സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടോ? സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി പോകാന്‍ പറ്റിയ ഇടങ്ങളിതാ
സോളോ ട്രിപ്പുകള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. യാത്രകള്‍ പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പമുള്ളതാണ് രസകരമെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. സുരക്ഷിതത്വം, യാത്രാ സൗകര്യം, സൗഹൃദപരമായ നാട്ടുകാര്‍ എന്നിവ ഒത്തുചേര്‍ന്ന് മറക്കാനാവാത്ത ഒരു അനുഭവം സൃഷ്ടിക്കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക എന്നത്് പ്രധാനമാണ്.
ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീയാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ചില അന്താരാഷ്ട്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഈ അവധിക്കാലത്ത് ഈ രാജ്യങ്ങളില്‍ ഏതെങ്കിലും ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്താലോ?

കോപ്പന്‍ഹേഗന്‍, ഡെന്‍മാര്‍ക്ക്
ഡെന്‍മാര്‍ക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്ന രാജ്യമാണ്. ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറവുള്ള നഗരമാണ് ഇത്. ഇവിടത്തെ നാട്ടുകാരും സഞ്ചാരികളോട് ഏറെ സ്‌നേഹത്തോടെ പെരുമാറുന്നവരാണ് എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
നഗരത്തെരുവിലൂടെയുള്ള സൈക്കിള്‍ യാത്രയാണ് പ്രധാന വിനോദങ്ങളിലൊന്ന്. ഇവിടത്തെ പൊതുഗതാഗതം വിശ്വസനീയമാണ്. മാത്രമല്ല രാത്രിയില്‍ പോലും നഗരത്തില്‍ ചുറ്റിനടക്കുന്നത് അപകടകരമല്ല. ഇംഗ്ലീഷ് വ്യാപകമായി സംസാരിക്കപ്പെടുന്നതിനാല്‍ തന്നെ ആശയവിനിമയവും ലളിതമാണ്. അതിനാല്‍ നഗരത്തിലൂടെ സഞ്ചരിക്കുന്നത് സുഖകരമാണ്.
ടോക്കിയോ, ജപ്പാന്‍
ജപ്പാനിലെ ടോക്കിയോ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മെഗാസിറ്റിയാണ്. തെരുവ് കുറ്റകൃത്യങ്ങള്‍ അപൂര്‍വമായ ഇവിടെ നിരവധി കഫേകളും ടീ ഷോപ്പുകളും ഉണ്ട്. ഇവിടങ്ങളില്‍ ഫോണുകളും ബാഗുകളും ആളുകള്‍ മറന്ന് വെച്ച് പോയാലും ആരും എടുക്കില്ല എന്നാണ് പറയാറുള്ളത്. രാജ്യത്തെ വിപുലമായ ട്രെയിന്‍ സംവിധാനം ഗതാഗതവും എളുപ്പമാക്കുന്നു. ആവശ്യമുണ്ടെങ്കില്‍ നാട്ടുകാര്‍ സഹായിക്കാന്‍ വിമുഖത കാണിക്കാറില്ല.
റെയ്ക്ജാവിക്, ഐസ്ലാന്‍ഡ്
ആഗോള സുരക്ഷാ റാങ്കിംഗില്‍ തുടര്‍ച്ചയായി ഒന്നാമത് എത്തുന്ന രാജ്യമാണ് ഐസ്ലാന്‍ഡ്. തലസ്ഥാനമായ റെയ്ക്ജാവിക് ചെറുതാണെങ്കിലും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. നോര്‍ത്തേണ്‍ ലൈറ്റ്‌സ് മുതല്‍ ബ്ലൂ ലഗൂണ്‍ വരെ ഐസ്ലാന്‍ഡിലെ പ്രകൃതിദൃശ്യങ്ങള്‍ തികച്ചും അവിസ്മരണീയമാണ്. പ്രശസ്തമായ റിംഗ് റോഡില്‍ ഒറ്റയ്ക്ക് റോഡ് യാത്ര ചെയ്യാന്‍ ഒരു കാര്‍ വാടകയ്ക്കെടുക്കാനും സാധിക്കും.
സിംഗപ്പൂര്‍
സുരക്ഷയാണ് നിങ്ങളുടെ പ്രധാന ആശങ്കയെങ്കില്‍ നിങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സിംഗപ്പൂരിനായിരിക്കണം. ലോകത്തിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുകള്‍ ഇവിടെയാണ്. വൃത്തിയുള്ള തെരുവുകളും കാര്യക്ഷമമായ പൊതുഗതാഗതവും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ നിങ്ങള്‍ക്ക് രാത്രി വൈകിയും നഗരത്തിലൂടെ നടക്കാം.












Click it and Unblock the Notifications