കത്രയില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് യാത്ര; വന്ദേഭാരത് ടിക്കറ്റ് നിരക്ക് 1500 രൂപ... രാവിലെ 8.10ന് പുറപ്പെടും
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പുതിയ വന്ദേഭാരത് സര്‍വീസിന് ഒരുങ്ങുന്നു. മാതാ വൈഷ്‌ണോ ദേവി കത്ര സ്‌റ്റേഷനും ശ്രീനഗര്‍ സ്‌റ്റേഷനുമിടയിലാകും സര്‍വീസ്. ജമ്മു കശ്മീരിന് മൂന്നാമത്തെ വന്ദേഭാരത് ആണെങ്കിലും താഴ്‌വരയിലേക്ക് ആദ്യത്തേതാണ്. നോര്‍ത്തേണ്‍ റെയില്‍വെ സോണിന്റെ കീഴിലാകും ഈ ട്രെയിന്‍ സര്‍വീസ്. കശ്മീരിലെ റെയില്‍വെ ശൃംഖലയുടെ മുഖഛായ മാറ്റുന്നതാകും പുതിയ വന്ദേഭാരത്.
ന്യൂഡല്‍ഹി കത്ര, കത്ര-ന്യൂഡല്‍ഹി എന്നീ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ കശ്മീരിലേക്ക് സര്‍വീസ് നടത്തുന്നത്. ജമ്മുവിനും കശ്മീര്‍ താഴ്‌വരയ്ക്കുമിടയില്‍ അതിവേഗ ബന്ധം ഒരുക്കാനും പുതിയ വന്ദേഭാരത് സഹായിക്കും. ടൂറിസം മേഖല വലിയ പ്രതീക്ഷയിലാണ് എന്നതും എടുത്തുപറയണം. താഴ്‌വരയില്‍ നിന്നുള്ള ചരക്കുകള്‍ അതിവേഗം മറ്റു ഭാഗങ്ങളിലെത്താനും വഴിയൊരുങ്ങുകയാണ്.

ചെന്നൈയിലെ ഐസിഎഫിലാണ് വന്ദേഭാരതിന്റെ കോച്ചുകള്‍ നിര്‍മിച്ചിട്ടുള്ളത്. കത്ര-ശ്രീനഗര്‍ നഗരങ്ങള്‍ക്കിടയിലെ 100 കിലോമീറ്റര്‍ യാത്രയ്ക്ക് പുതിയ വന്ദേഭാരത് എത്തുന്നതോടെ രണ്ടര-മൂന്ന് മണിക്കൂര്‍ മതിയാകും. കാലാവസ്ഥയ്ക്ക് അനുസരിച്ച് തലസ്ഥാനം മാറുന്ന കശ്മീരിന് നിലവില്‍ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഇല്ലാത്തതിനാല്‍ പുതിയ സര്‍വീസ് വ്യത്യസ്തമാകുമെന്ന് തീര്‍ച്ച.
രാവിലെ 8.10നാകും കത്ര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വന്ദേഭാരത് പുറപ്പെടുക എന്നാണ് റെയില്‍വെ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തി 11 മണിയോടെ ശ്രീനഗറിലെത്തും. ഉച്ചയ്ക്ക് 12.45ന് ശ്രീനഗറില്‍ നിന്ന് തിരിച്ചുള്ള സര്‍വീസ് ആരംഭിക്കും. എന്നാണ് സര്‍വീസ് ആരംഭിക്കുക എന്ന് ഇതുവരെ റെയില്‍വെ അറിയിച്ചിട്ടില്ല. ജനുവരി 26ന് സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.
8, 16, 20 കോച്ചുകളുള്ള ഏതെങ്കിലും വന്ദേഭാരത് ആയിരിക്കും സര്‍വീസ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം 16 കോച്ചുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങി യാത്രക്കാരുടെ വരവ് പരിശോധിച്ച് 20 കോച്ചിലേക്ക് മാറുക എന്ന പദ്ധതിയും ആലോചിക്കുന്നുണ്ട്. എസി ചെയര്‍ കാര്‍, എക്‌സിക്യുട്ടീവ് ചെയര്‍ കാര്‍ എന്നിങ്ങനെ രണ്ട് തരം സീറ്റുകളാകും വന്ദേഭാരതിലുണ്ടാകുക.
ആഴ്ചയില്‍ ആറ് ദിവസം സര്‍സീസ് ഉണ്ടാകുമെന്നാണ് വിവരം. എസി ചെയര്‍ കാറിന് 1500-1600 രൂപയാകും ടിക്കറ്റ് നിരക്ക് എന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2200-2500 രൂപയാകുമെന്നും കരുതുന്നു. ഇരു നഗരങ്ങള്‍ക്കുമിടയിലെ എല്ലാ പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍ അനുവദിക്കുമെന്നാണ് ഏറ്റവും ഒടുവിലുള്ള വിവരം.
കത്ര-റിയാസി റൂട്ടില്‍ ഒന്നിലധികം പരീക്ഷണ ഓട്ടം നിലവില്‍ നടത്തിക്കഴിഞ്ഞു. ഇനിയും പരീക്ഷണ ഓട്ടം ഉണ്ടാകുമെന്നാണ് വിവരം. ട്രാക്കുകളുടെ സുരക്ഷ ഉറപ്പാക്കുക കൂടി ചെയ്താല്‍ റെയില്‍വെ അന്തിമ പ്രഖ്യാപനം നടത്തി തിയ്യതി അറിയിക്കും.
കശ്മീരിലെ തണുത്ത കാലാവസ്ഥ കൂടി പരിഗണിച്ചുള്ള കോച്ചുകളാണ് നിര്‍മിക്കുന്നത്. ചൂട് ഉറപ്പാക്കുന്ന കോച്ചുകളാകും. ചൂട് വെള്ളവും മുഴുവന്‍ സമയം ലഭ്യമാകും. ട്രെയിന്‍ എഞ്ചിനോട് ചേര്‍ന്ന ഭാഗത്ത് ഗ്ലാസില്‍ ഐസ് കട്ട പിടിക്കാതിരിക്കാനുള്ള സൗകര്യവും ഒരുക്കും.












Click it and Unblock the Notifications