ഈസ്റ്റര്‍ അവധി: ബെംഗളൂരു-കേരള ട്രെയിനുകളില്‍ ബുക്കിംഗ് തീര്‍ന്നു? ഇനിയും വൈകിപ്പിക്കരുതേ
ബെംഗളൂരു: ഈസ്റ്ററിനോടനുബന്ധിച്ച് നീണ്ട അവധി ദിനങ്ങളാണ് വരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്കു വരാന്‍ ഇപ്പോഴേ ട്രെയിനുകളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണ് മലയാളികള്‍. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കു വരാനിരിക്കുന്ന മലയാളികള്‍ക്ക് നിരാശ പകരുന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തീര്‍ന്നുവെന്ന വിവരങ്ങളാണ് വരുന്നത്.
ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് വലിയ തിരിച്ചടിയാണിത്. ഏപ്രില്‍ അഞ്ചിന് ഈസ്റ്റര്‍ ആയതിനാല്‍, ഏപ്രില്‍ 1, 2 തീയതികളില്‍ നാട്ടിലെത്താന്‍ പ്ലാന്‍ ചെയ്തവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രധാന ട്രെയിനുകളിലെല്ലാം കണ്‍ഫേംഡ് ടിക്കറ്റുകള്‍ തീരുകയും വെയിറ്റിംഗ് ലിസ്റ്റ് നൂറിലേക്ക് അടുക്കുകയും ചെയ്തു.

ബെംഗളൂരുവില്‍ നിന്ന് ദക്ഷിണ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളായ കന്യാകുമാരി എക്‌സ്പ്രസ് (16526), മൈസൂരു-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16315) എന്നിവയിലാണ് ടിക്കറ്റ് ക്ഷാമം രൂക്ഷം. ഏപ്രില്‍ ഒന്നിന് ഈ ട്രെയിനുകളില്‍ സ്ലീപ്പര്‍, എസി ഇക്കണോമി, തേര്‍ഡ് എസി ക്ലാസുകളില്‍ പോലും ഒരു സീറ്റ് ബാക്കിയില്ല. ഏപ്രില്‍ രണ്ടിന് കന്യാകുമാരി എക്‌സ്പ്രസിലും ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റിലാണ്.
എന്നാല്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നത് ഗരീബ് രഥ് എക്‌സ്പ്രസാണ്. ഏപ്രില്‍ രണ്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്‌സ്പ്രസില്‍ (12257) ഇപ്പോഴും അഞ്ഞൂറിലധികം സീറ്റുകള്‍ ലഭ്യമാണ്. മറ്റ് ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്തവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. മിക്കവരും ഏപ്രില്‍ ഒന്നിന് യാത്ര തിരിക്കാന്‍ നോക്കുന്നതാണ് ഗരീബ് രഥില്‍ ടിക്കറ്റുകള്‍ ബാക്കി വരാന്‍ കാരണം.
തല്‍ക്കാല്‍ ബുക്കിംഗ് വഴി ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍, നിലവില്‍ സീറ്റുകള്‍ ലഭ്യമായ ട്രെയിനുകള്‍ തിരഞ്ഞെടുക്കുന്നതാണ് യാത്രക്കാര്‍ക്ക് ഉചിതം. കേരളത്തിലേക്ക് കെഎസ്ആര്‍ടിസി അഡീഷണല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.
ഈസ്റ്റര്‍ യാത്രയ്ക്കായി ട്രെയിന്‍ ടിക്കറ്റ് കിട്ടാത്ത സാധാരണക്കാര്‍ക്ക് അടുത്തതായി മുന്നിലുള്ള വഴി ബസ് സര്‍വീസുകളാണ്. സാധാരണയായി ഇത്തരം വിശേഷ ദിവസങ്ങളില്‍ കേരള കെഎസ്ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ബസുകള്‍ അനുവദിക്കാറുണ്ട്. ഇതിന്റെ ബുക്കിംഗ് സാധാരണയായി യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് മാത്രമേ ആരംഭിക്കൂ. സ്വകാര്യ ബസുകളില്‍ ഈ സമയത്ത് നിരക്ക് കുതിച്ചുയരാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications