ഫെബ്രുവരിയില്‍ ഗോവയ്ക്കു പോയാലോ? കൊച്ചി കാര്‍ണിവല്‍ പോലെ ഗോവ കാര്‍ണിവല്‍; വിശദമായി അറിയാം
പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന കൊച്ചി കാര്‍ണിവല്‍ ലോകപ്രശസ്തമാണ്. പപ്പാഞ്ഞിയെ കത്തിക്കലും സംഗീതവും നൃത്തവും ഒക്കെയായി യുവത്വത്തിന്റെ ആഘോഷമായ കൊച്ചി കാര്‍ണിവലില്‍ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് പങ്കെടുക്കുന്നത്. കൊച്ചി കാര്‍ണിവലിന്റെ ആഘോഷത്തിന്റെ ഹാങ് ഓവര്‍ മാറും മുന്‍പേ ഗോവയിലേക്കു വച്ചുപിടിച്ചാലോ? കാരണം ഫെബ്രുവരിയിലെ ഗോവ കാര്‍ണിവല്‍ കാണേണ്ട കാഴ്ച്ചയാണ്. ഫെബ്രുവരി 13 മുതലാണ് ഗോവ കാര്‍ണിവല്‍ ആരംഭിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഗോവ കാര്‍ണിവല്‍. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഈ വര്‍ണാഭമായ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ ഗോവയില്‍ എത്തും. ഗോവ കാര്‍ണിവലിനായി വിപുലമായ ഒരുക്കങ്ങളാണ് ഗോവ ടൂറിസം വകുപ്പ് ഇക്കുറി നടത്തുന്നത്. സംഗീതം, നൃത്തം, വൈവിധ്യമാര്‍ന്ന ഭക്ഷണം, ഫ്‌ളോട്ട് പരേഡുകള്‍, ഷോപ്പിങ് എന്നിവയാല്‍ സമ്പന്നമാണ് ഈ ഉത്സവം. ഗോവയിലെ മനോഹരമായ ബീച്ചുകളും റിസോര്‍ട്ടുകളും ഹോട്ടലുകളുമൊക്കെ വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഉത്തരവാദിത്തമുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രത്യേക മുന്‍ഗണന നല്‍കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

കാര്‍ണിവലിന്റെ നഗരം തിരിച്ചുള്ള ഷെഡ്യൂള്‍ ഇങ്ങനെയാണ്. ഗോവയുടെ നിയമസഭാ സമ്മേളനങ്ങള്‍ നടക്കുന്ന പോര്‍വോറിം എന്ന സ്ഥലത്താണ് ഫെബ്രുവരി 13-ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ആദ്യ പരേഡ് ഐഎച്ച്എം മുതല്‍ എസിഡിഐഎല്‍ സ്‌കൂള്‍ വരെയാണ് നടക്കുന്നത്.
ഫെബ്രുവരി 14-ന് തലസ്ഥാനമായ പനജിയിലാണ് ആഘോഷങ്ങള്‍. കാര്‍ണിവലിലെ ഏറ്റവും പ്രധാനപ്പെട്ട പരേഡ് തലസ്ഥാന നഗരിയായ പനജിയില്‍ നടക്കും. ന്യൂ പട്ടോ ബ്രിഡ്ജ് മുതല്‍ കാമ്പല്‍ ഗ്രൗണ്ട് വരെയാണ് റൂട്ട്. ഫെബ്രുവരി 15-ന് സൗത്ത് ഗോവയിലെ പ്രധാന കേന്ദ്രമായ മാര്‍ഗോവില്‍ ഹോളി സ്പിരിറ്റ് പള്ളി മുതല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌ക്വയര്‍ വരെ പരേഡ് നീങ്ങും.
16-ന് വാസ്‌കോഡ ഗാമയിലാണ് കാര്‍ണിവല്‍ ആഘോഷം. സെന്റ് ആന്‍ഡ്രൂസ് ജംഗ്ഷനില്‍ നിന്ന് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് ആഘോഷങ്ങള്‍ നീങ്ങും.
17-ന് മാപുസയിലും മോര്‍ജിമിലും ആഘോഷങ്ങള്‍ അവസാനിക്കും. കാര്‍ണിവലിന്റെ സമാപന ദിവസത്തില്‍ വലിയ പരേഡുകളാണ് നടക്കുന്നത്.
സന്ദര്‍ശകര്‍ക്ക് എന്തൊക്കെ പ്രതീക്ഷിക്കാം
വര്‍ണാഭമായ ഫ്‌ളോട്ട് പരേഡുകള്‍: ഗോവയുടെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന അലങ്കരിച്ച വാഹനങ്ങളുടെ നീണ്ട നിര വിനോദസഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ച്ച ഒരുക്കും. കാര്‍ണിവലിന്റെ രാജാവായി സങ്കല്‍പ്പിക്കപ്പെടുന്ന 'കിംഗ് മോമോ' ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ടാബ്ലോകളാണ് ഏറ്റവും ആകര്‍ഷകം.
തെരുവിലെ കലാപ്രകടനങ്ങള്‍: പ്രാദേശിക കലാകാരന്മാരുടെ ലൈവ് മ്യൂസിക് പ്രകടനങ്ങളും തെരുവുകളിലെ നൃത്തവിരുന്നുകളും നാടോടി സംഗീതവും ഗോവയുടെ സായാഹ്നങ്ങളെ സജീവമാക്കും.
ഭക്ഷണ വൈവിധ്യം: തനി ഗോവന്‍ വിഭവങ്ങള്‍ ആസ്വദിക്കാന്‍ പ്രത്യേക ഫുഡ് സ്റ്റാളുകള്‍.












Click it and Unblock the Notifications