വെറുതെ കാഴ്ച്ചകൾ കണ്ട് മടുക്കണ്ട, ബംഗളൂരുവിൽ ചെയ്യാൻ മറക്കരുത് ഈ 4 കാര്യങ്ങൾ !
ആഘോഷകരമായ ദിനങ്ങൾക്ക് എല്ലാ അവസരവുമൊരുക്കിയാണ് ബെംഗളൂരു നമ്മെ വരവേൽക്കുന്നത്. മനോഹരമായ പാർക്കുകളും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും ചരിത്രപ്രധാനമായ മ്യൂസിയങ്ങളും ബെംഗളൂരു നഗരത്തെ ഇന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു. സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കപ്പുറം നിങ്ങളുടെ ബാംഗ്ലൂർ ഡേയ്സ് കൂടുതൽ ആവേശകരമാക്കുന്ന വ്യത്യസ്തമായ നാല് സ്ഥലങ്ങൾ പരിചയപ്പെടാം.
ബാംഗ്ലൂർ റേജ് റൂം
സമ്മർദ്ദത്തിന്റെയോ കോപത്തിന്റെയോ ഒക്കെ അവസാനം കൈയ്യിൽ കിട്ടുന്നതെല്ലാം എറിഞ്ഞുടക്കാനോ മുന്നിൽ കാണുന്നതെല്ലാം തല്ലി തകർക്കാനോ തോന്നാറുണ്ടോ ? ബെംഗളൂരു അതിനൊരു അവസരം നൽകും. ബെംഗളൂരു ബസവനഗുഡിയിലാണ് ഈ റേജ് റൂം സ്ഥിതി ചെയ്യുന്നത്. ഇവിടം സന്ദർശിച്ചാൽ നിങ്ങൾ സ്ഫടിക പത്രങ്ങളും ബിയർ കുപ്പികളും എറിഞ്ഞുടക്കാം, അടിച്ചു തകർക്കാം. ഉടയ്ക്കുന്ന വസ്തുകൾ നാം തന്നെ വൃത്തിയാക്കേണ്ടതില്ല എന്നതാണ് ഇവിടെ ഏറ്റവും ആശ്വാസകരമായ കാര്യം.
സെൻട്രൽ ജെയിൽ റെസ്റ്റോറെന്റ്
ക്രിയേറ്റീവ് റെസ്‌റ്റോറന്റുകളുടെയും ഔട്ട്-ഓഫ്-ദി-ബോക്‌സ് സ്റ്റാർട്ടപ്പ് ആശയങ്ങളുടെയും കേന്ദ്രമാണ് ബെംഗളൂരു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരമൊരിടമാണ് എച്ച് ആർ എസ് ലെഔട്ടിലെ സെൻട്രൽ ജെയിൽ റെസ്റ്റോറെന്റ്. ഈ റെസ്റ്റോറെന്റ് ജെയിൽ എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. റെസ്റ്റോറന്റിന്റെ ഉൾവശം ഒന്നിലധികം സെല്ലുകളുള്ള ഒരു ജയിലിനോട് സമമാണ്. ജയിൽ അന്തരീക്ഷത്തിൽ വ്യത്യസ്തമായൊരു മൂഡിൽ ഇരുന്ന് ഭക്ഷണം കഴിക്കാം.

സാൾട്ട് വേൾഡ്
ബെംഗളൂരു എച്ച് എസ് ആർ ലെഔട്ടിൽ സ്ഥിതി ചെയ്യുന്ന സാൾട്ട് വേൾഡ് പ്രകൃതിദത്തവും ഫലപ്രദവുമായ തെറാപ്പികൾക്കുള്ള സൗകര്യമൊരുക്കുന്നു. സാൾട്ട് തെറാപ്പി (ഹാലോതെറാപ്പി), ഫ്ലോട്ട് തെറാപ്പി (സെൻസറി ഡിപ്രിവേഷൻ) എന്നിവയ്ക്കുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. സാൾട്ട് തെറാപ്പി വിവിധ ശ്വാസകോശ, ചർമ്മ അവസ്ഥകൾക്ക് പരിഹാരം നൽകുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഫ്ലോട്ട് തെറാപ്പി (REST - Reduced Environmental Stimulus Therapy) സെൻസറി ഡിപ്രിവേഷൻ ടാങ്ക് വഴി സീറോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ പൂർണ്ണമായ വിശ്രമം നൽകുന്നു.
ഇന്ത്യൻ മ്യൂസിക് എക്സ്പീരിയൻസ് മ്യൂസിയം
സംഗീതാസ്വാദർകർക്ക് വ്യത്യസ്തമായൊരു അനുഭവം ഒരുക്കുന്നിടമാണ് ഇന്ത്യൻ മ്യൂസിക് എക്സ്പീരിയൻസ് മ്യൂസിയം. ജെ പി നഗറിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിലെത്തിയാൽ വ്യത്യസ്ത മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ് പരിചയപ്പെടാം. സംഗീതം ആസ്വദിക്കാം. ഇന്ത്യയിലെ ഏക ഇന്ററാക്ടീവ് മ്യൂസിക് മ്യൂസിയമാണിത്. അന്താരാഷ്‌ട്ര തലത്തിൽ രൂപകൽപ്പന ചെയ്‌ത 9 എക്‌സിബിറ്റ് ഗാലറികൾ, സ്റ്റോറിബോർഡുകൾ, ആർട്ടിഫാക്‌റ്റുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ ഭാഷകളിലും സംഗീതം ശ്രവിക്കുകയും സംഗീത ഇൻസ്റ്റാളേഷനുകൾ പരിശോധിക്കുകയും ചെയ്യാൻ സാധിക്കും.












Click it and Unblock the Notifications