തായ്‍ലൻഡും പട്ടായയും പോകാൻ ബാഗ് പാക്ക് ചെയ്തോളൂ; ഇന്ത്യക്കാർക്കുള്ള വിസയിൽ വൻ തീരുമാനം
ബാങ്കോക്കിലേക്കും പട്ടായയിലേക്കുമൊക്കെ കുറഞ്ഞ ചിലവിൽ ഒരു അടിപൊളി ട്രിപ്പ് അടിക്കാൻ കാത്തിരിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇന്ത്യക്കാർക്ക് തായ്‍ലൻഡ് നൽകിവന്നിരുന്ന വിസരഹിത പ്രവേശനം പൂർണ്ണമായി നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് തായ്ലാൻഡ് സർക്കാർ ഒടുവിൽ പിന്മാറിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് ഇനി 30 ദിവസം വിസയില്ലാതെ രാജ്യത്ത് തുടരാൻ അനുമതി നൽകാൻ തായ്‍ലൻഡ് മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനമെടുത്തു. ഇന്ത്യൻ ടൂറിസ്റ്റുകളുടെ യാത്രാ രീതികളും താല്പര്യങ്ങളും കണക്കിലെടുത്താണ് ഈ 30 ദിവസത്തെ ഇളവ് അനുവദിച്ചതെന്ന് തായ്‍ലൻഡ് ടൂറിസം മന്ത്രി സുരസാക് പഞ്ചരോയൻവൊരാകുൽ അറിയിച്ചു. ഭാവിയിൽ ഈ തീരുമാനം കാരണം എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ മാത്രം ഇത് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
യഥാർത്ഥത്തിൽ മുൻപ് ഇന്ത്യക്കാർക്ക് 60 ദിവസം വരെ വിസയില്ലാതെ തായ്‍ലൻഡിൽ നിൽക്കാൻ അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളുടെയും ഈ 60 ദിവസത്തെ വിസ ഫ്രീ ആനുകൂല്യം പൂർണ്ണമായി നിർത്തലാക്കാൻ തായ്‍ലൻഡ് മന്ത്രിസഭ ഒരു നീക്കം നടത്തിയിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെ ഇന്ത്യയിൽ നിന്ന് തായ്‍ലൻഡിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. തായ്‍ലൻഡ് ടൂറിസത്തെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ചൈനയും മലേഷ്യയും കഴിഞ്ഞാൽ ഇന്ത്യക്കാരാണ്. സഞ്ചാരികൾ കുറഞ്ഞത് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയതോടെയാണ് വിസരഹിത പ്രവേശനം പൂർണ്ണമായി നിർത്താതെ, 60 ദിവസത്തിൽ നിന്ന് 30 ദിവസമായി ചുരുക്കി നിലനിർത്താൻ സർക്കാർ തീരുമാനിച്ചത്. ചൈന, മലേഷ്യ എന്നീ രാജ്യക്കാർക്ക് ഇപ്പോഴും 60 ദിവസത്തെ ആനുകൂല്യം തുടരുന്നുണ്ട്.

ആദ്യം ഇന്ത്യയടക്കം 93 രാജ്യങ്ങൾക്കായിരുന്നു തായ്‍ലൻഡ് ഈ ഇളവ് നൽകിയിരുന്നത്. അത് വെറും 54 രാജ്യങ്ങളാക്കി കുറയ്ക്കാനായിരുന്നു മുൻപത്തെ പ്ലാൻ. എന്നാൽ പുതിയ തീരുമാനപ്രകാരം യോഗ്യരായ രാജ്യങ്ങൾക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിച്ചതോടെ ഈ പട്ടികയിലുള്ള രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ ക്രൊയേഷ്യ, ബൾഗേറിയ, സൈപ്രസ്, മാൾട്ട, മാലദ്വീപ് എന്നീ രാജ്യങ്ങൾക്കും ഈ 30 ദിവസത്തെ ആനുകൂല്യം ലഭിക്കും. ഇതിൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. തായ്‍ലൻഡ് പാസ്‌പോർട്ട് ഉള്ളവർക്ക് യൂറോപ്പിലേക്കുള്ള 'ഷെങ്കൻ വിസ' എളുപ്പത്തിൽ നേടിയെടുക്കാനുള്ള ചർച്ചകളുടെ ഭാഗമായാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് തായ്‍ലൻഡ് ഈ ഇളവ് നൽകിയിരിക്കുന്നത്. എന്തായാലും വിസ അടിക്കാനുള്ള തുകയും സമയവും ലാഭിക്കാമെന്നതിനാൽ ഇന്ത്യൻ സഞ്ചാരികൾക്ക് ഈ തീരുമാനം വലിയൊരു ആശ്വാസം തന്നെയാണ്.












Click it and Unblock the Notifications