ടാക്‌സി കാത്തിരുന്നു മടുത്തോ? ഊബറില്‍ ഇനി ഹെലികോപ്റ്റര്‍ സര്‍വീസും; ആദ്യം ഈ നഗരങ്ങളില്‍
ഊബര്‍ ഓട്ടോയും കാറുമൊക്കെ സര്‍വീസ് നടത്തിയിരുന്ന കാലം പഴങ്കഥയാകുകയാണ്. ഇനി ആകാശ യാത്രയുടെ പുതിയ സാധ്യതകള്‍ തേടുകയാണ് ഊബര്‍. നഗരങ്ങളിലെ തിരക്കില്‍ കാറുകളും ഓട്ടോകളും കാത്തിരുന്ന് മുഷിയുന്നവര്‍ക്ക് ഇനി ഊബര്‍ ആപ്പിലൂടെ ഹെലികോപ്റ്റര്‍ സേവനം തേടാം. മുമ്പ് കാറുകള്‍, ഓട്ടോകള്‍, ബൈക്കുകള്‍ എന്നിവ മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂമായിരുന്നുള്ളൂ. എന്നാല്‍ ഇനി ഹെലികോപ്റ്റര്‍ ബുക്കിങ് സേവനവും ലഭ്യമാക്കുമെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായിട്ടുള്ള ഊബര്‍ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലാണ് ഊബര്‍ ഹെലികോപ്റ്ററുകള്‍ വരുന്നത്. അടുത്ത വര്‍ഷത്തോടെ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനായി ഇലക്ട്രിക് എയര്‍ ടാക്‌സി നിര്‍മ്മാതാക്കളായ ജോബി ഏവിയേഷനുമായി ഊബര്‍ സഹകരിക്കും.

ജോബി ഏവിയേഷനുമായി 125 മില്യണ്‍ ഡോളറിന്റെ കരാറിലാണ് ഊബര്‍ ഒപ്പുവച്ചത്. വരും വര്‍ഷങ്ങളില്‍ സീറോ-എമിഷന്‍ വിമാനങ്ങള്‍ അവതരിപ്പിക്കുമെന്ന് ജോബിയുടെ സ്ഥാപകനും സിഇഒയുമായ ജോബെന്‍ ബെവിര്‍ട്ട് പറഞ്ഞു. ലോകമെമ്പാടും വിമാന യാത്രയുടെ ഒരു പുതിയ യുഗത്തിന് ഞങ്ങള്‍ വേദിയൊരുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലെ യാത്രക്കാര്‍ക്ക് ഉബര്‍ ആപ്പില്‍ നേരിട്ട് ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. റൂട്ടുകളും ചെലവും കമ്പനി അന്തിമമാക്കിയിട്ടില്ല. അമേരിക്കയിലും യൂറോപ്പിലുമായിരിക്കും സേവനങ്ങള്‍ ആദ്യം ലഭിക്കുക. ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജോണ്‍ എഫ്. കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മാന്‍ഹട്ടന്‍, ഹാംപ്ടണ്‍സ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications