കണ്ണൂരിൽ നിന്ന് വാരണാസിക്ക് പറക്കാം..പ്രയാഗ്രാജിലും അയോധ്യയിലും പോകാം, നേരിട്ട് പാക്കേജ്
ഇന്ത്യയിലെ ആഭ്യന്തര സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇടംപിടിച്ച സ്ഥലമാണ് വാരണാസി. എല്ലാക്കാലത്തും യാത്രക്കാരുടെയും തീര്‍ത്ഥാടകരുടെയും പ്രിയപ്പെട്ട ഇടമായിരുന്നുവെങ്കിലും ആളുകളുടെ എണ്ണം കൂടിയത് ഈ അടുത്ത കാലത്താണ്. അയോധ്യ രാമക്ഷേത്രവും പ്രയാഗ്രാജും വാരണാസിയും ഒരുമിച്ച് കാണുന്ന പാക്കേജുകൾ വ്യാപകമായതോടെ യാത്രക്കാരും എത്തിത്തുടങ്ങി.
നിങ്ങളും ആഗ്രഹിക്കുന്നില്ലേ വാരണാസിയും അയോധ്യയും ഒക്കെ ഒന്നു നേരിൽ കാണണമെന്ന്. ചരിത്രമുറങ്ങുന്ന സ്ഥലങ്ങളും ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴചേർന്നുകിടക്കുന്ന ക്ഷേത്രങ്ങളും വാരണാസിയിലെ ഗംഗാ ആരതിയും ഘാട്ടുകളും അയോധ്യ രാമക്ഷേത്രത്തിലെ പൂജകളും ഒക്കെ കണ്ട് മനസ്സു നിറച്ച് ഒരു ആത്മീയ യാത്ര പ്ലാൻ ചെയ്താലോ..അതും നമ്മുടെ നാട്ടില് നിന്ന്. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ഒരുഗ്രൻ തീർത്ഥാടന പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസിയാണ്. കാശി, അയോധ്യ ദർശൻ ഫ്ലൈറ്റ് പാക്കേജ് കണ്ണൂരുകാർക്ക് മാത്രമല്ല, കാസര്‍കോഡ്, കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർക്കും ബുദ്ധിമുട്ടുകളില്ലാതെ പങ്കെടുക്കാവുന്ന ഒന്നാണ്. കണ്ണൂർ വിമാനത്താവളത്തില് എത്തേണ്ട ഒരു ബുദ്ധിമുട്ട് മാത്രമേയുള്ളൂ.

നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന ഹോളി കാശി വിത്ത് അയോധ്യ ദർശൻ ഫ്ലൈറ്റ് പാക്കേജ് ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ നഗര സന്ദർശിക്കാന് അവസരമൊരുക്കുന്നു. അവധികളും ലീവുകളും കൃത്യമായി പ്ലാന് ചെയ്യാനുള്ള സമയം തരുന്ന ഈ യാത്ര ജൂലൈ മാസത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജൂലൈ 23 ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ഇൻഡിഗോ എയർലൈൻസ് 6E 7049/ 6596 വിമാനം വൈകിട്ട് 6.15 ന് വാരണാസിയിൽ എത്തും. വാരണാസി വിമാനത്താവളത്തിൽ നിന്ന് നിങ്ങളെ നേരേ ഹോട്ടലിലേക്ക് കൊണ്ടുപോകും. രാത്രി ഭക്ഷണവും താമസവും ഇവിടെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ ദിവസം ഇങ്ങനെ യാത്രയോടെ കടന്നു പോകും.
രണ്ടാം ദിവസം മുഴുവനും വാരണാസി കാണുകയാണ് ലക്ഷ്യം. വൈകുന്നേരത്തോടെ കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂർണ്ണ ക്ഷേത്രം, സാരനാഥ് എന്നിവിടങ്ങൾ സന്ദർശിച്ച് ഗംഗാ ആരതിക്കായി വാരണാസി ഘട്ടിൽ എത്തും. അതു കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങും. അന്നു രാത്രിയും വാരണാസിയിൽ തന്നെ ചെലവഴിക്കും.
വാരണാസിയെന്നും ബനാറസ് എന്നും അറിയപ്പെടുന്ന കാശി ആത്മീയാന്വേഷകർക്കൊപ്പം സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ് . മോക്ഷഭാഗ്യവും പാപമോചനവും നല്കുവാൻ ശക്തിയുള്ള ഈ നഗരം മഹാദേവന്റെ നഗരമാണെന്നാണ് വിശ്വാസങ്ങൾ പറയുന്നത്. കാശിയിലെത്തി മരിച്ചാൽ സ്വർഗ്ഗഭാഗ്യം ഉറപ്പാണെന്ന വിശ്വാസങ്ങളും നിലനിൽക്കുന്നു.
ക്ഷേത്രങ്ങൾ തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്ര, വൈകുന്നേരത്തെ ആരതി തുടങ്ങിയവ ഇവിടെ മിസ് ചെയ്യരുതാത്ത കാര്യങ്ങളാണ്. ഇവിടുത്തെ ക്ഷേത്രങ്ങളുടെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്.
മൂന്നാം ദിവസം രാവിലെ ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് നേരെ പോകുന്നത് യാത്രയിലെ അടുത്ത പ്രധാന ലക്ഷ്യസ്ഥാനമായ പ്രയാഗ്രാജിലേക്കാണ്. മുൻപ് അലഹബാദ് എന്നറിയപ്പെട്ടിരുന്ന ഇവിടം ഒരുപാട് വിശ്വാസങ്ങളാൽ സമ്പന്നമാണ്. രണ്ട് നദികളുടെ സംഗമസ്ഥാനം ഒരു 'പ്രയാഗ്' ആണ്, അലഹബാദിൽ ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികൾ കൂടിച്ചേരുന്നു. അതിനാൽ, ഇത് 'പ്രയാഗുകളുടെയോ പ്രയാഗ്‌രാജിന്റെയോ രാജാവാണ് എന്നാണ് വിശ്വാസം.
ത്രിവേണി സംഗമം, പാതാൾപുരി ഹനുമാൻ ക്ഷേത്രം എന്നീ സ്ഥലങ്ങളാണ് പ്രയാഗ്രാജിൽ നമ്മൾ കാണുന്നത്. അതുകഴിഞ്ഞ് യാത്ര അയോധ്യയിലേക്ക് തുടരും. അയോധ്യയിൽ ഈ ദിവസം പ്രത്യേകിച്ച് യാത്രകളോ പദ്ധതികളോ ഷെഡ്യൂൾ ചെയ്തിട്ടില്ല. എത്തിച്ചേരുമ്പോൾ അത്താഴത്തിനും അയോധ്യയിൽ രാത്രി താമസത്തിനുമായി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും.
2024 ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠയോടെ വിശ്വാസികൾക്കായി തുറന്നു കൊടുത്ത അയോധ്യ രാമക്ഷേത്രം ഇന്ന് ഒരുപാട് വിശ്വാസികൾ എത്തിച്ചേരുന്ന ഇടമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായി മാറിയ ഇവിടം മൂന്ന് നിലകളിലായി 2.7 ഏക്കറിലായി പരന്നു കിടക്കുന്നു. 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 250 അടിയാണ് ക്ഷേത്രത്തിന്‍റെ വീതി. മൂന്നു നിലകളുള്ളതിന് ഓരോ നിലയ്ക്കും 20 അടി വീതമാണ് ഉയരം. ആകെ 44 വാതിലുകളും 392 തൂണുകളും സ്വർണ്ണം പൂശിയ 14 വാതിലുകളും ഇതിനുണ്ട് .ഇരുമ്പോ ഉരുക്കോ ഉപയോഗിക്കാതെ മുഴുവനായും കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്രം പൂർത്തിയാക്കിയിട്ടുള്ളത്. അതേസമയം ആകെ ക്ഷേത്രസമുച്ചയം 70 ഏക്കർ ഭൂമിയിലാണുള്ളത്. ശ്രീരാമനെ കൂടാതെ, ഏഴ് ഉപക്ഷേത്രങ്ങളിലായി മറ്റു പ്രതിഷ്ഠകളും ഇവിടെയുണ്ട്. വൽമീകി, വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, നിഷാദരാജാവ്, ശബരി, അഹല്യ എന്നിവരാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ.
നാലാം ദിവസം അയോധ്യ കാണുന്നതിനുള്ള സമയമാണ്. രാമജന്മ ഭൂമിയിലെ രാമക്ഷേത്രമാണ് ആദ്യം കാണുന്നത്. തുടർന്ന് ഹനുമാൻ ഘാട്ടി ക്ഷേത്രം, മറ്റ് ക്ഷേത്രങ്ങൾ എന്നിവ സന്ദർശിച്ച് പിന്നീട് വാരണാസിയിലേക്ക് പോകും. അത്താഴത്തിനും രാത്രി താമസത്തിനും വാരണാസിയിലെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. പിറ്റേന്ന്, അതായത് യാത്രയുടെ അഞ്ചാം ദിവസം മടക്കമാണ്. പ്രഭാതഭക്ഷണത്തിന് ശേഷം, ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് കണ്ണൂരിലേക്കുള്ള മടക്ക വിമാനം പിടിക്കാൻ വിമാനത്താവളത്തിലേക്ക് പോകും.
ജൂലൈ 27ന് ഉച്ചയ്ക്ക് 12.49 ന് വാരണാസിയിൽ നിന്ന് കണ്ണൂരിനുള്ള ഇൻഡിഗോ എയർലൈൻസ് 6E 6559/7013 പുറപ്പെട്ട് 6.45 ന് എത്തും.
കണ്ണൂർ കാശി യാത്രാ നിരക്ക്
കംഫോർട്ട് ക്ലാസിലുള്ള യാത്രയ്ക്ക് ട്രിപ്പിള്‍ ഒക്യുപൻസിയിൽ ഒരാൾക്ക് 36,500രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 37,300 രൂപ, സിംഗിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 44,500 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5-11 പ്രായത്തിലുള്ള കുട്ടികളിൽ ബെഡ് വെണമെങ്കിൽ 35,600 രൂ, ബെഡ് വേണ്ടെങ്കിൽ 32,200 രൂപ, 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 21,550 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നത്
ഇൻഡിഗോ എയർലൈൻസിന്റെ ഇക്കണോമി ക്ലാസിലെ വിമാന ടിക്കറ്റുകൾ (കണ്ണൂർ-വാരണാസി-കണ്ണൂർ), വാരണാസിയിൽ പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടെ 03 രാത്രി ഹോട്ടൽ താമസം (എസി മുറികൾ). അയോധ്യയിൽ പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടെ 01 രാത്രി ഹോട്ടൽ താമസം (എസി മുറികൾ), എസി വാഹനത്തിൽ അടിസ്ഥാനത്തിൽ ടൂർ യാത്രാ പദ്ധതി പ്രകാരം ട്രാൻസ്ഫറുകളും കാഴ്ചകളും. ഐആർസിടിസി ടൂർ കോർഡിനേറ്ററുടെ സേവനങ്ങൾ ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിംഗ്, മുകളിൽ പറഞ്ഞ സേവനങ്ങൾക്കുള്ള ബാധകമായ എല്ലാ നികുതികളും എന്നിവയാണ് നിങ്ങളുടെ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നത്.
ടിക്കറ്റിൽ ഉൾപ്പെടാത്തത്
എല്ലാ പ്രവേശന ഫീസ്/ടിക്കറ്റുകൾ, സ്റ്റിൽ / വീഡിയോ ക്യാമറ ഫീസ്, ബോട്ടിംഗ് ചാർജുകൾ / ഓട്ടോ ചാർജുകൾ മുതലായവ, വിമാന നിരക്കിൽ എന്തെങ്കിലും വർദ്ധനവ്, വിമാനത്താവള നികുതികളിലെ വർദ്ധനവ്, ഇന്ധന സർചാർജ്, ടിപ്പുകൾ, ടെലിഫോൺ ചാർജുകൾ, പോർട്ടറേജ്, അലക്കു ചെലവുകൾ, വൈൻ, മിനറൽ വാട്ടർ, ഭക്ഷണം, പാനീയങ്ങൾ തുടങ്ങിയ വ്യക്തിഗത ചെലവുകൾ സാധാരണ മെനുവിൽ പരാമർശിച്ചിട്ടില്ലാത്ത, ടൂർ യാത്രാ പദ്ധതിയിൽ നിന്നുള്ള ഏതെങ്കിലും വ്യതിയാനം, ടൂർ ഗൈഡിന്റെ സേവനങ്ങൾ, ഡ്രൈവർമാർ, ഗൈഡുകൾ, പ്രതിനിധികൾ എന്നിവർക്കുള്ള എല്ലാത്തരം ടിപ്പുകൾ തുടങ്ങിയവ നിങ്ങളുടെ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടില്ല.
യാത്രയെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബുക്കിങ്ങിനും
ഐആർസിടിസി എറണാകുളം-0484-2382991,8287932064, : 8287932117, 8287932082
കോഴിക്കോട് - 8287932098, തിരുവനന്തപുരം-8287932095 എന്നിങ്ങനെയാണ് ബന്ധപ്പെടേണ്ട ഫോൺ നമ്പർ.












Click it and Unblock the Notifications