സൈലന്റ് വാലി; മഴക്കാട്ടിലെ സവാരി, കോട നിറഞ്ഞ ഗവിയും നിലമ്പൂരും; കെഎസ്ആർടിസി പാക്കേജ്
ചിലർക്ക് മഴക്കാലത്ത് പുറത്തിറങ്ങാൻ തന്നെ മടിയായിരിക്കും, എന്നാൽ ചിലരാകട്ടെ മഴ നനയാൻ ഒരുങ്ങിക്കെട്ടി യാത്രക്ക് ഇറങ്ങും. അങ്ങനെ മഴ നനഞ്ഞ് പ്രകൃതിഭംഗി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ കോഴിക്കോട് കെ എസ് ആർ ടി സി നിങ്ങൾക്ക് വേണ്ടി മികച്ചൊരു പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. മൺസൂണിലെ സൈലന്റ് വാലിയുടെ ഭംഗി ആസ്വദിക്കാനുള്ളതാണ് പാക്കേജ്. പാക്കേജിനെ കുറിച്ച് വിശദമായി നോക്കിയാലോ? ആദ്യം സൈലന്റ് വാലിയെ കുറിച്ചറിയാം
ചുട്ടുപൊള്ളുന്ന പാലക്കാടൻ ചൂടിലും തണുപ്പിലും ഒരുപോലെ സഞ്ചാരികളെ സ്വീകരിക്കുന്ന ഇടമാണ് സൈലന്റ് വാലി അഥവ നിശബ്ദ താഴ്ചവര. സാധാരണ വന പ്രദേശങ്ങളില്‍ കാണാറുളള ചീവീടുകളുടെ അഭാവമാണ് സയലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രത്യേകത. അഞ്ച് മണിക്കൂർ വനത്തിലൂടെ യാത്ര ചെയ്യാനുള്ള അവസരം സഞ്ചാരികൾക്ക് ഇവിടെ ലഭിക്കും. എന്നാൽ ഇടയിൽ കാണുന്ന പുഴയിലോ വെള്ളത്തിലോ ഒന്നും ഇറങ്ങാനുള്ള അനുമതി ഇല്ല കേട്ടോ.

സൈലന്റ് വാലിക്കൊപ്പം കാഞ്ഞിരപ്പുഴ ഡാമും ഈ പാക്കേജിന്റെ ഭാഗമായി കാണാം. രാവിലെ അഞ്ചു മണിക്കാണ് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും സൈലൻറ് വാലി യാത്ര ആരംഭിക്കുന്നത്. ഒരാൾക്ക് Rs.1750 രൂപയാണ് ഈ പാക്കേജിന് വരുന്നത്. ഭക്ഷണം, എൻട്രി ഫീ, ബസ്സ് ചാർജ് എന്നിവ ഉൾപ്പെടെയാണ് ഈ തുക. ഏകദിന പാക്കേജ് ആണിത്. രാത്രി 11 മണിയോടെ കോഴിക്കോട് തിരികെയെത്തും. ജൂൺ 22 നാണ് അടുത്ത പാക്കേജ്. കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്ക് ചെയ്യുന്നതിനും 9946068832
നിലമ്പൂരിലേക്ക് ഒരു ഉല്ലാസ യാത്ര
മഴക്കാലത്ത് പ്രത്യേക ഭംഗിയുള്ള കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നിലമ്പൂർ. കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ 6:30നാണ് യാത്ര പുറപ്പെടുക. രാത്രി 9 മണിയോടെ തിരികെ എത്തും. 540 രൂപയാണ് ഒരാൾക്ക് വരുന്ന ബസ് ചാർജ്. തേക്ക് മ്യൂസ്, കനോലി പ്ലോട്ട്, നിലമ്പൂർ ബംഗ്ലാവ്, മിനി ഊട്ടി എന്നിവയാണ് സന്ദർശിക്കുക. എൻട്രി ഫീ, ഭക്ഷണം എന്നിവ സ്വയം വഹിക്കേണ്ടി വരും. കൂടുതൽ വിവരങ്ങൾക്ക് -9946068832
ഗവി പാക്കേജും ഉണ്ട്
ഗവിയും അടവിയും പരുന്തുംപാറയും കണ്ട് മടങ്ങാവുന്നതാണ് ഈ പാക്കേജ്. കോഴിക്കോട് കെഎസ്ആർടിസി നിന്നും രാവിലെ 8 മണിക്കാണ് യാത്ര പുറപ്പെടുക. പത്തനംതിട്ടയിലാണ് അന്നേദിവസം സ്റ്റേ ഉണ്ടായിരിക്കുക. പിറ്റേദിവസം ആറ് മണി മുതലാണ് ഗവി സന്ദർശനം. ആദ്യം അടവിയാണ് പോവുക. അവിടെയുള്ള കുട്ടവഞ്ചി സവാരിയാണ് അടവിയിലെ പ്രത്യേകത. അതിനുശേഷം ആണ് ഗവി യാത്ര. ഏകദേശം 90 കിമിയോളം കെ എസ് ആർ ടി സി ബസിൽ കാട്ടിലൂടെയുള്ള യാത്രയാണ് ഈ യാത്രയുടെ ഏറ്റവും വലിയ ആകർഷണം. മഴയും കോടയും കൂടിയാകുമ്പോൾ തികച്ചും നൊസ്റ്റാൾജിയ നിറഞ്ഞൊരു യാത്രകൂടിയായിരിക്കും ഇത്. ഗവിയിലെത്തി ബോട്ടിംഗും കഴിഞ്ഞ് ഉച്ച ഭക്ഷണവും കഴിച്ച് പരുന്തുംപാറയിലേക്ക്. മൂന്നാം ദിവസം രാവിലെയോടയായിരിക്കും കോഴിക്കോട് തിരികെ എത്തുക.












Click it and Unblock the Notifications