ഇടതൂർന്ന ഇലപൊഴിയും വനത്തിലൂടെ ഇനി ബഗ്ഗി കാറിൽ പറക്കാം; തേക്കടി കാഴ്ച കാണാൻ വേണ്ടത് വെറും 200 രൂപ
തേക്കടി മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും ബോട്ട് റൈഡും കാടിനുളളിലെ താമസവും ട്രെക്കിങും വന്യമൃഗങ്ങളും അടക്കം ഒരു പാക്കേജ് തന്നെയാണ് തേക്കടി നല്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം പകരുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.
ഇപ്പോഴിതാ, തേക്കടിയിൽ സഞ്ചാരികളുടെ സൗകര്യത്തിനായി ബഗ്ഗി കാർ റൈഡ് ഒരുക്കിയിരിക്കുകയാണ് അധികൃതർ. തേക്കടിയുടെ പ്രവേശന കവാടത്തിൽ നിന്ന് ബോട്ട് ലാന്‍ഡിങ്ങിലേക്കുള്ള നീണ്ട യാത്ര ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി വനംവകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ച് പേർക്ക് യാത്ര ചെയ്യാം
രണ്ട് ബഗ്ഗി കാറുകളാണ് തേക്കടിയിൽ എത്തിച്ചിരിക്കുന്നത്. ഒരു കാറിൽ അഞ്ച് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.. പ്രവേശനകവാടത്തിൽ നിന്ന് വനത്തിലൂടെ നടന്നാണ് സഞ്ചാരികൾ ബോട്ട് ലാൻഡിങ്ങിലേക്ക് പോകാറുള്ളത്. ഏകദേശം മൂന്നര കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഈ ദൂരം ഈ ബഗ്ഗി കാറിൽ താണ്ടാം.
നടത്തത്തിന്റെ സുഖം കിട്ടുമോ? ഫോട്ടോ പകർത്താൻ കഴിയുമോ? കാഴചകൾ മിസ് ആകുമോയെന്നൊന്നും സംശയം വേണ്ട. നടക്കുമ്പോൾ കാണുന്ന എല്ലാ കാഴ്ചകളും ബഗ്ഗി കാറിലും ആസ്വദിക്കാം. ആവശ്യമുള്ള കാഴ്കളെല്ലാം കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമെല്ലാം സഞ്ചാരികൾക്ക് പ്രത്യേകം സൗകര്യം ഒരുക്കും. പക്ഷികളെ നിരീക്ഷിക്കുന്നതിന് ബൈനോക്കുലറും കാടിനെ കുറിച്ച് കൂടുതൽ അറിയാൻ ടൂറിസ്റ്റ് ഗൈഡിന്റെ സഹായവും ലഭിക്കും. അതായത് നടക്കാൻ മടിയുള്ളവർക്ക് ഇനി മുതൽ ഈസിയായി തന്നെ തേക്കടി കാഴ്ചകൾ ആസ്വദിക്കാമെന്ന് സാരം. കുട്ടികളുമായി എത്തുന്നവർക്കും ബഗ്ഗി കാറുകൾ കൂടുതൽ ഉപകാരപ്രദമാകും.
ഒരുമണിക്കൂര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് ഇരുനൂറ് രൂപയാണ് നൽകേണ്ടത്.
തേക്കടി മാത്രം കണ്ട് മടങ്ങേണ്ട, പോകാം ഇവിടങ്ങളിലും
തേക്കടിയിലേക്ക് വന്നാൽ വന്യജീവി സംരക്ഷണ കേന്ദ്രവും തടാകവും മാത്രം കണ്ട് മടങ്ങാൻ നിൽക്കേണ്ട, സമീപത്തുള്ള പാണ്ടിക്കുഴിയും കുരിശുമലയും ചെല്ലാർകോവിലും ഗ്രാമ്പിയുമൊക്കെ സഞ്ചാരികൾക്ക് സന്ദർശിക്കാം.
ട്രക്കിങ് പ്രിയർക്ക് പോകാൻ പറ്റിയ ഇടമാണ് പാണ്മടിക്കുഴി. തമിഴ്നാടിനോട് ചേർന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പച്ചവിരിച്ച അടിവാരവും മലമുകളിലെ കാറ്റും കുളിരുമെല്ലാമാണ് സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാനാകുക. തേക്കടിയിൽ നിന്നും നാല് കിമി പോയാൽ കുരിശുമല എത്താം. ഇതും ട്രെക്കിങ്ങിന് പറ്റിയ ഇടമാണ്.
തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ ദൂരക്കാഴ്ച ചെല്ലാർകോവിൽ നിന്നും ആസ്വധിക്കാം. മലമുകളിലെ കാഴ്ചകൾ ഏത് സഞ്ചാരിയേയും അമ്പരപ്പിക്കും. കുമളിയിൽ നിന്നും ഇവിടേക്ക് 15 കിമി ഉണ്ട്. മനോഹരമായ ഹിൽ സ്റ്റേഷനാണ് ഗ്രമ്പി. തേക്കടിയിൽ നിന്നും 24 കിമി ഇവിടേക്ക് പോകണം.












Click it and Unblock the Notifications