ശ്രീലങ്കയുടെ വന്‍ പ്രഖ്യാപനം; ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, ഇളവ് അഞ്ച് മാസത്തേക്ക് മാത്രം
കൊളംബോ: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവ് നല്‍കി ശ്രീലങ്കയുടെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു എന്നതിന്റെ സൂചന കൂടിയാണിത്. തമിഴ്‌നാട്ടില്‍ നിന്ന് കഴിഞ്ഞാഴ്ച ശ്രീലങ്കയിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. 7700 രൂപയില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിനുള്ള സൗകര്യവുമുണ്ടാകും.
ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കുന്നതിന് വിസ വേണ്ട എന്നതാണ് പുതിയ പ്രഖ്യാപനം. ഏഴ് രാജ്യങ്ങള്‍ക്കാണ് ഈ ആനുകൂല്യം ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍കൂട്ടി വിസ എടുക്കാതെ തന്നെ ഇന്ത്യക്കാര്‍ക്ക് ഇനി ശ്രീലങ്കയിലേക്ക് പോകാം. ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രി അലി സബ്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്തൊക്കെയാണ് ഇതിന്റെ നേട്ടങ്ങളെന്ന് പറയാം.

ഇന്ത്യയ്ക്ക് പുറമെ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും ശ്രീലങ്കയിലേക്ക് പോകുന്നതിന് ഇനി വിസ ആവശ്യമില്ല. കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. അഞ്ച് മാസത്തേക്കാണ് ഈ ഇളവ് എന്നതും എടുത്തുപറയണം.
ഉടന്‍ തന്നെ പദ്ധതി ആരംഭിക്കുമെന്നും അടുത്ത മാര്‍ച്ച് 31 വരെ തുടരുമെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം 50 ലക്ഷമാക്കി ഉയര്‍ത്താനാണ് ശ്രീലങ്കയുടെ പദ്ധതി. രാജ്യത്തിന് കൂടുതല്‍ വരുമാന മാര്‍ഗം കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞാഴ്ച വിസ രഹിത യാത്രയുടെ വിഷയം ശ്രീലങ്കന്‍ മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രീലങ്കയിലെ ടൂറിസം മേഖലകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്. പുതിയ പദ്ധതിയില്‍ അമേരിക്കയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. അതേസമയം, ചൈനയെയും റഷ്യയെയും ഉള്‍പ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയമായ തലത്തിലേക്കും ഈ ചര്‍ച്ച പോകുന്നുണ്ട്. കപ്പല്‍ സര്‍വീസ് തുടങ്ങിയ പിന്നാലെ വിസ രഹിത യാത്രാ സൗകര്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നു എന്നത് നേട്ടമാണ്.
നാല് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കപ്പല്‍ സര്‍വീസ് കഴിഞ്ഞാഴ്ച ആരംഭിച്ചത്. നാഗപട്ടണത്ത് നിന്ന് ജാഫ്‌നയിലെ കാങ്കേശന്‍ തുറയിലേക്കാണ് സര്‍വീസ്. രാവിലെ എഴ് മണിക്കാണ് യാത്ര ആരംഭിക്കുന്നത്. ചെറിയ പാണി എന്ന കപ്പലാണ് സര്‍വീസ് നടത്തുന്നത്. നാല് മണിക്കൂര്‍ കൊണ്ട് ശ്രീലങ്കയിലെത്തും. ഉച്ചയ്ക്ക് ശേഷം തിരിച്ചും സര്‍വീസുണ്ട്.
150 സീറ്റുള്ള കപ്പലില്‍ ഓരോരുത്തര്‍ക്കും 50 കിലോ ലഗേജും കൊണ്ടുപോകാം. 1.30നാണ് മടക്ക സര്‍വീസ്. നികുതിയടക്കം 7670 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. ഇതിന്റെ അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ നിന്ന് തുടങ്ങുന്ന കപ്പല്‍ യാത്രയ്ക്ക് 10000 രൂപ ടിക്കറ്റ് നിരക്കാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications