വേനലവധിക്ക് മൈസൂരിലേക്ക് വിട്ടോ, കുട്ടികളേയും കൂട്ടി കറങ്ങാം, വെറും 1250 രൂപ മാത്രം മതി
കേരള ആർ ടി സി യുടെ ബജറ്റ് സെൽ കേരളത്തിൽ നടത്തിയ യാത്രകൾ ഹിറ്റായത് മുതൽ തുടങ്ങിയ ചോദ്യമാണ് എന്നാണ് കെ എസ് ആർ ടി സി സംസ്ഥാനത്തിന് പുറത്തേക്ക് പാക്കേജുകൾ നൽകുന്നതെന്ന്. എന്തായാലും ആ ചോദ്യത്തിന് ഉത്തരമായിട്ടുണ്ട്. അന്യസംസ്ഥാന പാക്കേജുകളും വിവിധ സെല്ലുകൾ ആരംഭിച്ചുട്ടുണ്ട്. ഇന്ന് പറയുന്നത് മലപ്പുറം കെ എസ് ആർ ടി സിയുടെ അത്തരമൊരു പാക്കേജിനെ കുറിച്ചാണ്. എവിടേക്കാണെന്നല്ലേ? കർണാടകയിലേക്ക്. മൈസൂർ മൃഗശാലയും കാരാഞ്ചി തടാകവും മൈസൂർ കൊട്ടാരവും ശുഖവനവുമൊക്കെ കണ്ട് മടങ്ങാൻ കഴിയുന്നതാണ് പാക്കേജ്. അപ്പോൾ സ്ഥലങ്ങൾ പരിചയപ്പെട്ടാലോ
മൈസൂർ സൂ
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാലാകളിലൊന്നാണ് ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്നറിയപ്പെടുന്ന മൈസരൂർ പാക്ക്. സിംഹം, കടുവ , ആന, ജിറാഫ്, സീബ്ര, വിദേശ പക്ഷികൾ, ഉരഗങ്ങൾ അങ്ങനെ പലവിധത്തിലുള്ള ജീവജാലങ്ങൾ ഈ സൂവിലുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേക വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണവവും പ്രജനനുമെല്ലാം സൂ നടത്തുന്നുണ്ടെന്നതാണ്. രാവിലെ എട്ട് മുതൽ ഇവിടേക്ക് പ്രവേശനം ഉണ്ട്. കുട്ടികളുമൊക്കെയായി പോയാൽ തീർച്ചയായും മൈസൂർ സൂ നിങ്ങളെ മടുപ്പിക്കില്ല.

കാരാഞ്ചി തടാകം
സൂവിന് തൊട്ടടുത്ത് തന്നെയാണ് കാരാഞ്ചി തടാകം. പ്രകൃതി സ്നേഹികൾ തീർച്ചയായും കണ്ടിരിക്കേണ്ട നേച്ചർ പാർക്ക് കൂടിയാണ് ഇവിടം.90 ഹെക്ടറിൽ പരന്ന് കിടക്കുന്ന കാരാഞ്ചി തടാകവും ചുറ്റുമുള്ള പാർക്കും മൈസൂർ സൂവിന് കീഴിലാണ് സംരക്ഷിച്ച് പോകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിശാലയും ഈ കാരാഞ്ചിയിൽ തന്നെ. 60 മീറ്റർ നീളത്തിൽ കിടക്കുന്ന ഈ പക്ഷിശാലയിൽ മയിലുകൾ, വേഴാമ്പലുകൾ, കറുത്ത ഹംസങ്ങൾ എന്നിങ്ങനെ വ്യത്യസ്ത തരം പക്ഷികളെ കാണാൻ സാധിക്കും. 45 ലധികം ഇനം ചിത്രശലഭങ്ങൾ ഉള്ളതാണ് ഇവിടുത്തെ ബട്ടർഫ്ലൈ പാർക്ക്. കൂടാതെ ബോട്ടിംഗ് സംവിധാനവും ഉണ്ട്.
മൈസൂർ കൊട്ടാരം
ഒരിക്കലെങ്കിലും മൈസർ കൊട്ടാരം കണ്ടില്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിപ്പോകും. കർണാടകയിൽ എത്തിയാൽ സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലം കൂടിയാണിത്, മറ്റൊന്നും കൊണ്ടല്ല ഇവിടുത്തെ വാസ്തു വിദ്യ തന്നെയാണ് അതിന് പ്രധാന കാരണം. അംബാ വിലാസ് എന്ന് കൂടി അറിയപ്പെടുന്ന ഈ കൊട്ടാരം വാഡിയാർ രാജവംശത്തിന്റെ പ്രൗഡിയുടെ പ്രതീകമാണ്. ഇന്തോ-സാർസനിക്, ഹിന്ദു, മുസ്ലീം, രജപുത്ര, ഗോതിക് ശൈലികൾ സംയോജിപ്പിച്ചാണ് കൊട്ടാരം ഒരുക്കിയിരിക്കുന്നത്. 145 അടി ഉയരത്തിൽ അഞ്ച് നില ഗോപുരങ്ങളാണ് കൊട്ടാരത്തിന് ഉള്ളത്. കൂടാതെ മാർബിളിന്റെ താഴികക്കുടവും. ഇവിടുത്തെ തൂണുകളിലെ കൊത്തുപണികളും വിശാലമായ കോർട്ട് യാഡും സറ്റെയിൻഡ് ഗ്ലാസ് സീലിങ്ങും മയിൽ രൂപത്തിലുള്ള കല്ല്യാണ മണ്ഡപവുമെല്ലാം നിങ്ങൾക്ക് ശരിക്കുമൊരു വിരുന്നൊരുക്കും.
ശുകവനം
മൈസൂരിലെ ശ്രീ ഗണപതി സച്ചിദാനന്ദ ആശ്രമത്തിന്റെ പരിസരത്തുള്ള പക്ഷിസങ്കേതമാണ് ശുകവനം. ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പക്ഷിസങ്കേതത്തതിൽ 2000ത്തിലധികം പക്ഷികളുണ്ട്. ഗണപതി സച്ചിദാനന്ദ സ്വാമിയാണ് ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. ഇവിടെ പോയാൽ സംസാരിക്കുന്ന പക്ഷികളെ കാണാം. ഞെട്ടേണ്ടെന്നേ ഇവിടുത്തെ തത്തകളുടെയൊക്കെ വർത്താനം കേൾക്കാൻ ഇവിടെ ധാരാളം പേർ എത്താറുണ്ട്. വെറുതെ പക്ഷികളെ വളർത്തിപ്പോരുകയല്ല, ഇവർക്ക് ആവശ്യമായതെല്ലാം തന്നെ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
മെയ് 14 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് യാത്ര തിരിക്കുക. ഒരാൾക്ക് പാക്കേജ് തുക 1250 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് 9400128856, 8547109115












Click it and Unblock the Notifications