ട്രെയിനിൽ മുതിർന്ന പൗരൻമാർക്ക് ലോവർ ബെർത്ത് ഉറപ്പാക്കാം; ഇങ്ങനെ ബുക്ക് ചെയ്യാം
മുതിർന്ന പൗരൻമാർക്ക് ട്രെയിനിൽ ബുക്ക് ചെയ്യുമ്പോൾ പലപ്പോഴും ലോവർ ബെർത്ത് കിട്ടാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിൽ ബുക്ക് ചെയ്താൽ ആ പ്രശ്നം പരിഹരിക്കാമെന്ന് പറയുകയാണ് ഒരു ടിടിഇ. ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
'അടുത്തിടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം ഇന്ത്യൻ റെയിൽവെ പരിഷ്കരിച്ചിരുന്നു. ഇതോടെ മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എളുപ്പമായിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് ഒഴിവുണ്ടെങ്കിൽ അത് അവർക്ക് സ്വയമേ ലഭിക്കും.

പുതിയ സംവിധാനമനുസരിച്ച്, "ലോവർ ബെർത്ത് ലഭ്യമെങ്കിൽ മാത്രം ബുക്ക് ചെയ്യുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ യാത്രക്കാർക്ക് സാധിക്കും. ലോവർ ബെർത്ത് ലഭ്യമല്ലെങ്കിൽ അപേക്ഷ റദ്ദാക്കപ്പെടും.
ഒഴിവുകളുണ്ടെങ്കിൽ ഈ വിഭാഗത്തിലുള്ളവർക്ക് ലോവർ ബെർത്ത് നൽകാൻ ടി.ടി.ഇമാർക്ക് റെയിൽവേ നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള ക്വാട്ട പ്രയോജനപ്പെടുത്തി ലോവർ ബെർത്ത് ലഭിക്കണമെങ്കിൽ, ഒരു ബുക്കിങ്ങിൽ പരമാവധി രണ്ട് യാത്രക്കാർക്ക് മാത്രമേ ബുക്ക് ചെയ്യാൻ പാടുള്ളൂ. രണ്ടിലധികം പേരെ ഒരേ ബുക്കിങ്ങിൽ ചേർക്കുകയാണെങ്കിൽ ഈ ക്വാട്ട ആനുകൂല്യം നഷ്ടമാകുമെന്നും വീഡിയോയിൽ ടിടിഇ വ്യക്തമാക്കുന്നുണ്ട്.
കുട്ടികൾക്കൊപ്പമാണോ ട്രെയിൻ യാത്ര ? ഇക്കാര്യങ്ങൾ അറിയാം
ക്രിസ്മസ്, പുതുവർഷ അവധിക്കാലത്തേക്കുള്ള ടിക്കറ്റ് ബുക്കിങ്ങുകൾ റെയിൽവെ ആരംഭിച്ചതോടെ പല കുടുംബങ്ങളും ടിക്കറ്റ് ബുക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ട്. സ്കൂൾ അവധിയായതിനാൽ സ്വാഭാവികമായും ഈ സീസണിൽ തിരക്ക് കൂടും. എന്തായാലും കുട്ടികളേയും കൊണ്ടാണ് യാത്രക്ക് പ്ലാൻ ചെയ്യുന്നതെങ്കിൽ മാതാപിതാക്കൾ താഴെപറയുന്ന കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നത് ഗുണം ചെയ്യും
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇവർക്ക് പ്രത്യേക ബെർത്ത് ആവശ്യമില്ല. അഞ്ച് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് പ്രത്യേക ബെർത്തോ സീറ്റോ ആവശ്യമില്ലെങ്കിൽ കുട്ടികളുടെ ടിക്കറ്റ് നിരക്ക് മതിയാകും. എന്നാൽ, ഇവർക്ക് പ്രത്യേക ബെർത്തോ സീറ്റോ വേണമെങ്കിൽ മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് നൽകണം. പന്ത്രണ്ട് വയസ്സിനും അതിന് മുകളിലുമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് തന്നെയാണ് ഈടാക്കുന്നത്.
ആധാർ ലിങ്ക് ചെയ്യണം
ഐആർസിടിസി അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് മാത്രമായിരിക്കും ഇനി മുതൽ രാവിലെ 8 മുതൽ 10 വരെ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് റെയിൽവെ. ആധാർ വെരിഫിക്കേഷൻ ഇല്ലാത്ത ഉപയോക്താക്കൾക്ക് ഈ സമയപരിധിക്ക് പുറത്ത് ടിക്കറ്റുകൾ വാങ്ങാൻ അവസരമുണ്ടാകും. നേരത്തെ, തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ആധാർ പരിശോധന കഴിഞ്ഞ വ്യക്തികൾക്ക് മാത്രമേ വാങ്ങാൻ കഴിയൂ എന്ന് ഐആർസിടിസി അറിയിച്ചിരുന്നു. പുതിയ മാറ്റങ്ങൾ റിസർവേഷൻ സംവിധാനത്തിൽ കൂടുതൽ സുതാര്യതയും ക്രമീകരണങ്ങളും കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റെയിൽവെ അറിയിച്ചു.












Click it and Unblock the Notifications