വെയിലില്‍ ചുട്ടുപൊള്ളേണ്ട... വേനലവധിക്കാലം അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലങ്ങളിതാ
ഉഷ്ണതരംഗത്തിന്റെ പിടിയിലാണ് കേരളം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടി വരികയാണ്. കൊടുംവേനല്‍ക്കാലത്തിന് മാര്‍ച്ചിലാണ് സാധാരണഗതിയില്‍ തുടക്കം കുറിക്കാറുള്ളത്. എന്നാല്‍ ഫെബ്രുവരിയില്‍ തന്നെ കനത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും വെന്തുരുകിയ നിലയിലാണ്.
മാര്‍ച്ചിന് ശേഷം വേനലവധി തുടങ്ങുകയാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ വേനലവധിയിലാണ് ദീര്‍ഘയാത്രകള്‍ പ്ലാന്‍ ചെയ്യാറുള്ളത്. പൊള്ളുന്ന വെയിലില്‍ നിന്ന് മോചനം നേടിയുള്ള യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ കേരളത്തിന് പുറത്ത് ഈ വേനലവധിക്കാലത്ത് പോകാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെട്ടാലോ?

കൂര്‍ഗ്, കര്‍ണാടക
കേരളത്തിന്റെ ഏറ്റവും അടുത്ത് ഈ വേനലില്‍ പോകാന്‍ പറ്റാവുന്ന ടൂറിസ്റ്റ് സ്‌പോട്ടാണ് കൂര്‍ഗ്. 'ഇന്ത്യയുടെ സ്‌കോട്ട്ലന്‍ഡ്' എന്നറിയപ്പെടുന്ന കൂര്‍ഗ് പശ്ചിമഘട്ട മലനിരകളിലാണ് സ്ഥിതിചെയ്യുന്നത്. മഴയും മഞ്ഞും പെയ്തിറങ്ങുമ്പോഴാണ് കൂര്‍ഗ് അതിസുന്ദരിയാകുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1525 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഷിക വിനോദസഞ്ചാര കേന്ദ്രമാണ് കൂര്‍ഗ്.
വെള്ളച്ചാട്ടങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, കോട്ടകള്‍ എന്നിവയ്ക്ക് പേരുകേട്ട കൂര്‍ഗില്‍ ക്യാമ്പിങ്, ട്രെക്കിങ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് പോലുള്ള സാഹസിക വിനോദ സഞ്ചാരങ്ങളാണ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. താപനില 20-30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് എന്നതിനാല്‍ തന്നെ പൊള്ളുന്ന ചൂടിനെ പേടിക്കേണ്ടതില്ല.
ഡാര്‍ജിലിംഗ്, പശ്ചിമ ബംഗാള്‍
രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ഡാര്‍ജിലിംഗും തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ടതാണ്. വേനല്‍ക്കാലത്ത് പോലും ഇവിടെ താപനില 15-25 ഡിഗ്രി സെല്‍ഷ്യസ് മാത്രമെ ഉയരുകയുള്ളൂ എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ വേനലവധിക്കാലത്തെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷനാണ് ഇത്. ഹിമാലയന്‍ മലനിരകളില്‍ ആണ് ഡാര്‍ജിലിംഗ് സ്ഥിതി ചെയ്യുന്നത്. അപ്പോള്‍ പിന്നെ തണുപ്പിന്റെ കാര്യം പറയേണ്ടല്ലോ
ഷില്ലോംഗ്, മേഘാലയ
മഴയുടേയും മഞ്ഞിന്റേയും നാടായ ഷില്ലോംഗ് ആണ് അടുത്ത ഡെസ്റ്റിനേഷന്‍. 'കിഴക്കിന്റെ സ്‌കോട്ട്‌ലന്‍ഡ്' എന്നാണ് ഷില്ലോംഗ് അറിയപ്പെടുന്നത്. മനോഹരമായ ഭൂപ്രകൃതിക്കും മിതമായ കാലാവസ്ഥയ്ക്കും പേരുകേട്ട ഷില്ലോംഗ് ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ ഉരുണ്ട കുന്നുകള്‍ക്കിടയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. സ്‌കോട്ടിഷിലെ ഉയര്‍ന്ന പ്രദേശങ്ങളുമായി സാമ്യമുള്ളതിനാല്‍ ആണ് ഇതിനെ 'കിഴക്കിന്റെ സ്‌കോട്ട്‌ലന്‍ഡ്' എന്ന് വിളിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1,496 മീറ്റര്‍ ഉയരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത ഗോത്ര സംസ്‌കാരത്തിന്റെയും ആധുനിക ജീവിതശൈലിയുടെയും സവിശേഷമായ ഒരു മിശ്രിതമാണ് ഇവിടം പ്രദാനം ചെയ്യുന്നു. എലിഫന്റ് വെള്ളച്ചാട്ടം, ഷില്ലോംഗ്, കൊടുമുടി, വാര്‍ഡ്‌സ് തടാകം, ലേഡി ഹൈദാരി പാര്‍ക്ക് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.












Click it and Unblock the Notifications