ഹോളി അവധിക്ക് അന്താരാഷ്ട്ര യാത്ര പോയാലോ? വിസയെ പേടിക്കേണ്ട, പോക്കറ്റും കാലിയാകില്ല!
ഹോളി ആഘോഷത്തിന്റെ ഭാഗമായി ഒരു നീണ്ട അവധിക്കാലം വരാനിരിക്കുകയാണ്. ഈ അവധിക്കാലത്ത് ഒരു അന്താരാഷ്ട്ര യാത്ര പ്ലാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കി ഒരു ചെറിയ വിമാന യാത്രയായാലോ? വിസയുടെ സങ്കീര്‍ണതകളില്ലാത്തതും ബജറ്റ് ഫ്രണ്ട്‌ലിയുമായ ഈ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് ശാന്തമായ ഒരു യാത്ര സമ്മാനിക്കും എന്നുറപ്പാണ്.
മാര്‍ച്ച് 14 മുതല്‍ 16 വരെയാണ് ഹോളി വാരാന്ത്യ അവധി വരുന്നത്. ഈ കുറഞ്ഞ ദിവസങ്ങളില്‍ പോക്കറ്റ് കാലിയാകാതെ പോയി വരാനുള്ള അന്താരാഷ്ട്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇന്ത്യയില്‍ നിന്ന് പെട്ടെന്നുള്ള യാത്രയ്ക്ക് അനുയോജ്യമായ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

ശ്രീലങ്ക
ഇന്ത്യയില്‍ നിന്ന് ഒരു ചെറിയ വിമാനയാത്രയാണ് ഈ ദ്വീപ് രാഷ്ട്രത്തിലേക്കുള്ളത്. ബെന്റോട്ടയിലെയോ മിരിസയിലെയോ സുവര്‍ണ്ണ ബീച്ചുകളില്‍ വിശ്രമിക്കാനും, നുവാര ഏലിയയിലെ മൂടല്‍മഞ്ഞുള്ള കുന്നുകളില്‍ സാഹസിക ട്രക്കിംഗ് നടത്താനും സഞ്ചാരികളെ കാത്തിരിക്കുകയാണ് ശ്രീലങ്ക. കൊളംബോയുടെ തിരക്കേറിയ നൈറ്റ് ലൈഫും ആകര്‍ഷണീയമാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇവിടെ വിസ ഓണ്‍ അറൈവല്‍ ലഭിക്കും.
സിംഗപ്പൂര്‍
ഒട്ടനവധി അത്ഭുതകാഴ്ചകള്‍ ഒളിപ്പിച്ചിരിക്കുന്ന സ്ഥലമാണ് സിംഗപ്പൂര്‍. മറീന ബേ സാന്‍ഡ്സിലെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ മുതല്‍ ഗാര്‍ഡന്‍സ് ബൈ ദി ബേയിലെ ഫ്യൂച്ചറിസ്റ്റിക് സൂപ്പര്‍ട്രീ ഗ്രോവ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ വ്യത്യസ്ത തരം ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എങ്കില്‍ ഹോക്കര്‍ സെന്ററുകളില്‍ ലക്‌സ, ചില്ലി ക്രാബ്, ഹൈനാനീസ് ചിക്കന്‍ റൈസ് എന്നിവ ആസ്വദിക്കാം.
മലേഷ്യ
മലേഷ്യ വൈവിധ്യങ്ങളുടെ നാടാണ് പെട്രോനാസ് ടവര്‍, ലങ്കാവി ബീച്ച് എന്നിവയ്‌ക്കൊപ്പം പെനാങ്ങിലെ സ്ട്രീറ്റ് ഫുഡും സഞ്ചാരികളുടെ മനം കവരും. തേയിലത്തോട്ടങ്ങളുടെ സുന്ദര കാഴ്ചകള്‍ കാണണമെങ്കിലും ഫ്രഷ് സ്‌ട്രോബറികള്‍ ലഭിക്കുന്നതിനും കാമറൂണ്‍ ഹൈലാന്‍ഡ്‌സിലേക്ക് പോകാം. ഇവിടേക്കുള്ള വിസ നടപടികള്‍ വളരെ ലളിതമാണ്. ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചോ ഓണ്‍ അറൈവല്‍ വിസ നേടിയോ മലേഷ്യന്‍ കാഴ്ചകള്‍ കാണാം.
ഇന്തോനേഷ്യ
മികച്ച പ്ലാനിംഗോട് കൂടി സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണ് ഇന്തോനേഷ്യ. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും എന്നതിനാല്‍ സങ്കീര്‍ണമായ വിസ നടപടികളുടെ പിറകെ പോയി സമയം കളയേണ്ടതില്ല എന്നതാണ് ഏറ്റവും മികച്ച ഓപ്ഷന്‍. ബാലിയിലേക്ക് യാത്ര പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ സിംഗപ്പൂരില്‍ നിന്ന് ഒരു ഫെറി സവാരി മാത്രം അകലെയുള്ള അത്ര അറിയപ്പെടാത്തതും എന്നാല്‍ മനോഹരവുമായ ദ്വീപായ ബറ്റാം പരീക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications