്‍, സ്ത്രീകള്‍ക്കായി 18 എണ്ണം എന്നിങ്ങനെയാണ് സ്ലീപ്പിങ് പോഡുകള്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേകം കുളിമുറിയും ഡ്രസിങ് റൂമും ഉണ്ട്. ലഗേജ് വെക്കാനും പ്രത്യേകം ഇടമുണ്ട്.
24 മണിക്കൂറും ചൂട് വെള്ളം ലഭിക്കും. സൗജന്യ വൈഫൈ, ആധുനിക ശുചിമുറികള്‍, ഡ്രസിങ് റൂം, ഇന്‍ഹൗസ് ബാര്‍ വിനോദസഞ്ചാരികളെയും യാത്രക്കാരെയും സഹായിക്കുന്നതിനായി യാത്രാ ഡെസ്‌ക് എന്നിവ ഉള്‍പ്പെടുന്നതാണ് ക്യാപ്‌സ്യൂള്‍ ഹോട്ടല്‍.
മൂന്നു മണിക്കൂര്‍ വരെ ഇവിടെ ചെലവിടാന്‍ 200 രൂപയാണ് സിംഗിള്‍ ബെഡിന് ഈടാക്കുന്നത്. 24 മണിക്കൂറിന് 400 രൂപയുമാണ്. ഡബിള്‍ ബെഡുകള്‍ക്ക് മൂന്നു മണിക്കൂറിന് 300 രൂപയും 24 മണിക്കൂറിനു 600 രൂപയുമാണ് നിരക്ക്.
തീര്‍ത്ഥാടകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി പതിവായി വിശാഖപട്ടണത്ത് എത്തുന്നവര്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ ക്യാപ്‌സ്യൂള്‍ ഹോട്ടല്‍ ഏറെ സൗകര്യപ്രദമായിരിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
യാത്രക്കാരുടെ ആവശ്യം അനുസരിച്ച് ഓണ്‍ലൈന്‍ ബുക്കിങ് വൈകാതെ ആരംഭിക്കും എന്നാണ് സൂചനകള്‍. റെയില്‍വേ നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ ക്യാപ്‌സ്യൂള്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുക. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടായിരിക്കും.
താമസ സൗകര്യത്തിനായുള്ള യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് ഈ സംരംഭം ആരംഭിച്ചതെന്ന് വാള്‍ട്ടയര്‍ ഡിവിഷണല്‍ ജനറല്‍ മാനേജര്‍ ലളിത് ബോറ അറിയിച്ചു. ചില മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ നടപ്പാക്കിയ മാതൃകയില്‍ നിന്നാണ് വാള്‍ട്ടെയര്‍ ഡിവിഷന്‍ ഈ പദ്ധതി ഒരു പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കിയിരിക്കുന്നത്.












Click it and Unblock the Notifications