കടലും കണ്ടല്‍ക്കാടും.. സേവ് ദി ഡേറ്റിന് പറ്റിയ ലൊക്കേഷന്‍; കോഴിക്കോടുണ്ടൊരു മിനി ഗോവ
ഇന്ത്യയ്ക്ക് അകത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്‍പന്തിയിലാണ് ഗോവയുടെ സ്ഥാനം. അനന്യമായ സൗന്ദര്യം പകരുന്ന ബീച്ചുകളാണ് ഗോവയുടെ പ്രധാന ആകര്‍ഷണം. യുവാക്കളും കൗമാരക്കാരും ഗോവ യാത്രയില്‍ ഏറ്റവും പ്രധാനമായ കാരണമായി പറയുന്നതും ഇവിടത്തെ ബീച്ചുകളെ കുറിച്ചാണ്. എന്നാല്‍ ഗോവന്‍ ബീച്ചുകളെ ഓര്‍മിപ്പിക്കുന്ന സൗന്ദര്യവും ശാന്തതയുമുള്ള ഒരു ബീച്ച് കേരളത്തിലുമുണ്ട്.
മറ്റെവിടേയുമല്ല, കോഴിക്കോടാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്ടെ ബീച്ച് എന്ന് കേള്‍ക്കുമ്പോള്‍ വലിയങ്ങാടിയോട് ചേര്‍ന്ന് കിടക്കുന്ന ബീച്ചും ഭട്ട് റോട്ടിലെ ബീച്ചും കാപ്പാട് ബീച്ചുമൊക്കെയായിരിക്കും പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അധികമാര്‍ക്കും അറിയാതെ ഒളിഞ്ഞിരിക്കുന്ന ഒരു ബീച്ചുണ്ട് കോഴിക്കോട്ടെ പയ്യോളിക്ക് സമീപം.

Image Credit: Facebook@Kolavippalam Beach
മിനി ഗോവ എന്ന് വിളിക്കുന്ന കൊളാവി ബീച്ചിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പുഴയും കടലും സംഗമിക്കുന്ന, കണ്ടല്‍ക്കാടുകള്‍ കൊണ്ട് സമ്പന്നമായ കൊളാവി ബീച്ചില്‍ ഗോവയിലേതിന് സമാനമായി നീണ്ടുനിവര്‍ന്ന് കിടക്കുന്ന മണല്‍പ്പരപ്പാണ്. അവധി ദിവസങ്ങളില്‍ ആളുകള്‍ ഉണ്ടാകാറുണ്ടെങ്കിലും കോഴിക്കോട്ടെ മറ്റ് ബീച്ചുകളെ പോലെ ജനനിബിഡമാകാറില്ല ഇവിടം.
ഇപ്പോള്‍ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്റെ പ്രധാന ലൊക്കേഷനുമായിട്ടുണ്ട് കൊളാവി ബീച്ച്. കടലിന്റേയും കണ്ടല്‍ക്കാടിന്റേയും അപൂര്‍വമായ പശ്ചാത്തലമൊരുക്കിയാണ് കൊളാവി സഞ്ചാരികളെ കാത്തിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്ന് 48 കിലോ മീറ്റര്‍ അകലെയാണ് കൊളാവി ബീച്ച്. പയ്യോളി ടൗണില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്ക് ഉള്ളത്.












Click it and Unblock the Notifications