മഞ്ഞുമൂടിയ മൂന്നാർ, കെട്ടുവള്ള യാത്രക്ക് കുമരകം, എറണാകുളവും കറങ്ങാം.. പാക്കേജ്
കേരളം പൊള്ളുമ്പോഴും മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. ചൂടിനിടയിലും മഞ്ഞ് മൂടിയ കാഴ്ചകൾ തന്നെയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. ഈ വേനലവധി മൂന്നാറിന്റെ തണുപ്പിൽ ആഘോഷിക്കാൻ നിങ്ങൾക്കും ആഗ്രഹം ഉണ്ടെങ്കിൽ ഐആർസിടിസിയുടെ നാല് ദിവസത്തെ പാക്കേജ് തിരഞ്ഞെടുക്കാം. മൂന്നാർ കൂടാതെ കുമരകവും എറണാകുളവുമെല്ലാം പാക്കേജിൽ കറങ്ങാം. ദിവസവും കൊച്ചിയിൽ നിന്ന് ഈ യാത്രയുണ്ട്. വിശദമായി അറിയാം
കൊച്ചി എയർപോർട്ട്/റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരുമായി മൂന്നാറേക്ക് തിരിക്കും. ആദ്യ ദിനം തന്നെ മൂന്നാറിൽ ഷോപ്പിങ് നടത്തേണ്ടവർക്ക് അതിനുള്ള സൗകര്യം ലഭിക്കും. മൂന്നാറിലാണ് അന്നത്തെ രാത്രി കഴിയുക. കേരളത്തിൽ ചൂടു കൂടുന്നുണ്ടെങ്കിലും മൂന്നാറിലെ സ്ഥിതി അതല്ല. അതിരാവിലേയും രാത്രിയുമെല്ലാം ഇവിടെ മഞ്ഞ് മൂടിയ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും. രണ്ടാം ദിനമാണ് മൂന്നാറിനെ കൂടുതൽ അറിയുക. പ്രഭാത ഭക്ഷണത്തിന് ശേഷം ഇരവികുളം നാഷ്ണൽ പാർക്കിലേക്കാണ് യാത്ര. കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനമായ ഇവിടം വരയാടുകളുടെ പ്രധാന ആവാസ കേന്ദ്രമാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

ദേശീയോധ്യാനത്തിൽ നിന്നും നേരെ മൂന്നാറിലെ പ്രസിദ്ധമായ ടീ മ്യൂസിയവും കണ്ട് മാട്ടുപെട്ടി ഡാമിലേക്ക് പോകാം. പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഈ ഡാം നിർമ്മിച്ചിട്ടുള്ളത്. ഡാമിലെ കാഴ്ച കഴിഞ്ഞാൽ എക്കോ പോയിന്റിലേക്കാണ് യാത്ര. മൂന്നാറിൽ നിന്നും 15 കിമി അകലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പേര് പോലെ തന്നെയാണ് ഇവിടെ നിന്ന് ശബ്ദമുണ്ടാക്കിയാൽ അതിന്റെ പ്രതിധ്വനി കേൾക്കാം. 600 അടി ഉയരത്തിലാണ് എക്കോ പോയിന്റ് സ്ഥിതി ചെയ്യുന്നത്. സാഹസിക നടത്തത്തിനും ഈ സ്ഥലം അനുയോജ്യമാണ്.
വൈകീട്ട് പുനർജനിയിലെ സാംസ്കാരിക പരിപാടി കൂടി ആസ്വദിച്ച് കഴിഞ്ഞാൽ അന്നത്തെ യാത്ര അവസാനിപ്പിക്കാം. യാത്രയുടെ മൂന്നാം ദിനം രാവിലെ മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്കോ കുമരകത്തേക്കോ പോകും. കുമരകമെന്ന് പറഞ്ഞാൽ പിന്നെ ഹൗസ് ബോട്ട് യാത്ര ഇല്ലാതെങ്ങനെയാണ്. അന്നത്തെ ദിവസം ഉച്ചഭക്ഷണവും രാത്രി ഭക്ഷണവുമെല്ലാം ഹൗസ് ബോട്ടിൽ തന്നെയാണ്. ഇവിടുത്തെ കായൽ രുചിയും വൈവിധ്യമാർന്ന ഭക്ഷണങ്ങളും വേണ്ടുവോളം കഴിക്കാൻ അവസരം ഉണ്ടാകും.
ഉച്ചയ്ക്ക് 12 മണിയോടെയായിരിക്കും ഹൗസ് ബോട്ട് യാത്ര ആരംഭിക്കുക. ഉച്ചയ്ക്ക് 13.30 വരെ ഹൗസ് ബോട്ടിൽ യാത്ര ചെയ്യും. പിന്നീട്ട 30 മിനിറ്റ് ഇടവേളയെടുക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ വൈകീട്ട് മൂന്ന് മണി മുതൽ അഞ്ചര വരെ വീട്ടും ഹൗസ് ബോട്ടിലൂടെ യാത്ര. അഞ്ചരയ്ക്ക് ശേഷം ഹൗസ് ബോട്ടിലൂടെയുള്ള യാത്ര അനുവദിക്കില്ല.
പിറ്റേന്ന് പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷമായിരിക്കും ഹൗസ് ബോട്ടിൽ നിന്നും ഇറങ്ങുക. തുടർന്ന് നേരേ എറണാകുളത്തേക്ക് തിരിക്കും. കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിനിടയിൽ സന്ദർശിക്കും. പ്രസിദ്ധമായ ഹിൽ പാലസ് ആണ് ഇതിലൊന്ന്. ഉച്ച ഭക്ഷണത്തിന് ശേഷം ജൂതൻമാരുടെ സിനഗോഗ്, ഡച്ച് പാലസ്, സെന്റ് ഫ്രാൻസിസ് ചർച്ച്, ചൈനീസ് ഫിഷിങ് നെറ്റ എന്നിവയെല്ലാം കണ്ട് വൈകീട്ടോടെ മടങ്ങും.
ചെലവ് നോക്കാം
ട്രിപ്പിൾ ഒക്യുപെൻസിയിൽ ഒരാൾക്ക് 14,150 രൂപയാണ് ചിലവ് വരുന്നത്. ഡബിൾ ഒക്യുപെൻസിയിൽ 19,350 ഉം സിംഗിൾ ഒക്യുപെൻസിയിൽ 36,735 രൂപയും. 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് 5125 രൂപയും 5-11 വരെയുള്ള കുട്ടികൾക്ക് 3130 രൂപയുമാണ് പാക്കേജ് വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://www.irctctourism.com/pacakage_description?packageCode=SEH028












Click it and Unblock the Notifications