ക്രിസ്മസ് തണുപ്പിൽ പൈതൽമല കയറാം, 730 രൂപ പാക്കേജുമായി കെഎസ്ആർടിസി; സൈലന്റ് വാലിയിലേക്കും പോകാം
ക്രിസ്മസ് യാത്ര പ്ലാൻ ചെയ്തോ? ഇല്ലെങ്കിൽ അത് കെഎസ്ആർടിസിയുടെ കൂടെ ആയാലോ? ഡിസംബറിലെ കുളിരിൽ ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള നിരവധി പാക്കേജുകളാണ് കോഴക്കോട് കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ പോകാൻ ഒരു മികച്ച ട്രെക്കിങ് പാക്കേജും ഉണ്ട്. വിശദമായി നോക്കാം
ഡിസംബർ 25 ന് പൈതൽമല യാത്രയാണ് കെഎസ്ആർടിസി നടത്തുന്നത്. കണ്ണൂർ ജില്ലയിലെ ഏറ്റവും മനോഹരമായ ഹിൽസ്റ്റേഷനുകളിലൊന്നാണ് പൈതൽമല. 4,500 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം 65 കിലോ മീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. തളിപ്പറമ്പ, കുടിയൻമല വഴിയുള്ള മനോഹരമായ പാതയിലൂടെ സഞ്ചരിച്ച് പൊട്ടൻപ്ലാവ് അല്ലെങ്കിൽ കാപ്പിമലയിലെ ബേസ് ഗ്രാമത്തിലെത്തി അവിടെ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്.

6 കിലോമീറ്റർ ദൂരമുള്ള ട്രെക്കിംഗ് ഏകദേശം 3-4 മണിക്കൂർ എടുക്കും. വലിയ മരങ്ങൾ മേൽക്കൂരയൊരുക്കുന്ന, തണുത്തതും നിഴൽ നിറഞ്ഞതുമായ വനത്തിലൂടെയാണ് യാത്ര തുടങ്ങുന്നത്ഉയരങ്ങളിലേക്ക് പോകുമ്പോൾ വനം പെട്ടെന്ന് തുറന്ന പുൽമേടുകളായി മാറും. യാത്രയുടെ പകുതി ദൂരം പിന്നിടുമ്പോൾ പാറക്കെട്ടുകളിലൂടെ ഒഴുകിയിറങ്ങുന്ന ചെറിയ നിരവധി അരുവികൾ കാണാം. അവസാനത്തെ 30-40 മിനിറ്റ് കയറ്റം കുത്തനെയുള്ളതാണ്. എന്നാൽ ഓരോ വളവിലും പുതിയ കാഴ്ചകളായിരിക്കും സഞ്ചാരികളെ കാത്തിരിക്കുന്നത്. വന്യജീവികൾ അധികം കാണാറില്ലെങ്കിലും അവയുടെ സാന്നിധ്യമുണ്ട്. അപൂർവ്വയിനം സസ്യങ്ങൾക്കും പേരുകേട്ട ഇടമാണ് പൈതൽമല. മുകളിൽ നിന്ന് ചുറ്റും 360 ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാം. വിദൂര കൂർഗ് വനങ്ങളും അറബിക്കടലിലേക്ക് നീളുന്ന കേരള സമതലങ്ങളും ഇവിടെ നിന്ന് ആസ്വദിക്കാം.
അതിരാവിലെ 5 മണിയോടെ തന്നെ കോഴിക്കോട് നിന്ന് യാത്ര പുറപ്പെടും. ഏകദിന യാത്രയാണിത്. രാത്രി 10 മണിയോടെയാണഅ തിരികെയത്തുക. ഒരാൾക്ക് 730 രൂപയാണ് പാക്കേജ് തുക വരുന്നത്.
ക്രിസ്മസിന് തൊട്ടടുത്ത ദിനം അതായത് ഡിസംബർ 26 ന് സൈലന്റ് വാലിയിലേക്കും പാക്കേജ് ഉണ്ട്. കേരളത്തിലെ പാലക്കാട് ജില്ലയിലെ കുണ്ടലി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ് വാലി. ഡിസംബറിലെ തണുപ്പിൽ ഏറ്റവും മികച്ച കാഴ്ചയൊരുക്കുന്ന ഇടം കൂടിയാണിത്.
ഭൂമിയിലെ തന്നെ പ്രിസ്റ്റീൻ ആയ ഉഷ്ണമേഖലാ നിത്യഹരിത മഴക്കാടുകളിൽ ഒന്ന് കൂടിയാണ് സൈലന്റ് വാലി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇത് ഇടം നേടിയിട്ടുണ്ട്. 237 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ വനമേഖലയുടെ 90 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രധാന ഭാഗം മനുഷ്യന്റെ ഇടപെടലുകളില്ലാതെ ഇന്നും സംരക്ഷിക്കപ്പെടുന്നു
ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഏറ്റവും മികച്ചത്. തണുത്ത പകൽ സമയങ്ങൾ (15-25 °C), മഴയില്ലാത്ത കാലാവസ്ഥ, പുലർകാലത്ത് മഞ്ഞുമൂടിയ താഴ്‌വരകൾ എന്നിവ ഈ സമയത്തെ സന്ദർശനത്തെ കൂടുതൽ മനോഹരമാക്കും. രാവിലെ 8 മണി മുതൽ 2 മണി വരെയാണ് വനം വകുപ്പ് നടത്തുന്ന ജീപ്പ് സഫാരികൾ ആരംഭിക്കുന്നത്.
രാവലെ 5 മണിക്കാണ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടുന്നത്. 1750 രൂപയാണ് ഒരാൾക്ക് വരുന്ന ചെലവ്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9946068832, 9188938532 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications