ശബരിമല സ്‌പെഷ്യല്‍ തീവണ്ടിക്ക് 2 അധിക സ്റ്റോപ്പുകള്‍; എത്തുന്നത് പുലര്‍ച്ചെ, എല്ലാ ശനിയാഴ്ചയും
കൊച്ചി: നന്ദേഡ്-കൊല്ലം ശബരിമല സ്‌പെഷ്യല്‍ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ആവണീശ്വരത്തും കൊട്ടാരക്കരയിലുമാണ് സ്റ്റോപ്പുകള്‍. 07111/07112 ഈ നമ്പറിലുള്ള ട്രെയിനുകളാണ് രണ്ടിടത്തും നിര്‍ത്തുക. നന്ദേഡില്‍ നിന്ന് എല്ലാ വ്യാഴാഴ്ചകളിലും പുറപ്പെടുന്ന 07111 നന്ദേഡ്-കൊല്ലം എക്‌സ്പ്രസ് ആവണീശ്വരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 01.25നും കൊട്ടാരക്കരയില്‍ 01.33നും എത്തും.
കൊല്ലത്ത് നിന്ന് എല്ലാ ശനിയാഴ്ചകളിലും പുറപ്പെടുന്ന 07112 കൊല്ലം-നന്ദേഡ് എക്‌സ്പ്രസ് കൊട്ടാരക്കരയില്‍ രാവിലെ 06.10നും ആവണീശ്വരത്തില്‍ 06.25നും എത്തിച്ചേരും. ഈ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ റെയില്‍വേ മന്ത്രിക്ക് കൊടിക്കുന്നില്‍ സുരേഷ് എംപി കത്ത് നല്‍കിയിരുന്നു, അതിന് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തിരുപ്പതി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും ഈ സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. ശബരിമല സീസണിലും സാധാരണ യാത്രക്കാരുടെയും ദീര്‍ഘകാല ആവശ്യത്തിന് ഇതുവഴി പരിഹാരമുണ്ടാകുമെന്ന് എംപി അറിയിച്ചു.
റിസര്‍വേഷന്‍ ചാര്‍ട്ട് 10 മണിക്കൂര്‍ മുമ്പ് അറിയാം
ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തി. ഇനിമുതല്‍, യാത്രക്കാര്‍ക്ക് അവരുടെ ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നില പുറപ്പെടുന്നതിന് 10 മണിക്കൂര്‍ മുമ്പേ അറിയാനാകും. യാത്രാ അനിശ്ചിതത്വം കുറച്ച് കാര്യക്ഷമമായ ആസൂത്രണത്തിന് ഇത് സഹായിക്കും.
റെയില്‍വേ ബോര്‍ഡ് ആദ്യമായാണ് ചാര്‍ട്ട് തയ്യാറാക്കുന്ന ഷെഡ്യൂള്‍ പുതുക്കുന്നത്. നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് കേവലം നാല് മണിക്കൂര്‍ മുമ്പ് മാത്രമാണ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഒരുക്കിയിരുന്നത്. ഇത് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടെ അവസാന നിമിഷം വരെ ആശങ്കയിലാക്കിയിരുന്നു.
പുതിയ സമയക്രമം അനുസരിച്ച്, രാവിലെ 5 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തലേദിവസം രാത്രി 8 മണിക്കകം തയ്യാറാക്കും. ഇതോടെ രാവിലെയുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ സ്ഥിതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കും.
ഉച്ചയ്ക്ക് 2:01 നും രാത്രി 11:59 നും ഇടയിലുള്ളവയ്ക്കും, അര്‍ദ്ധരാത്രി 12 മണിക്കും പുലര്‍ച്ചെ 5 മണിക്കും ഇടയിലുമുള്ള ട്രെയിനുകള്‍ക്കും ചാര്‍ട്ട് പുറപ്പെടുന്നതിന് 10 മണിക്കൂര്‍ മുമ്പ് ഒരുക്കും.
അവസാന നിമിഷത്തെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഈ പരിഷ്‌കരണം അനിവാര്യമാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇത് ഏറെ ഗുണകരമാകും. പുതുക്കിയ സമയക്രമം ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ റെയില്‍വേ ബോര്‍ഡ് എല്ലാ സോണല്‍ ഡിവിഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications