തമിഴ്നാടിന്റെ അഡാറ് വ്യൂ, തേക്കടിയും കറങ്ങാം മുന്തിരിത്തോപ്പും കാണാം';പാക്കേജ്
ഓണാവധിക്ക് ഒരു യാത്രയെങ്കിലും പോകേണ്ടേ? കുടുംബവുമൊത്ത് ഒരു യാത്ര പോകണമെന്നൊക്കെ ആഗ്രഹം കാണുമെങ്കിലും നല്ലൊരു യാത്ര പോകാൻ അത്യാവശ്യം കാശ് ചെലവ് ആണെന്നതിനാൽ പവരും മടിക്കും. പ്രത്യേകിച്ച് ഓണത്തിന്റെ ക്ഷീണവും കാണുമല്ലോ. എന്നാൽ അധികം പൈസ ചെലവഴിക്കാതെ മനസിൽ തങ്ങി നിൽക്കുന്നൊരു ഗംഭീര യാത്ര പോയാലോ? അധികം ആലോചിച്ച് സമയം ചെലവഴിക്കേണ്ട, ഉടൻ കിളിമാനൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിച്ചോളൂ. ഈ മാസം 20 ന് എല്ലാം മറന്ന് ആസ്വദിക്കാൻ പാകത്തിലൊരു പാക്കേജാണ് സെൽ ഒരുക്കിയിരിക്കുന്നത്. പാക്കേജിനെ കുറിച്ച് അറിയാം
തേക്കടിയിലേക്കാണ് യാത്ര. എന്ന് വെച്ച് തേക്കടി മാത്രമല്ല പാക്കേജിൽ ഉള്ളത്. കിളിമാനൂരിൽ നിന്നും പുലർച്ചെ നാലരയോടെയാണ് യാത്ര ആരംഭിക്കുന്നത്. രാമക്കൽ മേട് വഴി നേരെ തേക്കടിയിലേക്ക് എത്തും. ഇവിടെ കെടിഡിസിയുടെ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിച്ച് ഉച്ചയ്ക്ക് ശേഷമാണ് സ്ഥലങ്ങൾ കണ്ട് തുടങ്ങുക. ആദ്യം ജീപ്പ് സഫാരിയായി കേരള-തമിഴ്നാട് വ്യൂ പോയിന്റാണ് കാണാൻ പോകുക. കാഴ്ച മതിയാവോളം ആസ്വദിച്ച് കഴിഞ്ഞാൽ നേരെ മുന്തിരിപ്പാടത്തേക്ക്.

പൂത്തുലഞ്ഞ് നിൽക്കുന്ന മുന്തിരിക്കൊലകൾ കാണാൻ പ്രത്യേക ഭംഗിയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. മുന്തിരിപ്പാടങ്ങളിൽ കയറി വിളഞ്ഞ് നിൽകുന്ന മുന്തിരകൾ കാണാനും ഫോട്ടോയെടുക്കാനുമെല്ലാം അവസരമുണ്ട്. ഇതുകഴിഞ്ഞ് വൈകീട്ടോടെ നേരെ ഹോട്ടലിലേക്ക് മടങ്ങും. അന്ന് രാത്രി തകർത്താഘോഷിക്കാൻ ഹോട്ടലിന് മുന്നിൽ ക്യാമ്പ് ഫയറും തയ്യാറാക്കിയിട്ടുണ്ട്.
പിറ്റേന്ന് രാവിലെ തേക്കടി കണ്ട് തീർക്കാം. മലയാളികൾ ഏറ്റവും കൂടുതൽ എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് കൂടിയണ് തേക്കടി. കാടിനുളളിലെ താമസവും ട്രെക്കിങും വന്യമൃഗങ്ങളും അങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം പകരുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. കാഴ്ചകൾ കണ്ട് ഉച്ചയോട് കൂടി ഇവിടെ നിന്ന് ഇറങ്ങും. ശേഷം ഇടുക്കിയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ പരുന്തുപാറയും കറങ്ങിയായിരിക്കും നാട്ടിലേക്കുള്ള യാത്ര. മൂന്ന് നേരത്ത ഭക്ഷണവും ജീപ്പ് സഫാരിയുമടക്കം 3040 രൂപയാണ് ഒരാൾക്ക് ഈടാക്കുക. 50 സീറ്റാണ് ഉള്ളത്.
ഓണത്തിന്റെ അവധിയായതോടെ പാക്കേജിന് വൻ ഡിമാന്റാണെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. കിളിമാനൂരിൽ നിന്നുള്ള പാക്കേജുകളിൽ കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന പാക്കേജുകളിൽ ഒന്നാണിതെന്നും ജീവനക്കാർ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. ടിക്കറ്റുകൾ ബുക്ക ് ചെയ്യുന്നതിന് 9633732363, 9447013457, 9645667733 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications