യുഎഇ, ഖത്തര്‍, സൗദി അറേബ്യ... പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഈ രാജ്യത്തേക്ക് പോകാന്‍ വിസ വേണ്ട
ദുബായ്: ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഫ്രീ യാത്ര അടുത്തിടെയാണ് ചൈന പ്രഖ്യാപിച്ചത്. വിദേശികളെ കൂടുതല്‍ ആകര്‍ഷിച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിശ്ചിത കാലത്തേക്കാണ് ഈ ഇളവ് മിക്ക രാജ്യങ്ങളും നല്‍കുക. യാത്രക്കാര്‍ കൂടുതലാണെങ്കില്‍ കാലാവധി നീട്ടുകയും ചെയ്യും. ജിസിസി പൗരന്മാര്‍ എത്തുന്നത് നേട്ടമാകുമെന്ന് ചൈന കണക്കുകൂട്ടുന്നു.
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന അറുപതോളം രാജ്യങ്ങളുണ്ട്. ഫിലിപ്പിന്‍സ്, വിയറ്റ്‌നാം, ഖത്തര്‍ എല്ലാം ഇതില്‍പ്പെടും. എന്നാല്‍ ചൈനയില്‍ നിന്ന് വ്യത്യസ്തമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അര്‍മേനിയ. ജിസിസി രാജ്യങ്ങളിലെ എല്ലാവര്‍ക്കും വിസയില്ലാതെ രാജ്യത്തേക്ക് വരാമെന്നാണ് പ്രഖ്യാപനം. കൂടുതല്‍ അറിയാം...

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങള്‍ ചേര്‍ന്നതാണ് ജിസിസി. ഇവിടെ ഒരു കോടിയോളം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്കെല്ലാം നേട്ടമാകുന്നാണ് അര്‍മേനിയയുടെ പുതിയ പ്രഖ്യാപനം. കാരണം, ജിസിസി പൗരന്മാര്‍ക്ക് മാത്രമല്ല താമസക്കാര്‍ക്കും വിസയില്ലാതെ വരാമെന്ന് അര്‍മേനിയ പറയുന്നു.
ആവശ്യമുള്ള രേഖ ഇതാണ്
ജൂലൈ 1 മുതലാണ് പുതിയ ഇളവ് നല്‍കുക. ആറ് മാസം കാലാവധിയുടെ ജിസിസി താമസ രേഖയാണ് ആവശ്യം. ഓണ്‍ലൈന്‍ വഴി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും സൗകര്യമുണ്ട്. വിസയില്ലാതെ എത്തുന്നവര്‍ക്ക് തുടര്‍ച്ചയായി 90 ദിവസം അര്‍മേനിയയില്‍ താമസിക്കാം. വര്‍ഷത്തില്‍ 180 ദിവസം താമസിക്കാനും അനുമതിയുണ്ട്. അതായത്, ഇടയ്ക്കിടെ അര്‍മേനിയയില്‍ പോകുകയും മൊത്തം 180 ദിവസം താമസിക്കുകയും ചെയ്യാമെന്ന് ചുരുക്കം.
തണുപ്പ് നിലനില്‍ക്കുന്ന കാലാവസ്ഥയാണ് അര്‍മേനിയയിലേത്. ഇവിടെ ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ സ്മാരകങ്ങളും നിര്‍മിതികളുമുണ്ട്. വലിയ തോതില്‍ ചെലവില്ലാത്ത രാജ്യം കൂടിയാണിത്. മഞ്ഞുമലയിലൂടെയുള്ള യാത്രകളും അര്‍മേനിയയിലെ ആകര്‍ഷണമാണ്. ജിസിസിയിലെ വേനല്‍ അവധി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അര്‍മേനിയ തിരഞ്ഞെടുക്കാമെന്ന് അര്‍മേനിയന്‍ ടൂര്‍ ഏജന്‍സികള്‍ പറയുന്നു.
മൂന്ന് ജിസിസി രാജ്യക്കാര്‍ക്ക് നേരത്തെ ഇളവ്
യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ വരാന്‍ 2017 മുതല്‍ അര്‍മേനിയ അനുമതി നല്‍കിയിട്ടുണ്ട്. ഖത്തര്‍ പൗരന്മാര്‍ക്ക് 2019 മുതലും കുവൈത്ത് പൗരന്‍മാര്‍ക്ക് 2022 മുതലും ഈ ഇളവുണ്ട്. എന്നാല്‍ ഇപ്പോള്‍ ആറ് ജിസിസി രാജ്യങ്ങളിലെയും പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാനും വ്യാപാരം മെച്ചപ്പെടുത്താനും അര്‍മേനിയ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗം കൂടിയാണ് പുതിയ ഇളവ്.
സൗത്ത് ഏഷ്യയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നുമുള്ള ജിസിസിയിലെ പ്രവാസികള്‍ അര്‍മേനിയ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. പ്രകൃതി ഭംഗി തന്നെയാണ് അര്‍മേനിയയുടെ ആകര്‍ഷണം. കൂടുതല്‍ വിദേശികള്‍ എത്തുന്നതോടെ വിപണി സജീവമാകുമെന്നും ജോലി അവസരം കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്നും അര്‍മേനിയന്‍ ഭരണകൂടം കരുതുന്നു. ഏറെ കാലം സാമ്പത്തിക ഞെരുക്കത്തിലായിരുന്ന അര്‍മേനിയ പതിയെ പച്ചപിടിച്ചുവരുന്ന രാജ്യമാണ്.












Click it and Unblock the Notifications