കേരളത്തിന്റെ കാശ്മീര്‍... കാന്തല്ലൂരിലേക്ക് വണ്ടി വിട്ടോ, ഇപ്പോള്‍ പോയാല്‍ തേന്‍ കിനിയും പാറ കാണാം
കേരളത്തിലെ വിനോദസഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രിയം പിടിച്ചു പറ്റിയ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് കാന്തല്ലൂര്‍. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജ് എന്ന നേട്ടം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമാക്കിയ കാന്തല്ലൂര്‍ കേരളത്തിന്റെ കാശ്മീര്‍ എന്നാണ് അറിയപ്പെടുന്നത്. ആപ്പിള്‍, തണുത്ത കാലാവസ്ഥ, മലനിരകള്‍ എല്ലാം കാശ്മീരിനെ ഓര്‍മിപ്പിക്കുംവിധം കാത്തുവെച്ചാണ് കാന്തല്ലൂര്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ഇതിനെല്ലാമുപരി തേന്‍ കിനിഞ്ഞ് നില്‍ക്കുന്ന തേന്‍പാറയാണ് കാന്തല്ലൂരിന്റെ മറ്റൊരു സവിശേഷത. 700 അടി ഉയരത്തിലുള്ള ഒറ്റപ്പാറയില്‍ അഞ്ഞൂറിലേറെ വരുന്ന തേന്‍കൂടുകളാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. പുതുവര്‍ഷത്തില്‍ കാന്തല്ലൂരിലെ തേന്‍പാറ കാണാന്‍ സഞ്ചാരികളുടെ തിരക്കാണ്. മുന്‍കാലങ്ങളില്‍ ഈ തേന്‍ ശേഖരിക്കുന്നത് ആദിവാസികളുടെ ആചാരങ്ങളുടെ ഭാഗമായിരുന്നു.

മാര്‍ച്ച് മാസം പകുതിയില്‍ പ്രത്യേക പൂജയൊരുക്കി ഈ പാറയ്ക്ക് മുകളില്‍ നിന്ന് വടം കെട്ടിയിറങ്ങിയാണ് തേന്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആരും ഇതിന് മുതിരാറില്ല. എങ്കിലും തേന്‍കൂട് നിറഞ്ഞ് നില്‍ക്കുന്ന പാറ സഞ്ചാരികള്‍ക്ക് ഒരുപോലെ ആനന്ദകരവും അത്ഭുതവുമാണ്. ശീതകാല പഴം, പച്ചക്കറി കേന്ദ്രമാണ് കാന്തല്ലൂര്‍. പ്രതിദിനം നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
തേന്‍പാറയെ കൂടാതെ കച്ചാരം വെള്ളച്ചാട്ടം, ഇരച്ചില്‍പാറ വെള്ളച്ചാട്ടം, കരിമുട്ടി വെള്ളച്ചാട്ടം, ഭ്രമരം വ്യൂ പോയന്റ് എന്നിവയെല്ലാം കാന്തല്ലൂരില്‍ അനന്യമായ കാഴ്ചകള്‍ സമ്മാനിക്കുന്നു. തേന്‍പാറയില്‍ നിന്ന് വളരെ കുറച്ച് ദൂരമെ ഭ്രമരം പോയിന്റിലേക്കുള്ളൂ. മോഹന്‍ലാല്‍ - ബ്ലെസി കൂട്ടുകെട്ടിലിറങ്ങിയ ഭ്രമരം സിനിമ റിലീസായതോടെയാണ് ഈ സ്ഥലം വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ജീപ്പ് ട്രക്കിംഗും സാഹസിതകയും ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച അനുഭവമായിരിക്കും ഭ്രമരം വ്യൂ പോയിന്റിലേക്കുള്ള യാത്ര സമ്മാനിക്കുക. തേന്‍ പാറയില്‍ നിന്നു വരുമ്പോള്‍ ദുര്‍ഘടമായ റോഡ് യാത്ര കടന്ന് വേണം വ്യൂ പോയന്റിലെത്താന്‍. സ്വന്തം വാഹനങ്ങളുമായി വരുന്നവര്‍ക്ക് ഈ ഭാഗത്തേക്ക് വാഹനവുമായി പ്രവേശനമില്ല. തേന്‍ പാറ റോഡില്‍ നിന്ന് തിരിയുന്ന ഭാഗത്ത് വാഹനം പാര്‍ക്ക് ചെയ്യാം.
പിന്നീട് അവിടെ നിന്ന് താഴേക്ക് നടന്നു വരാം. ജീപ്പ് സര്‍വീസ് ഉപയോഗിച്ചാല്‍ വ്യൂപോയിന്റ് വരെ എത്താവുന്നതാണ്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കാന്തല്ലൂരില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ താമസിക്കാന്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ടെന്റുകളും മണ്‍വീടുകളും ലോഡ്ജുകളും എല്ലാം ലഭ്യമാണ്.












Click it and Unblock the Notifications