കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി;കൂടുതൽ ഗുണം ഈ 7 ജില്ലകൾക്ക്
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതലാണ് ആരംഭിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവന്നിട്ടില്ല. അതേസമയം പദ്ധതി നടപ്പാായാൽ പ്രധാനമായും 7 ജില്ലകൾക്കായിരിക്കും അതിൻ്റെ ഗുണം ലഭിക്കുകയെന്നാണ് വിലയിരുത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ കൂടുതൽ പ്രയോജനകരമാകുക . അതേസമയം, സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, എറണാകുളം പോലുള്ള ജില്ലകളിൽ പദ്ധതിയുടെ സ്വാധീനം താരതമ്യേന കുറവായിരിക്കുമെന്നാണ് ഗതാഗത മേഖലയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കെഎസ്ആർടിസികൾ സർവ്വീസ് നടത്തുന്നത്. അതിനാൽ ഈ മേഖലകളിലെ സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്രകൾ കൂടുതൽ എളുപ്പവും ചെലവുകുറഞ്ഞതുമായേക്കും. പ്രത്യേകിച്ച് ദിവസേന യാത്ര ചെയ്യുന്ന തൊഴിലാളികൾക്കും വിദ്യാർത്ഥിനികൾക്കും പദ്ധതി വലിയ സഹായമാകും.
അതേസമയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, എറണാകുളം പോലുള്ള ജില്ലകളിൽ സ്വകാര്യ ബസ് സേവനങ്ങളാണ് ഇപ്പോഴും പ്രധാന ആശ്രയം. ഉദാഹരണത്തിന്, മലപ്പുറത്ത് മൊത്തം ബസ് സർവീസുകളിൽ കെഎസ്ആർടിസിയുടെ വിഹിതം ഏകദേശം 9.4 ശതമാനം മാത്രമാണെന്നാണ് കണക്കുകൾ. എറണാകുളത്ത് ഇത് 24.7 ശതമാനത്തോളം വരും. അതിനാൽ ഇത്തരം ജില്ലകളിൽ പദ്ധതി പൂർണ്ണ പ്രയോജനം നൽകണമെങ്കിൽ ഭാവിയിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ ആവശ്യമായി വരുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
പദ്ധതി നടപ്പിലാകുന്നതോടെ സ്ത്രീകളുടെ യാത്രാ ചെലവിൽ വലിയ കുറവ് വരുമെന്നാണ് പ്രതീക്ഷ. കുടുംബങ്ങളുടെ മാസച്ചെലവിലും ഇതിലൂടെ ആശ്വാസമുണ്ടാകാം. സംസ്ഥാനത്ത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാനും സ്വതന്ത്ര യാത്ര പ്രോത്സാഹിപ്പിക്കാനും ഇത് സഹായകരമാകുമെന്ന് സാമൂഹിക രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സൗജന്യ യാത്ര മൂലം വരുമാനത്തിൽ കുറവ് വരാൻ സാധ്യതയുള്ളതിനാൽ സർക്കാർ സബ്സിഡി നിർണായകമാകും. വിവിധ റിപ്പോർട്ടുകൾ പ്രകാരം പ്രതിമാസം വലിയ സാമ്പത്തിക ബാധ്യത സർക്കാരിന് ഏറ്റെടുക്കേണ്ടി വരാമെന്നാണ് വിലയിരുത്തൽ.
നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് പദ്ധതി ഒരു പുതിയ പരീക്ഷണമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് കോർപ്പറേഷന്റെ പ്രവർത്തന കാര്യക്ഷമത കൂട്ടാൻ സഹായിക്കാമെന്ന പ്രതീക്ഷയും ഉണ്ട്. കൂടാതെ ഡിജിറ്റൽ ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള നവീകരണ പദ്ധതികൾ കൂടി സർക്കാർ പരിഗണിക്കുന്നതായി സൂചനകളുണ്ട്.
കർണാടകയിലെ 'ശക്തി' പദ്ധതിയെ മാതൃകയാക്കിയാണ് കേരളത്തിലും സൗജന്യ യാത്ര നടപ്പാക്കുന്നത്. കർണാടകയിൽ സർക്കാർ ബസ് സേവനങ്ങളുടെ വ്യാപ്തി കൂടുതലായതിനാൽ പദ്ധതി സംസ്ഥാനമൊട്ടാകെ വലിയ സ്വാധീനം സൃഷ്ടിച്ചിരുന്നു. കേരളത്തിലും ഭാവിയിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുകയും ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്താൽ പദ്ധതി കൂടുതൽ സ്ത്രീകളിലേക്ക് എത്തുമെന്ന പ്രതീക്ഷയുണ്ട്.
തിരുവനന്തപുരം, കൊല്ലം പോലുള്ള ജില്ലകളിൽ പദ്ധതി ആദ്യഘട്ടത്തിൽ തന്നെ വലിയ ഗുണം നൽകുമെന്നാണ് വിലയിരുത്തൽ. മറുവശത്ത്, വടക്കൻ ജില്ലകളിലും സ്വകാര്യ ബസുകൾക്ക് കൂടുതൽ ആശ്രയമുള്ള പ്രദേശങ്ങളിലും സർക്കാർ കൂടുതൽ സർവീസുകൾ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുകയാണ്.












Click it and Unblock the Notifications