ബെംഗളൂരുവില്‍ നിന്ന് ഡയറക്ട് ഫ്‌ളൈറ്റ്... മാലദ്വീപ് യാത്ര ഇനി ചെലവ് കുറയും
ലോകവിനോദ സഞ്ചാര ഭൂപടത്തിലെ പ്രധാനപ്പെട്ട ലക്ഷ്യ സ്ഥാനങ്ങളിലൊന്നാണ് മാലദ്വീപ്. അറബികടലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമസ്ഥലം എന്ന് മാലദ്വീപിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. ടൂറിസം തന്നെയാണ് മാലദ്വീപിലെ പ്രധാന വരുമാന മാര്‍ഗം. എല്ലാ ബീച്ചുകള്‍ക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അതിമനോഹരവും ശുചിത്വ പൂര്‍ണവുമാണ് മാലിദ്വീപിലെ ബീച്ചുകളെല്ലാം. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്ന് നിരവധി പേരാണ് മാലദ്വീപിലേക്ക് യാത്ര പോകുന്നത്. വിനോദ യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ വിദേശ ലക്ഷ്യസ്ഥാനങ്ങളില്‍ മാലദ്വീപ് തിരഞ്ഞെടുക്കുന്നവരില്‍ മലയാളികളും പിന്നിലല്ല. ഇപ്പോഴിതാ മാലദ്വീപിലേക്ക് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം കോളടിച്ചിരിക്കുകയാണ്.

ബെംഗളൂരുവില്‍ നിന്ന് മാലദ്വീപിലേക്ക് നേരിട്ട വിമാന സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. മേയ് 15 മുതല്‍ ആണ് സര്‍വീസ് ആരംഭിച്ചത്. ബെംഗളൂരുവില്‍ നിന്ന് മാലദ്വീപിലെ ഹനിമാധൂവിലേക്ക് ആണ് നേരിട്ടുള്ള വിമാന സര്‍വീസ്. ഇതോടെ മാലദ്വീപിലെ വടക്കന്‍ ഭാഗത്തുള്ള അതിമനോഹരമായ ദ്വീപുകളിലേക്ക് സഞ്ചാരികള്‍ക്ക് നേരിട്ട് എത്താനുള്ള സൗകര്യമാണ് കൈവന്നിരിക്കുന്നത്.
മാലദ്വീപിന്റെ ദേശീയ എയര്‍ലൈന്‍ ആയ മാല്‍ഡിവിയന്‍ തന്നെയാണ് ബെംഗളൂരുവില്‍ നിന്ന് ഹനിമാധൂവിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ മുന്നോട്ട് വന്നിരിക്കുന്നത്. നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചതോടെ എളുപ്പത്തില്‍ മാലദ്വീപ് വരെ പോയിട്ട് വരാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ ഏറെ ആവേശത്തോടെ ഏറ്റെടുക്കുന്ന ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മാലദ്വീപിന്റെ വടക്കന്‍ ഭാഗം.
ശാന്തമായ തടാകങ്ങള്‍, അതിമനോഹരവും വിശാലവുമായ ദ്വീപുകള്‍, ഡൈവിങ് ഹോട്ട് സ്‌പോട്ടുകള്‍ എന്നിവയാണ് ഇ വിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഹാ ദാലു അറ്റോളില്‍ സ്ഥിതി ചെയ്യുന്ന ഹനിമാധു ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ദ്വീപുകളില്‍ ഒന്നാണ് എന്നാണ് അറിയപ്പെടുന്നത്. മാലദ്വീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
ആഴ്ചയില്‍ രണ്ട് വിമാന സര്‍വീസുകള്‍ ആണ് ഈ മാല്‍ഡിവിയന്‍ നടത്തുന്നത്. എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ആണ് ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസ്. വിനോദ, ബിസിനസ് യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് യാത്രകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇടയ്ക്ക് വഷളായ മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന സര്‍വീസുമായി മാലദ്വീപ് തന്നെ മുന്നോട്ട് വന്നിരിക്കുന്നത്.












Click it and Unblock the Notifications