കൊളക്കുമലയിലെ സൂര്യോദയം, കുട്ടനാടിന്‍റെ കാണാക്കാഴ്ചകൾ.. ആഘോഷമാക്കാം അവധികള്‍
നവമിയുടെ അവധികൾക്ക് യാത്ര പോകാൻ പ്ലാൻ ഉണ്ടോ? കേരളത്തിൽ തന്നെ അതിമനോഹരമായ സ്ഥലങ്ങൾ അസ്വാദിക്കാനുള്ളപ്പോൾ എന്തിന് ഈ സമയത്ത് പുറത്തേക്ക് പറക്കണം അല്ലേ. നമ്മുടെ മൂന്നാറും മലക്കപ്പാറയും വാഗമണ്ണും കൊളുക്കുമലയുമൊക്കെ എളുപ്പം പോയി വരാൻ പോകുന്ന സ്ഥലങ്ങളാണ്, കെഎസ്ആർടിസിക്കൊപ്പം. കെഎസ്ആർടിസിയുടെ ചാലക്കുടി ബജറ്റ് സെൽ ആണ് ഒക്ടോബർ മാസത്തിലെ പാക്കേജിൽ ഈ സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുമാത്രമല്ല കേട്ടോ, ട്രെക്കിങ്ങിന് പറ്റിയ ഇടങ്ങളും ക്രൂയിസ് യാത്രയുമൊക്കെ ഉണ്ട്. അവധി കേമമാക്കാൻ പാക്കേജ് വിവരങ്ങൾ അറിഞ്ഞാലോ
മലക്കാറ- 6, 27,31 ദിവസങ്ങളിലാണ് ഇവിടേക്ക് പാക്കേജ് ഉള്ളത്. കേരള-തമിഴ്നാട് അതിർത്തി ഗ്രാമമാണ് മലക്കപ്പാറ. ഒക്ടോബർ മാസത്തിൽ പോകാൻ പറ്റിയ ഇടം. മഴ മാറി കോട നിറഞ്ഞ് നിൽക്കുന്ന ഈ ഗ്രാമത്തിന് ഇപ്പോൾ പ്രത്യേക ചന്തമാണ്. അതിരപ്പിള്ളിയിൽ നിന്നും വനപാത താണ്ടി കാട്ടുമൃഗങ്ങളേയും കണ്ടുള്ള യാത്ര തന്നെയാണ് പാക്കേജിലെ പ്രധാന ആകർഷണം. രാവിലെ 8 ന് പോയി രാത്രി എട്ടിനാണ് തിരികെ എത്തുക.

ഇല്ലിക്കൽകല്ല്- സാഹസികത ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഇല്ലിക്കൽകല്ല് യാത്ര തിരഞ്ഞെടുക്കാം. കോട്ടയം ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും നാലായിരം അടി മുകളിൽ മൂന്ന് പാറക്കൂങ്ങളാണ് ഇവിടുത്തെ കാഴ്ച. കോടമൂടിയ കാഴ്ചകളും ഇടയ്ക്കിടെയുള്ള നൂൽമഴയുമെല്ലാമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടേക്കുള്ള ട്രെക്കിങ് അനുഭവിച്ച് തന്നെ അറിയണം. 26 നാണ് യാത്ര. 6.30 ന് പോയാൽ 10.30 ന് തിരികെയെത്താം.
വട്ടവട-തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം ശീതകാല പച്ചക്കറികൾക്ക് പേര് കേട്ട ഇടമാണ്. ഏത് ചൂടിലും സുഖകരമായ കാലാവസ്ഥയാണിവിടെ. പ്രകൃതിഭംഗി ആസ്വദിച്ച് കൃഷിപ്പാടങ്ങളെല്ലാം കണ്ട് യാത്ര ആഘോഷമാക്കാം. ഈ മാസം 12 നാണ് വട്ടവടയിലേക്കുള്ള യാത്ര.
കൊളുക്കുമല-തമിഴ്നാട്ടിലെ തേനിയിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇവിടേക്ക് റോഡ് മാർഗം പോകാൻ പറ്റുക കേരളത്തിലൂടെ മാത്രമാണ്. മൂന്നാറിൽ നിന്നും 35 കിമിയോളം പോയാൽ കൊളുക്കുമലയിൽ എത്താം. കൊളുക്കുമലയിലെ സൂര്യോദയവും അസ്തമയവും സഞ്ചാരികളെ ഹരം കൊള്ളിക്കും. 26 നാണ് കൊളുക്കുമല പക്കേജുള്ളത്. രാത്രി 9 ന് പോയി പിറ്റേന്ന് രാത്രി 8 ന് മടങ്ങിയെത്തുന്ന തരത്തിലാണ് പാക്കേജ്.
ഇത് കൂടാതെ 6 ന് രാമക്കൽട്, 13 ന് നെല്ലിയാമ്പതി, വാഗമൺ 19 ന് കുമളി, 20 ന് സാഗരറാണി ക്രൂയിസ് യാത്ര,27 ന് കാന്തല്ലൂർ, 31 സീ കുട്ടനാട് തുടങ്ങിയ യാത്രകളും ചാലക്കുടിയിൽ നിന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് -9074503720 ,9747557737












Click it and Unblock the Notifications