അണിഞ്ഞൊരുങ്ങി സുന്ദരിയായി ചാലിയം ബീച്ച്; വൈകുന്നേരം ഇനി ഇവിടേക്ക് വെച്ചുപിടിക്കാം
വിനോദസഞ്ചാരികളും അല്ലാത്തവരും നല്ലൊരു സായന്തനം ആസ്വദിക്കാന്‍ തിരഞ്ഞെടുക്കുന്നത് എപ്പോഴും ബീച്ചായിരിക്കും. കോഴിക്കോട് ജില്ല ബീച്ചുകളാല്‍ സമ്പന്നമാണ്. ഇപ്പോഴിതാ കോഴിക്കോട്ടുകാര്‍ക്കും മലപ്പുറംകാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ബീച്ചായി ഒരുങ്ങിയിരിക്കുകയാണ് ചാലിയം ബീച്ച്. ബേപ്പൂര്‍ ബീച്ചിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചാലിയത്തും വികസനം വന്നതോടെ സഞ്ചാരികള്‍ക്ക് ഇരട്ടി സന്തോഷമായിരിക്കുകയാണ്.
ബീച്ചിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഇന്റര്‍ലോക്കുകള്‍ പാകിയും കടകള്‍ക്കും വിശ്രമകേന്ദ്രങ്ങള്‍ക്കുമായി സ്ഥലം ഒരുക്കിയും ലൈറ്റുകള്‍ ഘടിപ്പിച്ചും ചാലിയം ബീച്ച് സഞ്ചാരികളുടെ ഇഷ്ട സ്‌പോട്ടായി മാറിയിരിക്കുകയാണ്. ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് ജങ്കാര്‍ സര്‍വീസ് ഉള്ളത് മറ്റൊരു അനുഗ്രഹമാണ്. ചാലിയത്ത് എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങള്‍ ജങ്കാറില്‍ കയറ്റി ബേപ്പൂരിലേക്കും പോകാം.

ജങ്കാര്‍ യാത്രയും ഇവിടെയെത്തുന്നവരുടെ മനം കുളിര്‍പ്പിക്കുന്നതാണ്. അതിനൊപ്പം തന്നെ ചേര്‍ന്ന് നില്‍ക്കുന്ന ഹാര്‍ബറില്‍ മത്സ്യബന്ധന വള്ളങ്ങള്‍ എത്തുന്നത് മറ്റൊരു കാഴ്ചയും സമ്മാനിക്കും. വള്ളങ്ങളില്‍ നിന്ന് കുട്ടകളിലാക്കി മീന്‍ കരയ്‌ക്കെത്തിച്ചാല്‍ പിന്നെ ആകെ ബഹളമയമാണ്. മീനിനായുള്ള വിലപേശലും അതിനിടെ മീന്‍ കൊത്തി പറിച്ച് പറക്കാന്‍ കാത്തുനില്‍ക്കുന്ന കാക്കകളും കൊറ്റികളും പൂച്ചകളുമെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് സമ്മാനിക്കുക.
ചാലിയം ബീച്ചില്‍ നിന്ന് അല്‍പം മാറിയാല്‍ കടുക്ക ബസാറായി. കല്ലുമ്മക്കായ എന്ന് വിളിക്കുന്ന കടുക്കയുടെ വില്‍പന കേന്ദ്രമാണിവിടം. കല്ലുമ്മക്കായ വിഭവങ്ങള്‍ ലഭിക്കുന്ന ഹോട്ടലുകളും ഇവിടെയുണ്ട്. സഞ്ചാരികളെ പിടിച്ചിരുത്താനാവശ്യമായ കാഴ്ചകളുടെ കേന്ദ്രമാണ് ചാലിയം ബീച്ച് എന്നതിന് ഇനിയും തെളിവ് വേണ്ടല്ലോ. ബേപ്പൂരിലെ പുലിമുട്ടിന് സമാനമായ പുലിമുട്ട് ചാലിയത്തുമുണ്ട്.
എന്നാല്‍ ഇവിടെ ബേപ്പൂരിലേതിന് പോലെ അറ്റം വരെ പാത ഒരുക്കിയിട്ടില്ല. വലിയ പാറക്കല്ലുകളും മറ്റും കടന്നുള്ള യാത്ര അല്‍പം സാഹസികമെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. ഈ പാതയുടെ വശങ്ങളില്‍ നിന്ന് ആളുകള്‍ മീന്‍ പിടിക്കുന്നതും കല്ലുമ്മക്കായ പെറുക്കുന്നതും കാണാം. കോഴിക്കോട് നഗരത്തില്‍ നിന്ന് പാലക്കാട് ഹൈവേയിലൂടെ 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചാലിയം ബീച്ചിലെത്താം.
ഫറോക്കില്‍ നിന്ന് പഴയ പാലത്തിന് അടിയിലൂടെ വേണം ചാലിയത്തേക്ക് പോകാന്‍. ഇനി ബേപ്പൂര്‍ വഴി പോകുന്നവര്‍ക്ക് ബേപ്പൂര്‍ പുലിമുട്ടിലെത്തിയ ശേഷം ജങ്കാറില്‍ നിന്ന് കയറിയും ചാലിയത്തെത്താം. ഫറോക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വെറും ആറ് കിലോമീറ്റര്‍ ദൂരം മാത്രമാണ് ചാലിയത്തേക്ക് ഉള്ളത്. രാമനാട്ടുകരയില്‍ നിന്ന് 13 കിലോമീറ്ററും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 23 കിലോമീറ്ററും സഞ്ചരിച്ചാല്‍ ചാലിയത്ത് എത്താം.












Click it and Unblock the Notifications