ട്രെയിനുകളില്‍ വാഴയിലയില്‍ പൊതിഞ്ഞ ബിരിയാണിയുടെ ഗന്ധം; ഹിറ്റായി 'സമൃദ്ധി': വന്ദേഭാരതിലേക്കും?
യാത്രയ്ക്കിടെ വാഴയിലയില്‍ പൊതിഞ്ഞ പൊതിച്ചോറും ബിരിയാണിയും ഒക്കെ തുറക്കുമ്പോഴുള്ള ഗന്ധം, അതിന്റെ സുഖം ഒന്ന് വേറെയാണ്. പ്രത്യേകിച്ച് മുഷിഞ്ഞ ട്രെയിന്‍ യാത്രക്കിടെയാണെങ്കിലോ, ഉന്മേഷം വീണ്ടെടുക്കാന്‍ വേറൊന്നും വേണ്ട. മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗം കൂടിയാണ് വാഴയിലയില്‍ പൊതിഞ്ഞ ബിരിയാണി.
ട്രെയിനില്‍ സാധാരണക്കാരായ യാത്രക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് മികച്ച ഭക്ഷണം ലഭ്യമാക്കുന്നത് കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി ഹോട്ടല്‍ ആണ്. കുറഞ്ഞ നിരക്കില്‍ കൊച്ചിക്കാരുടെ വിശപ്പകറ്റി ഹിറ്റായ സംരംഭമാണ് കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി ഹോട്ടല്‍. ഇവിടുത്തെ ഭക്ഷണമാണ് ട്രെയിനുകളിലും ലഭ്യമാക്കുന്നത്.

ആദ്യം മൂന്ന് ട്രെയിനുകളിലാണ് വാഴയിലയില്‍ പൊതിഞ്ഞ ഭക്ഷണം ലഭ്യമാക്കിയിരുന്നെങ്കില്‍ ഇപ്പോഴത് നാലായി ഉയര്‍ന്നു. പരശുറാം, ഇന്റര്‍സിറ്റി ജനശതാബ്ദി, വേണാട് ട്രെയിനുകളിലാണ് കുറഞ്ഞ നിരക്കില്‍ സമൃദ്ധമായി ഭക്ഷണം നല്‍കുന്നത്. വൈകാതെ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലും സമൃദ്ധി ബിരിയാണി ഉള്‍പ്പെടെ മെനുവില്‍ ഇടംപിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
20 രൂപാ നിരക്കില്‍ കൊച്ചിക്കാരുടെയും അന്യ ജില്ലകളില്‍ നിന്ന് വരുന്നവരുടെയും വിശപ്പ് അകറ്റിയ സംരംഭമാണ് കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി. സമൃദ്ധിയെ കുറിച്ച് കേട്ടറിഞ്ഞ ഐആര്‍സിടിസിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍) ഡല്‍ഹിയിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി എറണാകുളം നോര്‍ത്തിലെ അടുക്കള പരിശോധിച്ചു തൃപ്തിയായ ശേഷമാണ് അംഗീകാരം നല്‍കിയത്. ട്രെയിനുകളില്‍ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കുന്നത് ഐആര്‍സിടിസിയുടെ ചുമതലയാണ്.
അടുത്തകാലത്തായി ട്രെയിനുകളിലെ ഭക്ഷണം സംബന്ധിച്ച് വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നതൊക്കെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമൃദ്ധിയുടെ പ്രസക്തി. സമൃദ്ധി കിച്ചനില്‍ നിന്ന് നിരവധി ഭക്ഷണ പൊതികളാണ് ഈ നാല് ട്രെയിനുകളിലേക്കും പോകുന്നത്.
വെളുപ്പിന് അടുക്കളയില്‍ പണി തുടങ്ങിയാല്‍ മാത്രമേ ഏഴു മണിയോടെ ട്രെയിനുകളിലേക്ക് ഭക്ഷണപ്പൊതികള്‍ ലഭ്യമാക്കാനാകൂ. വാഴയിലയില്‍ പൊതിഞ്ഞ ചോറ് പൊതികളും ബിരിയാണിയും ലഘു ഭക്ഷണങ്ങളുമാണ് വിതരണം ചെയ്യുന്നത്. അതില്‍ ഏറ്റവും ഹിറ്റ് ബിരിയാണി തന്നെയാണ്. ഭക്ഷണ പാക്കറ്റുകളില്‍ സമൃദ്ധിയുടെ സ്റ്റിക്കറും പതിക്കും. സൗത്ത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ വരുന്നതിനു മുന്നോടിയായി എത്തിക്കും.
ഐആര്‍സിടിസിയുടെ കരാര്‍ ലഭിച്ചാല്‍ കേരളത്തിലേക്ക് ഓടുന്ന വന്ദേ ഭാരത് അടക്കമുള്ള കൂടുതല്‍ ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യാനാകും. എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ രണ്ട് സ്റ്റാളുകളും സമൃദ്ധിക്ക് അനുവദിക്കും. ഇക്കാര്യത്തില്‍ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.












Click it and Unblock the Notifications