തീര്‍ത്ഥാടകരുടെ മനസ് നിറയ്ക്കുന്ന യാത്ര; ശ്രീ രാമായണ യാത്രയുമായി റെയില്‍വേ; നിരക്ക് ഇങ്ങനെ
തീര്‍ത്ഥാടകരുടെ മനസ് നിറയ്ക്കുന്ന ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ. പോക്കറ്റ് അധികം കീറാതെ ഇന്ത്യയിലെ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ ഒരുമിച്ചുകാണാന്‍ കഴിയുന്ന ടൂര്‍ പാക്കേജാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) അവതരിപ്പിക്കുന്നത്.
ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് 'ശ്രീ രാമായണ യാത്ര' വീണ്ടും ആരംഭിക്കുന്നത്. ഐആര്‍സിടിസി നേതൃത്വം നല്‍കുന്ന ഈ പ്രത്യേക തീര്‍ത്ഥാടന യാത്ര മാര്‍ച്ച് 30-ന് ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പുറപ്പെടുന്നത്. ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനില്‍ നടത്തുന്ന ഈ യാത്ര ആകെ 17 ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ നേപ്പാളിലെ പ്രധാന ആരാധനാലയങ്ങളും ഈ യാത്രയുടെ ഭാഗമായി സന്ദര്‍ശിക്കാന്‍ സാധിക്കും. ഏകദേശം 7,560 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.

യാത്രയുടെ ആദ്യ ഘട്ടത്തില്‍ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം, ഹനുമാന്‍ ഗര്‍ഹി, രാം കി പൈഡി എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് നന്ദിഗ്രാം, ബിഹാറിലെ സീതാമര്‍ഹി എന്നിവിടങ്ങളില്‍ എത്തിയ ശേഷം റോഡ് മാര്‍ഗം നേപ്പാളിലെ ജാനക്പുരിലുള്ള രാം ജാനകി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരെ കൊണ്ടുപോകും. ഇതിനു ശേഷം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, തുളസി മാനസ് ക്ഷേത്രം, ഗംഗാ ആരതി എന്നിവയും പ്രയാഗ്രാജ്, ശൃംഗവേര്‍പൂര്‍, ചിത്രകൂട് എന്നീ സ്ഥലങ്ങളും സന്ദര്‍ശിക്കും. യാത്രയുടെ തെക്കന്‍ ഭാഗത്ത് നാസിക്കിലെ പഞ്ചവടിയും ത്ര്യംബകേശ്വര്‍ ക്ഷേത്രവും ഹംപിയും സന്ദര്‍ശിച്ച ശേഷം രാമേശ്വരത്താണ് യാത്ര അവസാനിക്കുന്നത്.
യാത്രയ്ക്കായി ഉപയോഗിക്കുന്ന ഭാരത് ഗൗരവ് ട്രെയിനില്‍ അത്യാധുനിക സൗകര്യങ്ങളുണ്ട്. ഒരു ഹോട്ടല്‍ പോലെയാണ് സജ്ജീകരണം. ട്രെയിനില്‍ രണ്ട് ഭക്ഷണശാലകള്‍, ആധുനിക അടുക്കള, കുളിക്കാനുള്ള ഷവര്‍ ക്യുബിക്കിളുകള്‍, സെന്‍സര്‍ ഘടിപ്പിച്ച വാഷ്‌റൂമുകള്‍, കാല്‍ മസാജ് ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഓരോ കോച്ചിലും സിസിടിവി ക്യാമറകളും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും. എസി ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 150 ഓളം യാത്രക്കാര്‍ക്കാണ് ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കുന്നത്.
വിവിധ വിഭാഗങ്ങള്‍ക്കായി വ്യത്യസ്ത നിരക്കുകളാണ് ഐആര്‍സിടിസി നിശ്ചയിച്ചിരിക്കുന്നത്. എസി മൂന്നാം ക്ലാസില്‍ ഒരാള്‍ക്ക് ഏകദേശം 1,11,630 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. എസി രണ്ടാം ക്ലാസിന് 1,51,225 രൂപയും എസി ഒന്നാം ക്ലാസിന് 1,64,940 രൂപയുമാണ് പാക്കേജ് തുക. ഈ തുകയില്‍ ട്രെയിന്‍ യാത്ര, നക്ഷത്ര ഹോട്ടലുകളിലെ താമസം, പൂര്‍ണമായും സസ്യാഹാരം, കാഴ്ചകള്‍ കാണുന്നതിനുള്ള എസി വാഹന സൗകര്യം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടുന്നു. സാധാരണക്കാര്‍ക്ക് ഭാരമാകാതിരിക്കാന്‍ പാക്കേജ് തുകയുടെ 25 ശതമാനം നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യവും ബാക്കി തുക പിന്നീട് അടയ്ക്കാനുള്ള സംവിധാനവും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. ഗാസിയാബാദ്, അലിഗഡ്, തുണ്ട്ല, കാണ്‍പൂര്‍, ലഖ്നൗ എന്നീ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാവുന്നതാണ്.












Click it and Unblock the Notifications