കടലിലിറങ്ങാം, ബോട്ടിങ്, ബീച്ച്, പറശ്ശിനിക്കടവ്... വനിതാദിനം കണ്ണൂരിൽ ആഘോഷിക്കാം, ചെലവ് വെറും 450 രൂപ
കണ്ണൂർ: വനിതാ ദിനം ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സ്ത്രീ കൂട്ടായ്മകൾ. സ്ഥിരം യോഗങ്ങളും കൂടിച്ചേരലുകളുമൊക്കെ ഒഴിവാക്കി ഇത്തവണ പുറത്തേയ്ക്കിറങ്ങി ആഘോഷങ്ങൾ പ്ലാൻ ചെയ്യുകയാണ് പലരും. എല്ലാവരും ഒന്നിച്ചുള്ള യാത്രകൾ തന്നെയാണ് ഇതിൽ പ്രധാനം. അത്തരത്തിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കെ എസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വനിത ദിന പ്രത്യേക പാക്കേജുകൾ പ്രയോജനപ്പെടുത്താം.
കാഞ്ഞങ്ങാട് കെ എസ് ആർ ടി സി സെൽ ഒരുക്കുന്ന പാക്കേജിനെ കുറിച്ചാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ജില്ലയിലെ വനിതകൾക്കായി കണ്ണൂരിലേക്ക് പ്രത്യേക ട്രിപ്പ് ഒരുക്കുകയാണ് ബജറ്റ് ടൂറിസം സെൽ. വനിതാദിനത്തിൽ ഏറ്റവും ചുരുങ്ങിയ ചെലവിൽ കണ്ണൂരിലെ പ്രധാന ഇടങ്ങളെല്ലാം കണ്ടുവരുന്ന യാത്ര പാക്കേജിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം.
പറശ്ശിനിക്കടവ് ക്ഷേത്രം, പാമ്പ് വളർത്തൽ കേന്ദ്രം, വളപട്ടണം ബോട്ടിങ്, അറക്കൽ മ്യൂസിയം, കണ്ണൂർ സെന്‍റ് ആഞ്ചലോസ് കോട്ട, പയ്യാമ്പലം ബീച്ച് എന്നീ സ്ഥലങ്ങൾ ആണ് ഒറ്റദിവസ കണ്ണൂർ യാത്രയിൽ സന്ദർശിക്കുന്നത്.

കണ്ണൂരിലെ ഏറ്റവും പേരുകേട്ട, ദൂരസ്ഥലങ്ങളിൽ നിന്നുപോലും വിശ്വാസികളെത്തുന്ന ഇടമാണ് പറശ്ശിനിക്കടവ് ക്ഷേത്രം. വളപട്ടണം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം മുത്തപ്പനാണ് സമർപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. പറശ്ശിനിക്കടവിന് സമീപം തന്നെയാണ് പ്രസിദ്ധമായ പാമ്പുവളർത്തൽ കേന്ദ്രം. പാമ്പുകളെക്കുറിച്ച് കൂടുതൽ അറിയാൻ പ്രദർശനക്ലാസുകളും ഇവിടെ നടത്തുന്നു,
വളപട്ടണത്തുകൂടിയുള്ള ബോട്ടിങും യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കൽ രാജവംശത്തിന്‌റെ ചരിത്രം പറയുന്ന അറക്കൽ മ്യൂസിയം, കണ്ണൂർ കോട്ട എന്നറിയപ്പെടുന്ന സെന്‍റ് ആഞ്ചലോസ് കോട്ട എന്നിവിടങ്ങളും ഒപ്പം പയ്യാമ്പലം ബീച്ചും ഈ യാത്രയിൽ നിങ്ങൾക്ക് സന്ദർശിക്കാം. കണ്ണൂരിലെ വൈകുന്നേരങ്ങൾ ആഘോഷിക്കാൻ പറ്റിയ പയ്യാമ്പലം ബീച്ച് കാണാതെ കണ്ണൂരിലെത്തുന്നവർ മടങ്ങില്ല.
വനിതാദിനമായ മാർച്ച് 8 ശനിയാഴ്ച രാവിലെ 6.30 ന് കാഞ്ഞങ്ങാട് കെ എസ് ആർ ടി സി യിൽ നിന്നും യാത്ര പുറപ്പെടും. തിരികെ എട്ടുമണിക്ക് കാഞ്ഞങ്ങാട് എത്തുന്ന വിധത്തിലാണ് ക്രമീകരണം 450 രൂപയാണ് നിരക്ക്. ടിക്കറ്റ് നിരക്ക് മാത്രമാണ് ഇതിലുൾപ്പെടുന്നത്. പ്രവേശന നിരക്ക്, ഭക്ഷണം എന്നിവ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. യാത്രാ നിരക്ക് മാത്രമാണ് ഇതിലുൾപ്പെടുക. 50 സീറ്റുകളാണ് യാത്രയ്ക്കുള്ളത്. യാത്രയെക്കുറിച്ച് കൂടുൽ അറിയുന്നതിനും ബുക്കിങ്ങിനും 9446088378, 8606237632 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications