കടലിന് മുകളിലൂടെ നടക്കാം.. ബോട്ട് വേണ്ട; കന്യാകുമാരിയിലേക്ക് വിട്ടോ, കണ്ണാടിപ്പാലം തുറന്നു
ദക്ഷിണേന്ത്യന്‍ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കന്യാകുമാരി. ത്രിവേണി സംഗമതീരമായ കന്യാകുമാരിയില്‍ പ്രതിദിനം ആയിരങ്ങളാണ് എത്തുന്നത്. മനോഹരമായ കടല്‍ത്തീരവും പ്രസിദ്ധമായ കന്യാകുമാരി ബാലാംബിക ക്ഷേത്രവും വിവേകാനന്ദ പാറയും സ്ഥിതി ചെയ്യുന്ന ഇവിടം ഒരുപോലെ വിനോദ സഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും ഉപയോഗിക്കപ്പെടുന്നു.
പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരില്‍ ഒരാളാണ് കന്യാകുമാരി എന്നാണ് അറിയപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബിക, കൊടുങ്ങല്ലൂര്‍ ലോകാംബിക, പാലക്കാട് ഹേമാംബിക തുടങ്ങിയവര്‍ ആണ് മറ്റ് മൂന്ന് പേര്‍. ഹനുമാന്‍ മരുത്വാമല ഹിമാലയത്തില്‍ നിന്നും ലങ്കയിലേക്ക് കൊണ്ടു വരുമ്പോള്‍ അതില്‍ നിന്നും ഒരു കഷ്ണം ഇവിടെ വീണു പോയെന്നും അങ്ങനെയാണ് കന്യാകുമാരിയിലെ മരുത്വമല ഉണ്ടായതെന്നും വേറൊരു ഐതിഹ്യവും ഉണ്ട്.

എന്തൊക്കെയായാലും സ്‌കൂള്‍ വിനോദയാത്രയ്ക്കായാലും കുടുംബത്തോടൊപ്പമുള്ള യാത്രക്കായാലും നിരവധി പേര്‍ എത്തുന്ന സ്ഥലമാണ് ഇവിടം. കന്യാകുമാരിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്ത കണ്ണാടിപ്പാലം സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം വലിയ ആകര്‍ഷണമായിരിക്കും എന്നുറപ്പാണ്. ത്രിവേണി സംഗമ തീരത്ത് വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മധ്യേയാണ് കടലിന് കുറുകെ കണ്ണാടിപ്പാലം നിര്‍മ്മിച്ചിരിക്കുന്നത്.
കണ്ണാടി നടപ്പാലത്തിന് 77 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും ആണുള്ളത്. 37 കോടി രൂപാ ചെലവിട്ട് തൂക്കുപാലം മാതൃകയില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ മധ്യത്തില്‍ കണ്ണാടി സ്ഥാപിക്കുകയാണ് ചെയ്തത്. രാജ്യത്ത് ഇതാദ്യമായാണ് കടലിനുമീതെ കണ്ണാടിപ്പാലം നിര്‍മിക്കുന്നത്. പാലം പൊതുജനങ്ങള്‍ക്കായി തുറക്കുന്നതോടെ വിവേകാനന്ദ പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്കു നടന്ന് തന്നെ എത്താം.
പാലത്തിന് മുകളിലൂടെ നടന്ന് പോകുമ്പോള്‍ ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്കപ്പുറമുള്ള കടലിന്റെ സൗന്ദര്യം കാണാനാകും എന്നതാണ് പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്നും ഏഴ് മീറ്റര്‍ ഉയരത്തിലാണ് ചില്ലുപാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ ആര്‍ച്ചുകള്‍ക്ക് 11 മീറ്റര്‍ വരെയാണ് ഉയരമുള്ളത്. കണ്ണാടിപ്പാലം നിര്‍മിക്കാന്‍ കടലിന് നടുവില്‍ 6 കൂറ്റന്‍ തൂണുകള്‍ സ്ഥാപിച്ചു.
തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച പാലത്തിന് കടല്‍ക്കാറ്റിനെയും കടല്‍ക്ഷോഭത്തെയും പ്രതിരോധിക്കാന്‍ കഴിയും. സാധാരണ കടല്‍ പ്രക്ഷുബ്ദമാകുന്ന സമയങ്ങളില്‍ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവുള്ളവര്‍ പ്രതിമയിലേക്ക് ബോട്ട് യാത്ര അനുവദിക്കാറില്ല. കടല്‍പ്പാലം വന്നതോടെ ഈ പ്രതിസന്ധിയും മറികടന്നു. സഞ്ചാരികള്‍ക്ക് ഇരുവശത്തു നിന്നും പാലം വഴി യാത്ര ചെയ്യാം.












Click it and Unblock the Notifications