ഗോവയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ കാറും ഒപ്പം കൂട്ടിയാലോ? റെയില്‍വേയുടെ പുതിയ പദ്ധതി ഈ നഗരത്തില്‍ നിന്ന്
ഇനി ദൂരയാത്രയ്ക്ക് ട്രെയിനില്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നതിനൊപ്പം സ്വന്തം കാര്‍ കൂടി കൊണ്ടു പോകാന്‍ കഴിഞ്ഞാലോ? വിനോദ യാത്ര പോകുന്ന സ്ഥലത്ത് ട്രെയിനിറങ്ങി സ്വന്തം കാറില്‍ തന്നെ സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞാല്‍ അത് അടിപൊളിയായിരിക്കില്ലേ? നീണ്ട യാത്രയുടെ ക്ഷീണവും ഉണ്ടാകില്ല. അങ്ങനെയൊരു പുത്തന്‍ സംവിധാനമാണ് കൊങ്കണ്‍ റെയില്‍വേ യാത്രക്കാര്‍ക്കായി ഒരുക്കുന്നത്.
മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള റൂട്ടിലാണ് ഇൗ പദ്ധതി ആദ്യം നടപ്പാക്കുന്നത്. യാത്രാ സമയം, ഇന്ധനം എന്നിവ ലാഭിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പ്രത്യേകിച്ച്, മഴക്കാലത്ത് അപകടങ്ങള്‍ ഒഴിവാക്കി സുരക്ഷിതവും സുഖകരവുമായ യാത്ര വാഗ്ദാനം ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

കാറുകളും എസ്യുവികളും പോലുള്ള സ്വകാര്യ യാത്രാ വാഹനങ്ങളാണ് ട്രെയിനുകളില്‍ കൊണ്ടു പോകാന്‍ അനുവദിക്കുന്നത്. പദ്ധതി ഉടന്‍ അവതരിപ്പിക്കാനാണ് കൊങ്കണ്‍ റെയില്‍വേ പദ്ധതിയിടുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഗണപതി ഉത്സവ സീസണില്‍ തന്നെ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചരക്കു ലോറികള്‍ ട്രെയിന്‍ വഴി ലക്ഷ്യ സ്ഥാനത്തെത്തിക്കുന്ന 'റോ-റോ' സൗകര്യം വന്‍ വിജയമായതിനു പിന്നാലെയാണ് യാത്രാ വാഹനങ്ങള്‍ ട്രെയിനുകളില്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്ന പുതിയ സംവിധാനം കൊങ്കണ്‍ റെയില്‍വേ അവതരിപ്പിക്കുന്നത്.
നിലവില്‍ പ്രത്യേകം നിര്‍മ്മിച്ച വാഗണുകള്‍ക്ക് മുകളിലൂടെയാണ് ട്രക്കുകള്‍ കൊണ്ടുപോകുന്നത്. ഈ പദ്ധതി വന്‍ വിജയമായിരുന്നു. ഇന്ധന ഉപഭോഗവും യാത്രാ സമയവും കുറച്ചതു മാത്രമല്ല, തിരക്കേറിയ കൊങ്കണ്‍ റോഡുകളിലെ ഗതാഗതം സുഗമമാക്കാനും ഈ സംവിധാനത്തിലൂടെ കഴിഞ്ഞു. അന്തരീക്ഷ മലിനീകരണവും ഇതുവഴി കുറഞ്ഞിരുന്നു. ഈ പദ്ധതിയുടെ ജനപ്രീതിയാണ് സ്വകാര്യ യാത്രാ വാഹനങ്ങളിലേക്കും വ്യാപിപിക്കാന്‍ കൊങ്കണ്‍ റെയില്‍വേയെ പ്രേരിപ്പിച്ചതെന്ന് കൊങ്കണ്‍ റെയില്‍വേ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ സന്തോഷ് കുമാര്‍ ഝാ കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെ ലഗേജുകള്‍ കാറിനുള്ളില്‍ തന്നെ സുരക്ഷിതമായി വയ്ക്കുകയുമാകാം.
റോ-റോ മോഡല്‍ എന്താണ്?
റോള്‍-ഓണ്‍ റോള്‍-ഓഫ് (റോ-റോ) എന്നത് ഒരു റാമ്പ് സംവിധാനത്തിലൂടെ ട്രെയിന്‍ വാഗണുകളില്‍ ലോറികള്‍ കയറ്റുന്ന മോഡലാണ്. ലോറികള്‍ മറിഞ്ഞു പോകാതെ സുരക്ഷിതമായി നിര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് ഈ വാഗണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാഗണുകളില്‍ നിരനിരയായി നിര്‍ത്തുന്ന ലോറികളുടെ പരമാവധി ഉയരം റോഡ് നിരപ്പില്‍ നിന്ന് 3.425 മീറ്റര്‍ ഉയരത്തിലാണ്.
ട്രക്ക് ഡ്രൈവര്‍മാരും അവരുടെ സഹായികളും വാഹനങ്ങളെ അനുഗമിക്കുകയും അവ സഞ്ചരിക്കുമ്പോള്‍ ക്യാബിനിനുള്ളില്‍ ഉറങ്ങുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ കൊളാഡില്‍ നിന്ന് കര്‍ണാടകയിലെ മംഗലാപുരം വരെയാണ് നിലവില്‍ റോ-റോ സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞത് 40 ട്രക്കുകള്‍ എങ്കിലും ലഭ്യമാണെങ്കില്‍ മാത്രമേ ട്രെയിന്‍ സര്‍വീസ് നടത്തൂ.
ഈ പദ്ധതി വിനോദ സഞ്ചാരികള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കാറില്‍ യാത്ര ചെയ്യാന്‍ സാധാരണയായി 10 മുതല്‍ 12 മണിക്കൂര്‍ വരെ എടുക്കും. വലിയ വളവുകള്‍, ചുരങ്ങള്‍, ഗതാഗതക്കുരുക്ക് എന്നിവ അതിജീവിച്ചു വേണം ലക്ഷ്യസ്ഥാനത്ത് എത്താന്‍. റോ-റോ പാസഞ്ചര്‍ വാഹന സംവിധാനം ഉപയോഗിച്ച്, യാത്രക്കാര്‍ക്ക് സമയവും ഊര്‍ജവും ലാഭിക്കാന്‍ കഴിയും. കാറുകള്‍ സുരക്ഷിതമായി കൊണ്ടു പോകുന്ന സമയത്ത് യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ട്രെയിന്‍ യാത്ര ആസ്വദിക്കാനും കഴിയും.
ഹൈവേ യാത്രയിലെ മണ്ണിടിച്ചിലും വെള്ളക്കെട്ടും പേടിക്കുകയും വേണ്ട. പ്രത്യേകിച്ച് മഴക്കാലത്ത്. വിനോദസഞ്ചാരികള്‍ക്ക് മടുപ്പിക്കുന്ന റോഡ് യാത്ര ഒഴിവാക്കി വായനയ്ക്കും വിശ്രമത്തിനും സമയം കണ്ടെത്താം.












Click it and Unblock the Notifications