ഇക്കുറി ദീപാവലിക്ക് പോകാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം; മടങ്ങിയാലും ആ കാഴ്ച്ചകള്‍ മങ്ങില്ല
ദീപാവലിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മനസില്‍ ദീപങ്ങള്‍ തെളിയും. ഇരുളിന്മേലുള്ള വെളിച്ചത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്ന ദീപാവലി മനസിലും പ്രകാശം നിറയ്ക്കും. ഇക്കുറി ദീപാവലി അവധിക്ക് പോകാന്‍ ആത്മീയമായ ഒരിടം തിരഞ്ഞെടുത്താലോ? കണ്‍മുന്നിലും മനസിലും നോക്കെത്താത്ത ദൂരത്തോളം ദീപങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്ന സ്ഥലം. അതിന് പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് വാരണാസി.
മനസു കൊണ്ടും ശരീരം കൊണ്ടും സ്വയം പുനരുജ്ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് വാരണാസി. ഗംഗ നദിയുടെ തീരത്തുള്ള വാരണാസി ഏറ്റവും മനോഹരമായി കാണപ്പെടുന്നത് ദീപാവലി നാളുകളിലാണ്. നഗരം ദീപങ്ങളാല്‍ കത്തിജ്വലിക്കും. ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗം. എണ്ണമറ്റ ദീപങ്ങളുടെ പ്രകാശത്തില്‍ തിളങ്ങുന്ന ഗംഗാ നദി, ഭക്തരുടെ അണുമുറിയാത്ത ഒഴുക്ക്.. ഇങ്ങനെ ഒരിക്കലും മടുക്കാത്ത കാഴ്ച്ചകള്‍ കണ്ട് നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞു ചേരാം.

ഇത് ആദ്യ സന്ദര്‍ശനമാണെങ്കില്‍ തീര്‍ച്ചയായും ഒരിക്കലം മടുക്കാത്ത, അതിശയകരമായ അനുഭവമായിരിക്കും, ഈ വര്‍ഷം ഒക്ടോബര്‍ 20 നാണ് ദീപാവലി. 15 ദിവസങ്ങള്‍ക്ക് ശേഷം വരുന്ന ദേവ് ദീപാവലി നവംബര്‍ അഞ്ചിന് ആഘോഷിക്കും. രണ്ട് ദിവസങ്ങളും പ്രത്യേകതയുള്ളതാണ്. ഈ ദീപാവലി നാളുകളില്‍ വാരണാസി ഒരിക്കും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രം
ദേവ് ദീപാവലി സമയത്ത് ഈ ക്ഷേത്രം തീര്‍ച്ചയായും കാണേണ്ട ഒന്നാണ്. ഈ ഉത്സവ സമയത്ത് ശിവന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ആയിരക്കണക്കിന് വിളക്കുകള്‍ കൊണ്ട് ക്ഷേത്രം അതിമനോഹരമായി കാണപ്പെടും. വൈകുന്നേരത്തെ ആരതി വളരെ മനോഹരമാണ്. ആരതിക്ക് ശേഷം അടുത്തുള്ള സ്റ്റാളുകളില്‍ ചുറ്റിനടന്ന് പാനി പുരി അല്ലെങ്കില്‍ ചാറ്റ് പോലുള്ള സ്ട്രീറ്റ് ലഘുഭക്ഷണങ്ങള്‍ പരീക്ഷിക്കാം.
ദശാശ്വമേധ ഘട്ട്
ദശാശ്വമേധ ഘട്ടിലെ ഗംഗാ ആരതി വളരെ പ്രശസ്തമായ ചടങ്ങാണ്. എല്ലാ വൈകുന്നേരവും കാവി വസ്ത്രം ധരിച്ച പുരോഹിതന്മാര്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ വിളക്കുകളും ശംഖുമൊക്കെ ഉപയോഗിച്ച് ആചാരങ്ങള്‍ നിര്‍വഹിക്കുന്നു. ദീപാവലി സമയത്ത് ഇത് തികച്ചും വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണ്. ആയിരക്കണക്കിന് ദീപങ്ങള്‍ നദിയില്‍ നീന്തി നടക്കും. ദീപങ്ങളുടെ പ്രകാശം വെള്ളത്തില്‍ പ്രതിഫലിക്കും. ഭക്തിസാന്ദ്രമായ അന്തരീക്ഷം, സംഗീതം, ഊര്‍ജ്ജം എന്നിവയുടെ സംയോജനം സഞ്ചാരിയെ മറ്റൊരു ലോകത്തേക്കു കൊണ്ടു പോകും.
ചേത് സിംഗ് ഫോര്‍ട്ട്
ദീപാവലി രാത്രികളില്‍, ചേത് സിംഗ് ഫോര്‍ട്ട് എന്ന സ്ഥലം മറ്റൊരു മനോഹരമായ കാഴ്ച്ചയാണ്. കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് പ്രൊജക്ഷന്‍ ഷോകള്‍, ലേസര്‍ ഷോകള്‍, വെടിക്കെട്ട് എന്നിവ നടക്കും.
ബോട്ട് യാത്ര
വ്യത്യസ്തമായ ഒരു യാത്രാനുഭവത്തിനായി ഗംഗയില്‍ ഒരു ബോട്ട് യാത്ര നടത്തുക. നദിയിലൂടെ നീങ്ങുമ്പോള്‍ എല്ലാ ഘട്ടുകളും പ്രകാശപൂരിതമായി കാണാം. നദീതീരത്തിന്റെ ഓരോ പടിക്കെട്ടിലും ദീപങ്ങള്‍ നിരന്നിരിക്കുന്ന കാഴ്ച മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ബോട്ട് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യുക.
രാജ്ഘട്ടും രവിദാസ് ഘട്ടും
ഇനി അല്‍പം ശാന്തമായ സ്ഥലമാണ് വേണ്ടതെങ്കില്‍ രാജ്ഘട്ടിലേക്കോ രവിദാസ് ഘട്ടിലേക്കോ പോകുക. രാജ്ഘട്ടിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ദേവ് ദീപാവലി സമയത്ത് രണ്ട് ഘട്ടുകളും മനോഹരമായി പ്രകാശിക്കുന്നു. അതേസമയം അവ പ്രധാന ഘട്ടുകളെപ്പോലെ തിരക്കേറിയതല്ല. വലിയ ജനക്കൂട്ടത്തിനിടയില്‍ കുടുങ്ങിപ്പോകാതെ വാരണാസിയുടെ മനോഹാരിത ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്ഘട്ടും രവിദാസ് ഘട്ടും അനുയോജ്യമാണ്.












Click it and Unblock the Notifications