തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് സ്ഥിരമായി വൈകുന്നു; 'ഒരു മണിക്കൂർ കാത്തിരുന്നു', പരാതി
തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് സ്ഥിരമായി വൈകിയോടുന്നതായി പരാതി. കഴിഞ്ഞ ദിവസം വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന യാത്രക്കാർ ഏകദേശം ഒരു മണിക്കൂറോളമാണ് തിരുവനന്തപുരം സെൻട്രലിൽ ട്രെയിനിനായി കാത്തിരുന്നത്. വന്ദേഭാരത് വൈകിയതോടെ മറ്റ് പാസഞ്ചർ സർവീസുകളുടെ യാത്രയും തടസപ്പെട്ടു
4.05-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ വൃത്തിയാക്കാത്ത കോച്ചുകളുമായി 5.19-നാണ് യാത്ര തിരിച്ചത്. ഇതോടെ കൊല്ലം, കോഴിക്കോട്, കണ്ണൂർ യാത്രക്കാർക്കും ഒരു മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു.

വന്ദേ ഭാരത് പലപ്പോഴും വൈകാറുണ്ടെന്ന് കോഴിക്കോട് സ്വദേശി പി ശിൽപ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. തീരൂരിൽ 9.02-ന് എത്തേണ്ടിയിരുന്ന ട്രെയിൻ 10.45-നാണ് എത്തിയത്. ഏകദേശം രണ്ട് മണിക്കൂർ വൈകി. കൃത്യനിഷ്ഠയും സൗകര്യങ്ങളും പ്രതീക്ഷിച്ച് പണം മുടക്കുമ്പോൾ ട്രെയിൻ വൈകിയാൽ പ്രയോജനമില്ലല്ലോയെന്നും അവർ ചോദിച്ചു.
വന്ദേ ഭാരത് വൈകിയോടുന്നത് മറ്റ് ട്രെയിനുകളെയും ബാധിക്കുന്നുണ്ടെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രീമിയം സർവീസിന് മുൻഗണന നൽകുന്നതിനാലാണിത്. ആലപ്പുഴ വഴിയുള്ള യാത്രയിൽ ക്രോസിംഗുകൾ കാലതാമസമുണ്ടാക്കുന്നുവെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസിൻ്റെ ലിയോൺസ് ജെയും ചൂണ്ടിക്കാട്ടി.
ഇരട്ടപ്പാതയില്ലാത്ത തീരദേശ റൂട്ടായ ആലപ്പുഴ വഴി കടന്നുപോകുന്ന നിസാമുദ്ദീൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ സ്റ്റേഷനുകളിൽ പിടിച്ചിടാറുണ്ട്. വന്ദേ ഭാരതിന്റെ കാലതാമസം മറ്റ് ട്രെയിനുകളെയും ബാധിക്കും. ഇത് കൃത്യസമയത്ത് ഓപ്പറേറ്റ് ചെയ്യേണ്ട പ്രീമിയം ട്രെയിനാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചൊവ്വാഴ്ച തിരുവനന്തപുറത്ത് നിന്ന് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ചെറിയ കാലതാമസങ്ങളോടെയാണ് എത്തിയത്. കൊല്ലത്ത് അഞ്ച് മിനിറ്റും എറണാകുളത്ത് പത്ത് മിനിറ്റും വൈകിയാണ് ട്രെയിൻ എത്തിയത്.
2023 സെപ്റ്റംബർ 24-നാണ് ഈ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. 2024 മാർച്ച് 12-ന് മംഗലാപുരം വരെ സർവീസ് ദീർഘിപ്പിച്ചു. ബുധനാഴ്ചകളൊഴികെ ആഴ്ചയിൽ ആറ് ദിവസവും ഈ ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകുന്നേരം 4:05-ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 12:45-ന് മംഗലാപുരം സെൻട്രലിലെത്തും. മടക്കയാത്രയിൽ രാവിലെ 6:25-ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3:05-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഈ യാത്രകൾക്ക് ഏകദേശം 8 മണിക്കൂറും 40 മിനിറ്റാണ് ദൈർഘ്യം. 620 കിലോമീറ്ററോളം ദൂരം പിന്നിടുന്ന വന്ദേഭാരതിന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.












Click it and Unblock the Notifications