ലേഡീസിന് സോളോ ട്രിപ്പ് പോകാന്‍ പറ്റിയ മാര്‍ച്ച് മാസം; പോക്കറ്റിന് ഇണങ്ങുന്ന ഡെസ്റ്റിനേഷനുകള്‍ ഇതാ
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. ഇത്തരം യാത്രകള്‍ നല്‍കുന്ന സ്വാതന്ത്ര്യവും ധൈര്യവും അനുഭവങ്ങളുമാണ് സ്ത്രീകളെ സോളോ ട്രിപ്പിന് പ്രേരിപ്പിക്കുന്നത്. പോക്കറ്റിന് ഇണങ്ങുന്ന യാത്രകളാണ് പല സ്ത്രീകളും തിരഞ്ഞെടുക്കുന്നത്. സുരക്ഷിതവും കുറഞ്ഞ ചിലവില്‍ പോകാന്‍ കഴിയുന്നതുമായ സ്ഥലങ്ങളാണ് അവധിക്കാല യാത്രകള്‍ക്കായി അവര്‍ തിരഞ്ഞെടുക്കുന്നത്. ഇങ്ങനെ പോകാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്.
ഇത്തരം സോളോ യാത്രകള്‍ക്ക് മാര്‍ച്ച് മാസം മികച്ച സമയമാണ്. വേനല്‍ കടുക്കുന്നതിന് മുമ്പുള്ള സൗമ്യമായ കാലാവസ്ഥ സോളോ ട്രിപ്പിന് ഏറ്റവും അനുയോജ്യമാണ്. ഓഫ്-സീസണ്‍ ആയതിനാല്‍ ഹില്‍ സ്‌റ്റേഷനുകളിലും ബീച്ച് കേന്ദ്രങ്ങളിലും താമസം, ഭക്ഷണം, മറ്റു യാത്രാചിലവുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
വനിതകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നഗരങ്ങളാണ് രാജസ്ഥാനിലെ ജയ്പൂരും ഉദയ്പൂരും. പ്രാദേശികമായ ഭക്ഷണവും ബജറ്റ് ഗസ്റ്റ് ഹൗസുകളും ഇവിടെ ലഭ്യമാണ്. പ്രധാന കാഴ്ചകളെല്ലാം അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ യാത്രാചിലവ് കുറയും. അര്‍ധരാത്രി വരെ സജീവമായ മാര്‍ക്കറ്റുകളും നഗരവീഥികളും ഈ നഗരങ്ങളിലുണ്ട്. അതിനാല്‍ സുരക്ഷയുമുണ്ട്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് നഗരങ്ങളിലെ ഏകദേശ ചിലവ് ഇങ്ങനെ കണക്കാക്കാം. ജയ്പൂരില്‍ പ്രതിദിനം 1500-2500 രൂപ, ഉദയ്പൂരില്‍ 1800-2800, ഉത്തരാഖണ്ഡിലെ ഋഷികേശില്‍ 1200-2200, തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ 1800-2800, ഗോവയില്‍ 2000-3000 എന്നിങ്ങനെയാണ് ചിലവ് പ്രതീക്ഷിക്കാം.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഋഷികേശ് മികച്ച തിരഞ്ഞെടുപ്പാണ്. യോഗാ കേന്ദ്രങ്ങളും നദീതീര കാഴ്ചകള്‍ സമ്മാനിക്കുന്ന ഹോസ്റ്റലുകളും ഇവിടെ പ്രസിദ്ധമാണ്. കടല്‍ത്തീര യാത്രകള്‍ക്ക് സ്ത്രീകള്‍ പുതുച്ചേരിയും ഗോവയുമാണ് തിരഞ്ഞെടുക്കുന്നത്. പുതുച്ചേരിയിലെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ ചെറിയ ഹോട്ടലുകളും ഹോംസ്റ്റേകളും സുരക്ഷിതമായി നടക്കാനും സൈക്കിള്‍ ഓടിക്കാനും പറ്റിയ തെരുവുകളുമുണ്ട്. ഗോവയില്‍ ബീച്ചുകള്‍ക്ക് സമീപമുള്ള താമസം കൂടുതല്‍ സുരക്ഷിതത്വം നല്‍കും. പ്രാദേശിക ബസുകളും വാടകയ്ക്ക് ലഭിക്കുന്ന സ്‌കൂട്ടറുകളും സ്ട്രീറ്റ് ഫുഡും ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
മാര്‍ച്ച് മാസത്തില്‍ ഹില്‍ സ്‌റ്റേഷനുകളും സ്ത്രീകള്‍ക്കിടയില്‍ പ്രിയങ്കരമാണ്. മക്ലിയോഡ് ഗഞ്ച്, മണാലി എന്നിവിടങ്ങളില്‍ വലിയ തിരക്കുകളില്ലാതെ പോകാന്‍ കഴിയും. മാര്‍ച്ചില്‍ തെളിഞ്ഞ കാലാവസ്ഥ ആസ്വദിക്കാം. ഇവിടേക്ക് വിശ്വസനീയമായ ഗ്രൂപ്പുകള്‍കക്കൊപ്പം ട്രക്കിങ് നടത്തുന്നത് സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നു.
ഏതു സ്ഥലത്തും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും പ്രധാനമാണ്. സ്ത്രീകള്‍ സുരക്ഷയ്ക്കായി തത്സമയ ലൊക്കേഷനുകള്‍ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്നത് നല്ലതാണ്. വ്യക്തമായ റിവ്യൂ ഉള്ള താമസസ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. രാത്രിയിലുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുകയും വിശ്വസനീയമായ ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സികള്‍ സിറ്റി യാത്രകള്‍ക്കായി ഉപയോഗിക്കുകയും വേണം.
യാത്ര നേരത്തെ ആസൂത്രണം ചെയ്താല്‍ യാത്രകളെ കൂടുതല്‍ ചിലവ് കുറഞ്ഞതാക്കാം. തിരക്കേറിയ റൂട്ടുകളില്‍ മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് നിരക്ക് കുറയ്ക്കും. പൊതുഗതാഗതം, പ്രാദേശിക ഭക്ഷണം, ഗസ്റ്റ് ഹൗസുകള്‍ എന്നിവ ബജറ്റ് നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. ശ്രദ്ധയോടെയുള്ള ആസൂത്രണത്തിലൂടെ സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ മാര്‍ച്ചിലെ അവധിക്കാല യാത്ര ആസ്വദിക്കാം.












Click it and Unblock the Notifications