കൊടുംകാട്ടിലൂടെ 5 കിമി യാത്ര, കേരളത്തിന്‍റെ പച്ചക്കറിത്തോട്ടം കാണാം.. ഒപ്പം ഗുഹകളും കാറ്റാടിപ്പാടങ്ങളും
അവധിക്കാലം ഇപ്പോഴിതാ തീരും... മഴക്കാലം എത്താനും വലിയ താമസമില്ല. സ്കൂൾ തുറക്കുന്നതിനു മുന്നേ യാത്രകള് പോകാനുള്ള അവസാന ദിവസങ്ങളാണിനി വരുന്നത്. പഠനത്തിന്‍റെ തിരക്കുകളിലേക്ക് കടക്കുന്നതിനു മുമ്പായി കേരളത്തിന്‍റെ പച്ചക്കറിത്തോട്ടം ഉൾപ്പെടെയുള്ള കാഴ്ചകൾ ഒന്നു കണ്ടുവന്നാലോ...മൂന്നാറും സമീപത്തെ കാഴ്ചകളും ഉൾപ്പെടുത്തിയുള്ള പാക്കേജ് കുറഞ്ഞ നിരക്കിൽ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി.
കേരളത്തിന്‍റെ ശീതകാല പച്ചക്കറിത്തോട്ടമായ വട്ടവടയിലെ കോടമഞ്ഞും കുളിരുമുള്ള ഇടങ്ങള് ചുറ്റിയടിച്ചു വരുന്ന യാത്ര കൊട്ടാരക്കര ബജറ്റ് ടൂറിസം സെല്ലിന്‍റേതാണ്. ചൂടിനും തണുപ്പിനും ഇടയിലുള്ള കാലാവസ്ഥയിൽ കാലവർഷത്തെ കാത്തിരിക്കുന്ന ഈ ദിവസങ്ങളിൽ പോകാൻ പറ്റിയ പാക്കേജിനെക്കുറിച്ച് വിശദമായി അറിഞ്ഞാലോ.

മഞ്ഞു പുതച്ച തേയില തോട്ടങ്ങളുടെ നടുവിലൂടെ മേയ് 24 ശനിയാഴ്ച പുലർച്ചെ 4.30ന് കൊട്ടാരക്കര കെഎസ്ആര്‌ടിസി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ചതുരംഗപ്പാറ പൂപ്പാറ, ഗ്യാപ്പ് റോഡ്, മലൈ കള്ളൻ ഗുഹ, ലോക്ക് ഹാർട്ട് വ്യൂ പോയിന്‍റ് എന്നിങ്ങനെയുള്ള സ്ഥലങ്ങള് കണ്ട് മൂന്നാറിൽ എത്തും, എന്നിവ സന്ദർശിച്ചു മൂന്നാറിൽ എത്തുന്നു. മൂന്നാറിൽ എത്തി വൈകിട്ടോടെ പ്രസിദ്ധമായ ബൊട്ടാണിക്കൽ ഗാർഡനും കാണാം. തീർന്നില്ല കേട്ടോ ഇവിടുത്തെ കാഴ്ചകൾ. അന്നേ ദിവസം രാത്രി മൂന്നാറിലെ തണുപ്പും മഞ്ഞും ആസ്വദിച്ച് രാത്രി ചെലവഴിക്കാനുള്ള അവസരവും യാത്രയിൽ ഒരുക്കിയിട്ടുണ്ട്.
പിറ്റേന്ന്, ഞായറാഴ്ച രാവിലെ ആറുമണിക്ക് തന്നെ മൂന്നാറിൽ നിന്ന് യാത്ര വീണ്ടും തുടരുകയാണ്. കാഴ്ചയിലും കാലാവസ്ഥയിലും മൂന്നാറിനെ വെല്ലുന്ന വട്ടവടയിലേക്കാണ് നേരേ പോകുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യനമായ പാമ്പാടുംഷോല കടന്നാണ് ഈ യാത്ര. ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം കാട്ടിലൂടെ കടന്നുപോകുന്ന യാത്ര വ്യത്യസ്തമായ അനുഭവം നല്കും. ഏഴരയോടെ ബസ് വട്ടവടയിലെത്തും. ഇവിടുത്തെ കൃഷികൾ, കാഴ്ചകൾ, സ്ഥലങ്ങൾ എന്നിവയെല്ലാം കാണാനും പരിചയപ്പെടുവാനുമുള്ള സമയം യാത്രയിലുണ്ടാകും.
മൂന്നാറിൽ നിന്നും 44 കിമി അകലെ സ്ഥിതി ചെയ്യുന്ന വട്ടവട പലപ്പോഴും സഞ്ചാരികളുടെ പട്ടികയിൽ ഉൾപ്പെടാറില്ല. സമുദ്ര നിരപ്പിൽ നിന്നും 1450 മീറ്റർ ഉയരത്തിലുള്ള വട്ടവടയിലെ തണുപ്പ് മിക്കപ്പോഴും മൂന്നാറിനെക്കാൾ കൂടുതലാണ്. ഇവിടെ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും വന്നവരെ ഒട്ടും നിരാശപ്പെടുത്താത്ത ഇവിടേക്ക് വീണ്ടും വീണ്ടും ആളുകൾ കാണാനെത്താറുമുണ്ട്. തട്ടുതട്ടായുള്ള കൃഷിരീതികളും മനോഹരമായ പ്രകൃതിഭംഗിയും തണുപ്പും മാത്രമല്ല, സീസണിൽ വിളഞ്ഞു നിൽക്കുന്ന സ്ട്രോബെറിയും ശീതകാല പച്ചക്കറിവിളകളും ഇവിടെ കൃഷിചെയ്യുന്നു. സ്ട്രോബെറി സീസൺ ആണെങ്കിൽ ഇവിടെ വന്ന് നേരിട്ട് വാങ്ങുവാനും രുചികരമായ സ്ട്രോബെറി സ്ക്വാഷ്, ജ്യൂസ് തുടങ്ങിയവ രുചിക്കുവാനും അവസരമുണ്ട്. വട്ടവടയിൽ ഓൺലൈൻ പണമിടപാടുകൾ കുറവായതിനാൽ കാശ് കയ്യിൽ കരുതുവാൻ ശ്രദ്ധിക്കണം,
പാക്കേജ് അനുസരിച്ച് അന്ന് ഉച്ചയോടെ വട്ടവടയോട് യാത്ര പറഞ്ഞ് വീണ്ടും മൂന്നാറിലേക്ക് പോകും.
മടക്കയാത്രയിൽ ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, കണ്ണൻ ദേവൻ തേയില ഫാക്ടറി എന്നിവയാണ് സന്ദർശിക്കുന്നത്. ഇങ്ങനെ മൂന്നാറിലെയും വട്ടവടയിലെയും പ്രധാന കാഴ്ചകൾ കണ്ടുള്ള യാത്രയ്ക്ക് വെറും 1950 രൂപയാണ് നിരക്ക് ഈടാക്കുന്നത്. രാത്രി മൂന്നാറിൽ സ്ലീപ്പർ ബസിലെ താമസം ഉൾപ്പെടെയാണിത്. എന്നാൽ യാത്രയിലെ ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ എന്നിവ യാത്രക്കാർ സ്വയം വഹിക്കണം. സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ബസിലാണ് യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഈ നമ്പറിൽ ബന്ധപ്പെടാം- 9567124271, 9447281459












Click it and Unblock the Notifications