തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സൂപ്പർഹിറ്റ്: ബുക്കിംഗിലും വരുമാനത്തിലും നമ്പർ 1 ..കണക്ക് പുറത്ത്
കൊച്ചി: ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് സർവീസുകളിൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം നേടി തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ്. 2025 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസത്തിനിടെ 73.35 ലക്ഷം രൂപയാണ് ട്രെയിനിൻ്റെ വരുമാനം. ഇതേ കാലയളവിൽ 11,896 പേരാണ് ട്രെയിനിൽ യാത്ര ചെയ്തത്.
മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് 45.01 ലക്ഷം രൂപ വരുമാനം നേടിയപ്പോൾ, ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേഭാരത് 28.98 ലക്ഷം രൂപയും നാഗർകോവിൽ-ചെന്നൈ എഗ്മോർ സർവീസ് 36.34 ലക്ഷം രൂപയും വരുമാനം നേടി. കോയമ്പത്തൂർ-ബെംഗളൂരു വന്ദേഭാരതിന് 6.68 ലക്ഷം രൂപയും മംഗളൂരു-മഡ്ഗാവ് സർവീസിന് 6.25 ലക്ഷം രൂപയുമാണ് ലഭിച്ചത്.

ബുക്കിംഗിന്റെ കാര്യത്തിലും തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഏറെ മുന്നിലാണ്. ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേഭാരതിന് 2,832 ബുക്കിംഗുകളും കോയമ്പത്തൂർ-ബെംഗളൂരു വന്ദേഭാരതിന് 835 ബുക്കിംഗുകളും മാത്രമാണ് ലഭിച്ചത്.2025-26 സാമ്പത്തിക വർഷത്തിൽ ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേഭാരത് ട്രെയിനുകളിൽ ആകെ യാത്ര ചെയ്തത് 77.38 ലക്ഷം പേരാണ്. ഇതിലൂടെ 803.86 കോടി രൂപയുടെ വരുമാനവും നേടി. മുൻ വർഷം 54.12 ലക്ഷം യാത്രക്കാരും 540.65 കോടി രൂപയുമായിരുന്ന വരുമാനം. ഒരു വർഷത്തിനിടെ യാത്രക്കാരുടെയും വരുമാനത്തിന്റെയും എണ്ണത്തിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്.
2026-27 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 15.21 ലക്ഷം പേരാണ് വന്ദേഭാരത് ട്രെയിനുകളിൽ യാത്ര ചെയ്തത്. ഈ കാലയളവിലെ വരുമാനം 162.96 കോടി രൂപയാണ്.
മംഗളൂരു-തിരുവനന്തപുരം, ചെന്നൈ എഗ്മോർ-നാഗർകോവിൽ, കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകൾ സ്ഥിരമായി 100 ശതമാനത്തിലേറെ ഒക്കുപ്പൻസി രേഖപ്പെടുത്തുന്നവയാണ്. സീറ്റുകളെക്കാൾ കൂടുതൽ ആവശ്യക്കാർ എത്തുന്ന സാഹചര്യം ഈ സർവീസുകളുടെ ജനപ്രീതി വ്യക്തമാക്കുന്നുണ്ട്.
ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പുവരെ ഒഴിവുള്ള സീറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്ന 'കറന്റ് റിസർവേഷൻ' സംവിധാനവും യാത്രക്കാരുടെ എണ്ണം വർധിക്കാൻ സഹായിച്ചെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കിയ എട്ട് വന്ദേഭാരത് ട്രെയിനുകളിലും കറന്റ് ബുക്കിംഗിലൂടെയുള്ള യാത്രക്കാരുടെ എണ്ണവും വരുമാനവും ഗണ്യമായി ഉയർന്നു. വർഷംതോറും യാത്രക്കാരുടെയും വരുമാനത്തിന്റെയും കാര്യത്തിൽ വളർച്ച തുടരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് യാത്രക്കാരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് ദക്ഷിണ റെയിൽവേ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications