അഞ്ച് ദിവസത്തെ വിയറ്റ്‌നാം യാത്ര 35,000 രൂപ ബജറ്റില്‍; ഇങ്ങനെ പ്ലാന്‍ ചെയ്താല്‍ മതി
ഇന്ത്യയില്‍ നിന്ന് വെറും 35,000 രൂപ ബഡ്ജറ്റില്‍ അഞ്ച് ദിവസത്തെ വിയറ്റ്‌നാം യാത്ര, വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ടോ? വിമാന യാത്ര, വിസ, താമസം, പ്രാദേശിക യാത്ര, ഭക്ഷണം, കാഴ്ച കാണല്‍ എന്നിവയെല്ലാം ഈ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. കൃത്യമായ ആസൂത്രണത്തിലൂടെയും വളരെ കുറഞ്ഞ ലഗേജുകള്‍ കൊണ്ടുപോകുന്നതിലൂടെയും ദൈനംദിന ചിലവുകള്‍ നിയന്ത്രിക്കുന്നതിലൂടെയും കുറഞ്ഞ ബഡ്ജറ്റില്‍ യാത്ര സാധ്യമാക്കാം.
യാത്ര ചെയ്യുന്ന മാസം ആദ്യം തീരുമാനിക്കണം. കാരണം സീസണ്‍ അനുസരിച്ച് വിമാന യാത്ര നിരക്കുകളില്‍ വലിയ വ്യത്യാസങ്ങള്‍ വരാം. ഇന്ത്യയിലെയും വിയറ്റ്‌നാമിലെയും പ്രധാന അവധി ദിവസങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ഹാനോയ്, ഹോ ചി മിന്‍ സിറ്റി, ഡാ നാങ് എന്നിവയിലേതെങ്കിലും ഒരു നഗരം താമസത്തിനായി തിരഞ്ഞെടുക്കാം. വിമാനം, താമസം, ഭക്ഷണം, പ്രാദേശിക യാത്ര, പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്കായി ഒരു ഏകദേശ ബഡ്ജറ്റ് മുന്‍കൂട്ടി നിശ്ചയിക്കണം. ചെറിയൊരു അടിയന്തിര ഫണ്ടായി കുറച്ച് പണം മാറ്റിവെക്കുന്നതും നല്ലതാണ്.
ഈ ബഡ്ജറ്റില്‍ ഏറ്റവും വലിയ തുക മാറ്റിവെക്കേണ്ടി വരുന്നത് വിമാന ടിക്കറ്റുകള്‍ക്കായിരിക്കും. അതിനാല്‍, നേരത്തെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. വിവിധ പോര്‍ട്ടലുകളില്‍ ഫെയര്‍ അലേര്‍ട്ടുകള്‍ സജ്ജീകരിക്കുകയും അടുത്തുള്ള വിമാനത്താവളങ്ങള്‍ പരിഗണിക്കുകയും ചെയ്യുക. വാരാന്ത്യ യാത്രകളെക്കാള്‍ പ്രവൃത്തി ദിനങ്ങളില്‍ യാത്രകള്‍ക്ക് ചെലവ് കുറവായിരിക്കും. സാധ്യമാവുകയാണെങ്കില്‍ ക്യാബിന്‍ ലഗേജ് മാത്രം ഉപയോഗിച്ച് യാത്ര ചെയ്യുക. രാത്രി വിമാനങ്ങള്‍ തിരഞ്ഞെടുക്കുന്നതും മൊത്തം യാത്രാ ചെലവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള ഏറ്റവും പുതിയ വിയറ്റ്‌നാം ഇ-വിസ നിയമങ്ങള്‍ പരിശോധിക്കുക. ഔദ്യോഗിക പോര്‍ട്ടല്‍ വഴി മാത്രം അപേക്ഷിക്കുകയും പ്രിന്റ് കോപ്പികള്‍ കരുതുകയും ചെയ്യുക. ആരോഗ്യ പ്രശ്‌നങ്ങളോ യാത്രാ തടസങ്ങളോ ഉണ്ടായാല്‍ പ്രാഥമിക യാത്രാ ഇന്‍ഷുറന്‍സ് സഹായകമാകും. പണവും കാര്‍ഡും കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുക. അവസാന നിമിഷം വിമാനത്താവളങ്ങളില്‍ നിന്ന് കറന്‍സി മാറ്റുന്നത് ഒഴിവാക്കുക, കാരണം അവിടെ വിനിമയ നിരക്കുകള്‍ സാധാരണയായി കുറവായിരിക്കും.
പഴയ നഗര ഭാഗങ്ങളിലോ മാര്‍ക്കറ്റുകള്‍ക്ക് അടുത്തോ ഉള്ള ഹോസ്റ്റലുകളും ഗസ്റ്റ്ഹൗസുകളും തിരഞ്ഞെടുക്കുക. പ്രൈവറ്റ് റൂമുകളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡോര്‍മിറ്ററികള്‍ ലഭ്യമാകും. സൗജന്യ പ്രഭാത ഭക്ഷണം, കുടിവെള്ളം, വൈഫൈ എന്നിവ ഇവടെ ലഭിക്കും. ഇത് ദൈനംദിന ചിലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രധാന നഗരഭാഗങ്ങളില്‍ താമസിക്കുന്നത് ടാക്‌സി ഉപയോഗം കുറയ്ക്കും. പല പ്രധാന സ്ഥലങ്ങളിലേക്കും നടന്നുപോകാനോ ബസില്‍ ചുരുങ്ങിയ ദൂരം യാത്ര ചെയ്യാനോ സാധിക്കും.
തെരുവ് ഭക്ഷണശാലകളും ചെറിയ റെസ്റ്റോറന്റുകളും കുറഞ്ഞ വിലയില്‍ വയറു നിറയെ ഭക്ഷണം നല്‍കും. പുതിയ ഭക്ഷണം ലഭിക്കുന്ന തിരക്കുള്ള സ്റ്റാളുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ചെറിയ യാത്രകള്‍ക്ക് ബസുകള്‍, മെട്രോ (ലഭ്യമാണെങ്കില്‍), ഷെയര്‍ഡ് ക്യാബുകള്‍ അല്ലെങ്കില്‍ റൈഡ്-ഹെയിലിംഗ് ബൈക്കുകള്‍ എന്നിവ ഉപയോഗിക്കാം. അടുത്തുള്ള കാഴ്ചകള്‍ കാണാന്‍ നടന്നുപോകുന്നത് പണം ലാഭിക്കാനും വിയറ്റ്‌നാമിലെ ദൈനംദിന ജീവിതം അടുത്തറിയാനും സഹായിക്കും.
വിപണികള്‍, തടാകങ്ങള്‍, പഴയ തെരുവുകള്‍, പൊതു പാര്‍ക്കുകള്‍ എന്നിവ പോലുള്ള സൗജന്യമോ കുറഞ്ഞ പ്രവേശന ഫീസുള്ളതോ ആയ സ്ഥലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിരവധി ക്ഷേത്രങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കും മിതമായ പ്രവേശന ഫീസ് മാത്രമേയുള്ളൂ. പ്രധാനപ്പെട്ട ഡേ ട്രിപ്പുകള്‍ക്ക് പ്രൈവറ്റ് ക്യാബുകള്‍ക്ക് പകരം ഗ്രൂപ്പ് ടൂറുകളില്‍ ചേരുന്നത് ലാഭകരമാണ്. പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രം മുന്‍കൂട്ടി ബുക്ക് ചെയ്യുക.
ബുക്കിംഗുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ എപ്പോഴും കൈവശം വെക്കുക. ദിവസേനയുള്ള ചിലവുകള്‍ ഒരു ലളിതമായ ആപ്പില്‍ രേഖപ്പെടുത്തുന്നത് 35,000 രൂപയുടെ ബഡ്ജറ്റില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ സഹായിക്കും.












Click it and Unblock the Notifications