മലബാറിലെ രുചി, പ്രകൃതി, ചരിത്രം, 'എക്സ്പീരിയൻസ് മലബാർ' യാത്രയുമായി കെഎസ്ആർടിസി; പോകാം?
കുറഞ്ഞ ചെലവിൽ കേരളത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന യാത്രകൾക്ക് ആരാധകർ ഏറെയാണ്. ഇതിനോടകം തന്നെ 427 ടൂർ പാക്കേജുകൾ സെൽ നടത്തുന്നുണ്ട്. കോടിക്കണക്കിന് വരുമാനവും ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. യാത്രകൾ കൂടുതൽ ജനപ്രീയമായതോടെ പുത്തൻ സാധ്യതകൾ പരീക്ഷിക്കുകയാണ് ഇപ്പോൾ വകുപ്പ്. അടുത്ത ഘട്ടം എന്ന നിലയിൽ ആദ്യ മൾട്ടി ആക്സിൽ എസി വോൾവോ ഉല്ലാസ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് കെഎസ്ആർടിസി. കൊല്ലത്ത് നിന്ന് ഈ മാസം 18 നാണ് യാത്ര ആരംഭിക്കുന്നത്. യാത്രയുടെ വിശദമാംശങ്ങൾ അറിയാം
തെക്ക് ഉള്ളവർക്ക് മലബാറിലെ കാഴ്ചകളോട് താത്പര്യം അറെയാണ്. അതുകൊണ്ട് തന്നെ മലബാറിലേക്കാണ് കൊല്ലത്ത് നിന്നുള്ള ഈ യാത്ര. 'എക്സ്പീരിയൻസ് മലബാർ'എന്ന ടാഗ് ലൈനിലാണ് യാത്ര അവതരിപ്പിച്ചിരിക്കുന്നത്. മലബാറിലെ പ്രകൃതിയും ചരിത്രവും രുചിയുമെല്ലാം ആസ്വദിച്ച് മടങ്ങി വരുന്ന രീതിയിലാണ് പാക്കേജ്. മലബാറിലെ പ്രധാന ചരിത്ര സ്മാരകങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, രുചിയിടങ്ങളെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.

18 ന് വൈകീട്ട് 6 നാണ് യാത്ര ആരംഭിക്കുന്നത്. കണ്ണൂരിലെ പ്രശസ്തമായ സെന്റ് ആഞ്ചലോസ് കോട്ടയാണ് പാക്കേജിലെ പ്രധാന കാഴ്ചകളിലൊന്ന്. കണ്ണൂർ കോട്ടയെന്ന് അറിയപ്പെടുന്ന ആഞ്ജലോസ് കോട്ട ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി ആയ ഫ്രാന്‍സിസ്കോ ദ് ആല്‍മീദയാണ് പണികഴിപ്പിച്ചത്. അറബിക്കടലിനോട് അഭിമുഖമായി പണിത ഈ കോട്ട സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വെട്ടുകല്ലിലാണ് ഈ കോട്ട തയ്യാറാക്കിയിരിക്കുന്നത്. പാക്കേജിലെ മറ്റൊരു സ്ഥലം കണ്ണൂർ ജില്ലയിലെ പ്രധാന മ്യൂസിയമായ അറക്കൽ മ്യൂസിയമാണ്. കൂടാതെ പഴശി മ്യൂസിയവും സന്ദർശിക്കും. തെക്ക് നിന്ന് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മലബാറിലെ പ്രമുഖ ക്ഷേത്രമായ പറശിനിക്കടവും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാസർഗോഡ് ജില്ലയിൽ ഒരിടത്ത് മാത്രമായിരിക്കും യാത്ര, ബേക്കൽ കോട്ടയിൽ. കേരളത്തിലെ വലിയ കോട്ടയായ ബേക്കൽ കോട്ട 35 ഓളം ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 130 അടി ഉയരത്തിലാണ് ഈ കോട്ട പണികഴിപ്പിച്ചത്. താക്കോൽ ദ്വാരത്തിന്റെ മാതൃകയാണ് ഈ കോട്ടയ്ക്ക്.
കോഴിക്കോട് ജില്ല കാണാതെ മലബാർ യാത്ര പൂർത്തിയാകുമോ അല്ലേ. കോഴിക്കോട് ജില്ലയിലെ ലോകനാർക്കാവ് കാപ്പാട് ബീച്ച്, മിഠായിത്തെരുവ്, ബേപ്പൂർ എന്നിവയാണ് സന്ദർശിക്കുക. രണ്ട് ദിവസത്തെ പാക്കേജിന് 3200 രൂപയാണ് ചെലവ്. ബുക്കിങ്ങിനെ കുറിച്ചും കൂടുതൽ വിവരങ്ങൾക്കും 9747969768, 9495440444 നമ്പറിൽ ബന്ധപ്പെടാം .












Click it and Unblock the Notifications