ബെംഗളൂരുവിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ അടിമുടി മാറുന്നു; ഇനി തിക്കിത്തിരക്കേണ്ട: മാറ്റങ്ങള്‍ ഇവയാണ്
ബെംഗളൂരു: അതിവേഗം വികസിക്കുന്ന ബെംഗളൂരു നഗരത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ അടിമുടി മാറുന്നു. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഒരുങ്ങുകയാണ് ഈ മൂന്നു റെയില്‍വേ സ്റ്റേഷനുകള്‍. മജസ്റ്റിക്കിലെ കെഎസ്ആര്‍, ബയപ്പനഹള്ളിയിലെ എസ്എംവിടി, കെആര്‍ പുരം എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷത്തോടെ 7,000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പുതിയ മോഡുലാര്‍ പാസഞ്ചര്‍ ഹോള്‍ഡിങ് ഏരിയകള്‍ ഉണ്ടാകും.
പ്ലാറ്റ്‌ഫോമിലെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ ജനറല്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് മാത്രമായി നടപ്പാക്കുന്ന പ്രത്യേക വിശ്രമകേന്ദ്രമാണ് ഹോള്‍ഡിങ് സെന്റര്‍. ഇതാണ് ബെംഗളൂരു നഗരത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലേക്കു വരുന്നത്. ബെംഗളൂരു കൂടാതെ മൈസൂരുവിലും സമാനമായ ഒരു നവീകരണം ഉണ്ടാകും. ഈ പുതിയ ഹോള്‍ഡിങ് ഏരിയകള്‍ക്ക് പരമാവധി 7,000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

രാജ്യത്തെ 76 സ്റ്റേഷനുകളിലായി ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ ഹോള്‍ഡിംഗ് ഏരിയകള്‍. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ ഘടനകള്‍ നിര്‍മ്മിക്കുന്നതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ദീപാവലിയിലും ഛാത്തിലും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഇത്തരം ക്രമീകരണം ഒരുക്കിയിരുന്നു. ഇതിന് സഹായിച്ച യാത്രി സുവിധ കേന്ദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ഹോള്‍ഡിങ് ഏരിയകള്‍ ഒരുക്കുന്നത്.
പ്ലാറ്റ്ഫോമിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും ക്യൂ നിയന്ത്രിക്കാനുമാണ് ഈ ഹോള്‍ഡിംഗ് ഏരിയകള്‍ ലക്ഷ്യമിടുന്നത്. വിമാനത്താവളങ്ങളിലേതു പോലെയുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. യാത്രക്കാരുടെ നീക്കങ്ങള്‍ സുഗമമാക്കാന്‍ മൂന്ന് മേഖലകളായി വിഭജിക്കും. യാത്രാ ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവേശനം അനുവദിക്കൂ. വിമാനത്താവളങ്ങളിലേതു പോലെ, ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വേര്‍തിരിക്കും. ഇവിടെ ടിക്കറ്റില്ലാത്തവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
യശ്വന്ത്പൂര്‍, കെഎസ്ആര്‍ പോലുള്ള ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഈ വികസനത്തിന് മതിയായ സ്ഥലമില്ല എന്നതാണ് പ്രധാന വെല്ലുവിളി. റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയ സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ഈ ഹോള്‍ഡിംഗ് ഏരിയകള്‍ വരുന്നതോടെ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ വളരെ നേരത്തെ വന്ന് കൂട്ടത്തോടെ കാത്തിരിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കാനാകുമെന്നും, ഇത് ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ സഹായിക്കുമെന്നുമാണ് എസ്ഡബ്ല്യുആര്‍ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. പ്ലാറ്റ്ഫോമിലെ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്ക് അപകടങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍.












Click it and Unblock the Notifications